ADVERTISEMENT

കൊല്ലം∙ ജില്ലയിൽ കോവിഡ് വ്യാപിക്കുന്നു. ഇന്നലെ മാത്രം 428 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തിനിടയിൽ 6 പേർ കോവിഡ് ബാധിച്ചു മരിച്ചു. വയോധികരും മറ്റു രോഗങ്ങൾക്കു ചികിത്സയിൽ കഴിഞ്ഞിരുന്നവരുമാണു മരിച്ചവരിൽ      ഭൂരിഭാഗവും. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്നവരും ഉണ്ട്. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇന്നു  ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ഉണ്ടാകും. 60 വയസ്സിനു മുകളിലുള്ളവർക്കു വാക്സീൻ എടുക്കാം. ജീവിത ശൈലി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർക്കും പ്രത്യേക പരിഗണന നൽകാൻ ജില്ലാ മെഡിക്കൽ ഓഫിസ് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ശനിയാഴ്ചകളിൽ വാക്സീൻ നൽകും. അധ്യാപകർ ബൂസ്റ്റർ ഡോസ് വൈകിപ്പിക്കരുത്. പ്രതിരോധ നടപടിയുടെ ഭാഗമായി സാംപിൾ പരിശോധന വർധിപ്പിച്ചു. ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ചികിത്സ തേടുന്ന പനി ബാധിതരുടെ സാംപിൾ പരിശോധിക്കും. ആശുപത്രികളിൽ പനി വാർഡുകൾ തുടങ്ങി. യോഗങ്ങൾ ഓൺ ലൈനിലേക്കു മാറ്റിത്തുടങ്ങി.

ഡെങ്കിപ്പനി പടരുന്നു

ജില്ലയിൽ ഡെങ്കിപ്പനി വർധിക്കുന്നു. മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ ഡെങ്കിപ്പനി ബാധിച്ചു കഴിഞ്ഞ ദിവസം ഒരാൾ മരിച്ചു. തീരദേശ മേഖല, പട്ടത്താനം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതൽ. 

ജില്ലയിൽ 126 പേർക്ക് ഈ വർഷം ഡെങ്കിപ്പനി സ്ഥിരീകരിച്ചു..ആറും മാസം പിന്നിട്ടപ്പോൾ തന്നെ  കഴിഞ്ഞ വർഷത്തെക്കാ‍ൾ ഡെങ്കിപ്പനി ബാധിതർ കൂടി. കഴിഞ്ഞ വർഷം ആകെ114 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. നേരത്തെ ഡെങ്കിപ്പനി ബാധിച്ചവർക്കു വീണ്ടും രോഗം പിടിപെട്ടാൽ സ്ഥിതി ഗുരുതരമാകും.ടയറുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കുന്നതു കൊതുകുകൾ വർധിക്കുന്നതിനും ഡെങ്കിപ്പനി വ്യാപിക്കുന്നതിനു കാരണമാകുന്നു.

ഒഴുക്കു നിലച്ച കൊല്ലം തോടും കൊതുകു വളർത്തൽ കേന്ദ്രമായി മാറി. തോട്ടിൽ ഉപ്പുവെള്ളം കയറിയിറങ്ങാൻ സാഹചര്യം ഉണ്ടായാൽ കൊതുക് പെരുകുന്നത് നിയന്ത്രിക്കാനാകും. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തമാക്കി. ബോധവൽക്കരണ പരിപാടികളും ആരംഭിച്ചു. കൊല്ലം കോർപറേഷനും പ്രതിരോധ നടപടികൾ ശക്തമാക്കി. തക്കാളിപ്പനി ബാധ കുറഞ്ഞു വരികയാണ്. എലിപ്പനിയും കാര്യമായ ഭീഷണി ഉയർത്തുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com