ADVERTISEMENT

കരുനാഗപ്പള്ളി ∙ കേരളം അടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ലഹരിമരുന്നുകൾ മൊത്തമായി വിതരണം ചെയ്യുന്ന രാജ്യാന്തര ലഹരിമരുന്നു മാഫിയയിലെ മുഖ്യ കണ്ണിയായ ഘാന സ്വദേശി ക്രിസ്റ്റ്യൻ യുഡോയെ (28) ബെംഗളൂരുവിൽ നിന്ന് 52 ഗ്രാം എംഡിഎംഎയുമായി കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാഴ്ച മുൻപ് കൊല്ലം സ്വദേശിയായ അജിത് എന്ന യുവാവിനെ 52 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു അജിത്തുമായി ബാംഗ്ലൂരിൽ നടത്തിയ അന്വേഷണത്തിൽ പാലക്കാട് സ്വദേശി അൻവറും അറസ്റ്റിലായിരുന്നു. 

അൻവറിനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ ഘാനയിലെ ബാബജാൺ എന്ന പേരിൽ അറിയപ്പെടുന്നയാളാണ് ലഹരിമരുന്നുകളുടെ ഇടനിലക്കാരനെന്നു മനസ്സിലായി.ഇയാളെ അറസ്റ്റ് ചെയ്യാൻ കരുനാഗപ്പള്ളി എസ്എച്ച്ഒ ജി.ഗോപകുമാർ, എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ജിമ്മി ജോസ്, ശരത് ചന്ദ്രൻ, എഎസ്ഐമാരായ ഷാജിമോൻ,നന്ദകുമാർ, എസ്‍സിപിഒമാരായ രാജീവ്, സാജൻ എന്നിവരടങ്ങിയ സംഘം ബാംഗ്ലൂരിലെത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസിപി വി.എസ്.പ്രദീപ് കുമാറാണു പൊലീസ് സംഘത്തിന്റെ ബാംഗ്ലൂരിലെ പ്രവർ‍ത്തനങ്ങൾ ഏകോപിപ്പിച്ചത്.

അറസ്റ്റിലായ ഘാന സ്വദേശിയുടെ ഫോൺ പരിശോധനയിൽ ഇയാൾ ഒരു മാസം കേരളത്തിലേക്കു കുറഞ്ഞത് 50 ലക്ഷം രൂപയുടെ എംഡിഎംഎ കച്ചവടം നടത്തുന്നുവെന്നാണ് മനസ്സിലായതെന്നു പൊലീസ് പറഞ്ഞു.ഇയാൾ സ്റ്റുഡന്റ് വിസയിലാണ് രാജ്യത്തെത്തിയത്.  2 മാസത്തിനിടയിൽ കരുനാഗപ്പള്ളി പൊലീസ് പിടിക്കുന്ന പത്താമത്തെ എംഡിഎംഎ കേസാണിത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com