ADVERTISEMENT

പത്തു വർഷം മുൻപ് പതിനേഴാം വയസ്സിൽ കൊല്ലത്ത് എത്തുമ്പോൾ അബ്ദു റഹ്മാന്റെ തോളത്ത് കത്തി രാകുന്ന ഒരു ചവിട്ടു ചാണയുണ്ടായിരുന്നു,  സൈക്കിൾ ചക്രം ഘടിപ്പിച്ച് കാലു കൊണ്ടു ചവിട്ടിക്കറക്കുന്ന സാധാരണ ചവിട്ടു ചാണ. പക്ഷേ കാലം മാറിയപ്പോൾ കുലത്തൊഴിൽ ഒന്നു കൂടി രാകി മിനുക്കണമെന്നു തോന്നി അബ്ദുവിന്. അങ്ങനെയാണ് പരമ്പരാഗത ഉപകരണത്തിനു പകരം മോട്ടർ സൈക്കിളിൽ ഘടിപ്പിച്ച യന്ത്രച്ചാണയുമായി കത്തി രാകലിനും ഒരു ഹൈടെക്  മുഖം നൽകാൻ അബ്ദു തീരുമാനിച്ചത്.   

 തമിഴ്നാട്ടിലെ തിരുത്തണിയാണ് അബ്ദു റഹ്മാന്റെ സ്ഥലം. ഗ്രാമത്തിലെ എല്ലാവരുടെയും കുലത്തൊഴിൽ കത്തി രാകലാണ്. ഉപജീവനം ഇങ്ങു കേരളത്തിലും. ഇക്കൂട്ടത്തിൽ നാൽപതിലേറെ പേർ കൊല്ലത്തു മാത്രമുണ്ടെന്ന് അബ്ദു സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ യന്ത്രം ഘടിപ്പിച്ച മോട്ടർ സൈക്കിളുമായി വീടുകളിലെത്തി കത്തി രാകുന്നത് താൻ മാത്രമാണെന്നാണ് അബ്ദുവിന്റെ അവകാശ വാദം.

കത്തി രാകാനുണ്ടോ എന്നു ഉറക്കെ വിളിച്ചു ചോദിക്കുകയും വേണ്ട. മോട്ടർ സൈക്കിളിന്റെ മുൻപിൽ ഘടിപ്പിച്ച സ്പീക്കർ ആ ജോലി ചെയ്തുകൊള്ളും. വാഹനത്തിന്റെ പിൻഭാഗത്ത് സെറ്റ് ചെയ്തിരിക്കുന്ന പെട്രോൾ എൻജിനാണ് രാകൽ യന്തിരൻ. യന്ത്രത്തിനും വാഹനത്തിനുമായി ദിവസം 300 രൂപയുടെ പെട്രോൾ വേണം.

ശരാശരി 1500 രൂപയിൽ കുറയാതെ ദിവസ വരുമാനമുണ്ട്. ന്യായമല്ലാത്ത കൂലി വാങ്ങാറില്ല. ഇരവിപുരത്താണ് താമസം. ജില്ലയുടെ മിക്ക ഭാഗങ്ങളിലും അബ്ദുവിന്റെ മോട്ടർ സൈക്കിൾ എത്താറുണ്ട്. പ്രതീക്ഷിച്ചിരിക്കുന്ന വീട്ടുകാരുമുണ്ട്. ആളെ  കണ്ടില്ലെങ്കിൽ അവർ വിളിക്കും. 10 വർഷം കൊണ്ടുണ്ടാക്കിയ ബന്ധങ്ങളും രാകി മിനുക്കി തന്നെയാണ് സൂക്ഷിക്കുന്നതെന്ന് അബ്ദു പറയുന്നു.       ഫോൺ : 6383947935.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com