ADVERTISEMENT

കുളത്തൂപ്പുഴ∙ പൊതുമേഖലാ സ്ഥാപനമായ റിഹാബിലിറ്റേഷൻ പ്ലാന്റേഷന്റെ (ആർപിഎൽ) അഭയഗിരി ക്രംപ് റബർ ഫാക്ടറിയുടെ ആധുനികവൽക്കരണവുമായി ബന്ധപ്പെട്ടു റബർ കർഷകരിൽ നിന്നു നേരിട്ടു പാൽ ശേഖരിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. ആർപിഎല്ലിന്റെ അതിർത്തി മേഖലകളിലെ ചെറുകിട റബർ കർഷകരിൽ നിന്നും വലിയ കർഷകരിൽ നിന്നും പാൽ ശേഖരിക്കാനാണു ശ്രമം. റബർ കർഷകർക്കു മികച്ച വില ഉറപ്പാക്കി പാൽ സംഭരണ മേഖലയിലെ സ്വകാര്യ ഏജൻസികളെ നിയന്ത്രിക്കുകയെന്നതും ലക്ഷ്യം.

ആഭ്യന്തര റബർ ഉൽപാദനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആർപിഎൽ സ്ഥാപിതമായ 1972നു ശേഷം ആദ്യമായാണു റബർ കർഷകരിൽ നിന്നു നേരിട്ടു പാൽ ശേഖരിച്ചു വിപണന സാധ്യത കൂടുതൽ മുതലെടുക്കാനുള്ള പുതിയ പദ്ധതി. ആർപിഎല്ലിന്റെ അഭയഗിരി ഫാക്ടറിയിൽ 25 വർഷം പഴക്കമുള്ള സെൻട്രിഫ്യൂജ് മെഷീനുകൾ മാറ്റി അടുത്തിടെ പുതുതായി സ്ഥാപിച്ച 4 ആധുനിക സെൻട്രിഫ്യൂജ് മെഷീനിന്റെ അധിക ശേഷി പരമാവധി ഉപയോഗപ്പെടുത്താനായാണു തീരുമാനം.

റബർ പാലിന് ആകർഷകമായ വില ഉറപ്പു നൽകിയാണ് പുതിയ പദ്ധതി നടപ്പാക്കുകയെന്ന് ആർപിഎൽ എംഡി ഡോ.ആർ.അടലരസൻ പറഞ്ഞു. ആർപിഎല്ലിന്റെ തോട്ടത്തിൽ 30% ഭാഗത്തു മുറിച്ചു മാറ്റി പിന്നീടു നട്ട റബർ മരങ്ങൾ ടാപ്പിങ്ങിനു പരുവമാകാൻ 4 വർഷം കാത്തിരിക്കണം. ഇതുമൂലം ഉണ്ടാകുന്ന റബർ പാലിന്റെ ലഭ്യതക്കുറവ് പരിഹരിക്കുക, സ്വകാര്യ റബർ പാൽ ശേഖരണ ഏജൻസികൾ കർഷകർക്കു വിലകുറച്ചു നൽകുന്നതായ പരാതികൾ പരിഹരിക്കുക എന്നിവയാണു പുതിയ തീരുമാനത്തിനു പിന്നിൽ.

നിലവിൽ ടാപ്പിങ് നടക്കുന്ന തോട്ടങ്ങളിലെ ബ്ലോക്കുകളിൽ ആഭ്യന്തര ഉൽപാദനത്തിൽ കുറവു വന്നിട്ടില്ലെന്നു മാനേജർ ജയപ്രകാശ് പറഞ്ഞു. 250 ഹെക്ടറിൽ 6 യൂണിറ്റുകളാണു കുളത്തൂപ്പുഴ തോട്ടത്തിൽ. ആയിലനല്ലൂരിലാണു മറ്റൊരു തോട്ടം. ആർപിഎല്ലിന്റെ റബർ ഫാക്ടറി തൊട്ടടുത്തായിട്ടും ഇതിന്റെ ഗുണം റബർ കർഷകർക്കു ലഭിക്കുന്നില്ലെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കർഷകർക്കു മികച്ച വരുമാനവും ഉറപ്പു വരുത്താൻ പദ്ധതി സഹായിക്കുമെന്നാണു മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ.

കർഷകർക്കു റബർ പാൽ ആർപിഎല്ലിനു നൽകാൻ കുളത്തൂപ്പുഴ തോട്ടത്തിലെ 9447722119 (മാനേജർ), 9447711557 (ഡപ്യൂട്ടി മാനേജർ), 9846015506 (ഫാക്ടറി റബർ ടെക്നോളജിസ്റ്റ്) എന്നിവരുമായി ബന്ധപ്പെടണം. റബർ പാലിലെ ഡ്രൈ റബർ കണ്ടന്റ് (ഡിആർസി) പരിശോധിച്ച ശേഷമാകും വില നിശ്ചയിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com