ADVERTISEMENT

കൊല്ലം ∙ കലക്ടറേറ്റ് വളപ്പിൽ ബോംബ് സ്ഫോടനം നടത്തിയ കേസിലെ പ്രതികളായ തമിഴ്നാട് സ്വദേശികളായ ബേസ് മൂവ്മെന്റ് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് നീട്ടി. കർണാടക പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന മധുര സ്വദേശികളായ അബ്ബാസ് അലി (32), ഷംസൂൺ കരീം രാജ (27), ദാവൂദ് സുലൈമാൻ (27), ഷംസുദീൻ (28) എന്നിവരുടെ റിമാൻഡ് ആണ് നീട്ടിയത്. നാലാം പ്രതി ഷംസുദീൻ ജാമ്യാപേക്ഷ സമർപ്പിച്ചു.

പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിട്ടുള്ളതിനാൽ കേസ് പ്രിൻസിപ്പൽ സെഷൻസ് പ്രത്യേക കോടതിയിലേക്കു മാറ്റിയിരുന്നു. പ്രതികളെ ഇന്നലെ ഈ കോടതിയിലാണ് ഹാജരാക്കിയത്. നാലാം പ്രതിയുടെ ജാമ്യാപേക്ഷ 30നു പരിഗണിക്കും. കേസ് എൻഐഎ കോടതിയിലേക്കു കൈമാറാൻ കഴിയുമോ എന്നു കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. പ്രതികൾക്കെതിരെയുള്ള മറ്റു കേസുകളുടെ വിവരം തേടിയ ശേഷം ഇതു സംബന്ധിച്ചു കോടതിക്കു റിപ്പോർട്ട് നൽകാമെന്നു പ്രോസിക്യൂഷൻ അറിയിച്ചു.

പ്രത്യേക വാനിൽ അതീവ സുരക്ഷയിലാണ് പ്രതികളെ കൊല്ലത്തു കൊണ്ടുവന്നത്. കോടതി നടപടി പൂർത്തിയാക്കി പ്രതികളെ മടക്കിക്കൊണ്ടുപോയി. കുറച്ചുകാലമായി വിഡിയോ കോൺഫറൻസ് വഴി മാത്രം നടപടികൾ സ്വീകരിക്കുകയും പ്രതികളെ ഹാജരാക്കാതിരിക്കുകയും ചെയ്തതിനാലാണ് ഇന്നലെ നേരിട്ടു ഹാജരാക്കിയത്. 2016 ജൂൺ 15നു രാവിലെ 10.50നു ആയിരുന്നു ബോംബ് സ്ഫോടനം.

തൊഴിൽ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിൽ പാത്രത്തിൽ ആക്കിയാണ് ബോംബ് വച്ചത്. ഒരാൾക്ക് നിസ്സാര പരുക്കേറ്റു. കോടതി തുടങ്ങുന്നതിനു  കുറച്ചു സമയം മുൻപായിരുന്നു സ്ഫോടനം. കൊല്ലം വെസ്റ്റ് പൊലീസ് ആണ് കേസ് അന്വേഷിച്ചത്. 2017 സെപ്റ്റംബർ 8ന്  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ 90 സാക്ഷികളുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന (120– ബി), കൊലപാതക ശ്രമം (307), പരുക്കേൽപിക്കൽ (324), നാശനഷ്ടം വരുത്തൽ  (407) എന്നിവയ്ക്കു പുറമേ സ്ഫോടക വസ്തുനിയമവും യുഎപിഎ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി. പ്രോസിക്യൂഷനു വേണ്ടി  അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി. ആദ്യ മൂന്നു പ്രതികൾക്കു വേണ്ടി ഹാജരായത് ലീഗൽ സർവീസ് അതോറിറ്റിയുടെ അഭിഭാഷകരാണ്.

ഒറ്റയ്ക്കു വന്നു, ബോംബ് വച്ചു മടങ്ങി

തെങ്കാശിയിൽ നിന്നു ബോംബുമായി കെഎസ്ആർടിസി ബസിൽ കൊല്ലത്തെത്തിയ രണ്ടാം പ്രതി ഷംസൂൺ കരീം രാജയാണ് ബോംബു വച്ചത്. കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഓട്ടോറിക്ഷയിൽ ആണ് കലക്ടറേറ്റിനു മുന്നിൽ എത്തിയത്. ആന്ധ്രയിൽ നിന്നാണ് ബോംബ്  മധുരയിൽ എത്തിച്ചത്. ബോംബ് സ്ഫോടനത്തിന് ഒരാഴ്ച മുൻപു കരീം രാജ കൊല്ലത്തെത്തി കലക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വിഡിയോകളും മൊബൈലിൽ പകർത്തിയിരുന്നു.

ചിത്രങ്ങളുമായി മധുരയിൽ മടങ്ങി എത്തിയാണ് മറ്റു പ്രതികളുമായി ചേർന്നു  സ്ഫോടനം ആസൂത്രണം ചെയ്തത്. പിന്നീട് മലപ്പുറം കലക്ടറേറ്റിലും സ്ഫോടനം നടത്തി. ആന്ധ്രയിലെ മൈസൂരു നെല്ലുർ, ആന്ധ്രയിലെ ചിറ്റൂർ എന്നിവിടങ്ങളിലും ഇതേ സംഘം സ്ഫോടനം നടത്തി. നെല്ലൂർ സ്ഫോടനത്തിന്റെ അന്വേഷണത്തിന് ഇടയിലാണ് ദേശീയ അന്വേഷണ ഏജൻസി ഏജൻസി പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതോടെയാണ് കൊല്ലം, മലപ്പുറം സ്ഫോടന കേസുകൾ തെളിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com