ADVERTISEMENT

പത്തനാപുരം∙ മലയോര നിവാസികൾക്ക് ഉറപ്പുകൾ മാത്രം മതി, നടപടി വേണ്ട! ഒരു തവണ നേരിട്ടും മൂന്നു തവണ അല്ലാതെയും മന്ത്രി നൽകിയ ഉറപ്പു പോലും നടപ്പാകാതെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ നിയമനം നീളുന്നു. 9 തസ്തികയുള്ള ആശുപത്രിയിൽ മുഴുവൻ ഡോക്ടർമാരെയും നിയമിച്ച് 24 മണിക്കൂർ സേവനം ഉറപ്പാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർക്കാണ് മന്ത്രി വീണാ ജോർജും മന്ത്രിയുടെ ഓഫിസും ഉറപ്പു നൽകിയിരുന്നത്. ഇക്കാര്യം ഡിഎംഒയോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും ഡോക്ടർമാർ മാത്രം എത്തിയില്ല.

20 മുതൽ നാൽപത് കിമീ വരെ ദൂരത്തിലുളള സ്ഥലങ്ങളിലുള്ളവരുടെ ഏക ആശ്രയമാണ് പത്തനാപുരം താലൂക്ക് ആശുപത്രി. പദവി ഉയർത്തി അഞ്ചു വർഷം കഴിഞ്ഞിട്ടും നടപടിയില്ലാത്തത് പ്രദേശവാസികളിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മന്ത്രി ഇടപെട്ടിട്ടും ഡോക്ടർമാരെ അനുവദിക്കാത്തതിനു പിന്നിൽ ശക്തമായ ഇടപെടൽ ഉണ്ടെന്ന സൂചനയും ഇതോടെ ശക്തമായി. മുഴുവൻ സമയ പ്രവർത്തനത്തിനു തങ്ങൾ തടസ്സമല്ലെന്നു ഡോക്ടർമാരുടെ സംഘടനയും ആശുപത്രി ജീവനക്കാരും ആണയിടുന്നു. എങ്കിൽ പിന്നെ ആരെന്ന ചോദ്യമാണ് നാട്ടുകാരെ വലയ്ക്കുന്നത്.

ആശുപത്രിയുടെ ചുമതലയുള്ള, എൽഡിഎഫ് ഭരണത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും ഇതോടെ വെട്ടിലായി. സിപിഎമ്മിന്റെ പ്രധാന നേതാക്കൾ ഉൾപ്പെടുന്ന ഭരണസമിതി അംഗങ്ങൾ നേരിട്ടു മന്ത്രിയെ കണ്ടാണ് ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ഉയർത്തിയത്. ഇനി മന്ത്രിയെ കാണാനില്ലെന്നും പാർട്ടി ഇടപെടട്ടെയെന്നുമാണ് ബ്ലോക്ക് അധികൃതരുടെ നിലപാട്. 

24 മണിക്കൂറും സേവനം ലഭ്യമാക്കൽ; ഓഫിസ് ഒപിയാക്കും 

നിലവിൽ ആശുപത്രിയുടെ ഓഫിസായി പ്രവർത്തിക്കുന്ന കെട്ടിടം ഒപി കേന്ദ്രമാക്കാൻ തീരുമാനം. 24 മണിക്കൂർ സേവനം നടപ്പാക്കുമ്പോൾ കൂടുതൽ രോഗികളെ ഉൾക്കൊള്ളേണ്ടി വരുമെന്ന നിഗമനത്തിലാണ് പുതിയ തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലിയുടെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലാണ് തീരുമാനമായത്. ഓഫിസ് മുകൾ നിലയിലേക്ക് മാറ്റുമ്പോൾ അവിടെ മറ്റു സൗകര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇതിനുള്ള നടപടി ഉടൻ ഉണ്ടാകും.

ആശുപത്രിയിലേക്ക് താൽക്കാലികമായി ഒരു ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പദ്ധതിക്ക് ഉടൻ അംഗീകാരം ലഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു. അനുമതി ലഭിച്ചാലുടൻ രാത്രി സേവനം ഉറപ്പാക്കാനാണ് ശ്രമം. ബ്ലോക്ക് വൈ.പ്രസിഡന്റ് ആർ.ആരോമലുണ്ണി, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ഡോക്ടർമാർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com