ADVERTISEMENT

കൊല്ലം∙ പ്രതിരോധ കുത്തിവയ്പ്  എടുത്തതിലെ പിഴവ് മൂലം 10 വയസ്സുകാരിയുടെ കയ്യിൽ ശസ്ത്രക്രിയ നടത്തേണ്ടി വന്ന സംഭവത്തിൽ നീതി നിഷേധമെന്ന ആരോപണവുമായി മാതാപിതാക്കൾ. ജില്ല മെഡിക്കൽ ഓഫിസർക്ക് നൽകിയ പരാതിയിൻമേൽ അന്വേഷണത്തിനായി കഴിഞ്ഞ 16ന് മെഡിക്കൽ സംഘം മൊഴിയെടുത്തെങ്കിലും ആരോഗ്യപ്രവർത്തകരുടെ വിശദീകരണമോ മറ്റ് നടപടികളോ ഇതുവരെ കുടുംബത്തെ അറിയിച്ചിട്ടില്ല. ഡിഎംഒയുടെ റിപ്പോർട്ട് ലഭിക്കാത്തതിനാൽ നടപടിയെടുക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നതെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നൽകിയ പരാതിയിലും നടപടിയില്ലെന്നും മാതാപിതാക്കൾ പറയുന്നു.

7 ന് നെടുമ്പന പഞ്ചായത്തിലെ പള്ളിമൺ വട്ടവിള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 10–ാം വയസ്സിലെ പ്രതിരോധ കുത്തിവയ്പെടുത്ത പള്ളിമൺ തെക്കുംഭാഗം തുമ്പറ പണയിൽ ആഷിക്കാ മൻസിലിൽ അമീർഖാൻ-സുൽഫത്ത് ദമ്പതികളുടെ മകൾ ആഷിക്കയാണ് അണുബാധയെ തുടർന്ന് ദുരിതത്തിലായത്.

കുത്തിവയ്പെടുത്ത ഇടതു കയ്യിൽ തടിപ്പും നീരും വേദനയും ഉണ്ടായതിനെ തുടർന്ന് രണ്ട് ദിവസത്തിന് ശേഷം ജില്ല ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ കൈ മുറിച്ചുമാറ്റേണ്ടിവരുമെന്ന സ്ഥിതിയിലാണെന്ന് കണ്ടെത്തുന്നത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി 17 ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടിവന്നു.

ആരോഗ്യ കേന്ദ്രത്തിൽ കുത്തിവയ്പ് എടുത്ത നഴ്സ്  , മേൽനോട്ടം വഹിച്ച ഹെഡ് നഴ്സ്  എന്നിവരുടെ ഭാഗത്ത് നിന്ന് തുടക്കം മുതലുള്ള പിഴവാണ് കുട്ടിയുടെ അവസ്ഥയ്ക്ക് കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. ആദ്യം മുതൽ കുട്ടിയുടെ അവസ്ഥ വ്യക്തമായി അറിയിച്ചിട്ടും നിസാരവൽക്കരിക്കുകയും മാതാപിതാക്കളെ പഴി ചാരുകയുമാണ് ഉണ്ടായത്. അവസ്ഥ രൂക്ഷമായപ്പോൾ സ്വകാര്യ മെഡിക്കൽ കോളജിൽ പോകാൻ നിർബന്ധിക്കുകയും ബിൽ തുക മുഴുവൻ നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. 

എന്നാൽ പിന്നീട് ഇവർ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. ഒന്നര ലക്ഷത്തോളം രൂപയാണ് കുടുംബത്തിന് ചെലവായത്. സ് കൂളിൽ പോലും പോകാൻ കഴിയാതെ കുട്ടി ഇപ്പോഴും വീട്ടിൽ വേദന സഹിച്ച് കഴിയുകയാണ് . അടിയന്തരമായി നടപടിയുണ്ടായില്ലെങ്കിൽ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ഫൈസൽ കുളപ്പാടം, സുരേഷ് ബാബു എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com