ADVERTISEMENT

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ഇന്നു മുതൽ നിരോധനം

കൊല്ലം∙ തുണി സഞ്ചിയും കടലാസ് കവറുകളും ശീലമാക്കാം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് ഇന്നു മുതൽ നിരോധനം.ചെവി വൃത്തിയാക്കുന്നതിനു ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തണ്ടുള്ള ബഡ്സും മിഠായി സ്റ്റിക്കും മുതൽ അര ലീറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ വരെ നിരോധന പട്ടികയിൽ ഉണ്ട്. ഐസ് ക്രീം കഴിക്കാ‍ൻ ഇനി പ്ലാസ്റ്റിക് സ്പൂൺ ഉണ്ടാകില്ല.

കേന്ദ്രം നിരോധിച്ചവയ്ക്കു പുറമെ സംസ്ഥാന പരിസ്ഥിതി വകുപ്പ് ഇറക്കിയ ഉത്തരവിലുള്ളതും നിരോധിച്ചവയിൽപെടുന്നു. ഭക്ഷണശാലകൾ, പഴക്കടകൾ, തട്ടുകടകൾ തുടങ്ങി സൂപ്പർ മാർക്കറ്റുകളിൽ വരെ തദ്ദേശ സ്ഥാപനങ്ങൾ പരിശോധന നടത്തും. ഒപ്പം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികളും തുടങ്ങും. ഇപ്പോൾ കൈവശമിരിക്കുന്നവ ഹരിത കർമ സേനകൾ മുഖേന നിർമാർജനം ചെയ്യുന്നതിനു അവസരം നൽകാനാണു നീക്കം.

അതേ സമയം വ്യാപാരികളും ഹോട്ടൽ ഉടമകളും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. കോവിഡിനെ തുടർന്നു പാക്കറ്റ് ഭക്ഷണ വിൽപന കുത്തനെ ഉയർന്നിരുന്നു. പേപ്പർ കപ്പുകളും ഭക്ഷണം പൊതിയുന്നതിനുള്ള നിശ്ചിത മൈക്രോണിൽ താഴെയുള്ള സിൽവർ പൗച്ചുകൾ തുടങ്ങിയവയുടെ നിരോധനം പ്രതിസന്ധി ഉണ്ടാക്കും. കറി പൊതിഞ്ഞു നൽകാൻ കഴിയാതെ വരുന്നതോടെ പാക്കറ്റ് ഭക്ഷണ വിതരണം നിർത്തേണ്ടി വരും. പാള കൊണ്ടുള്ള പ്ലേറ്റുകൾ, തടി സ്പൂൺ തുടങ്ങിയവയിൽ പെട്ടെന്നു ഫംഗസ് ബാധ ഉണ്ടാകുമെന്നും വ്യാപാരികൾ പറയുന്നു.

നിരോധിച്ചവ

മിഠായി സ്റ്റിക്, ചെവി വൃത്തിയാക്കുന്ന ബഡ്സിലെ സ്റ്റിക്, ഐസ് ക്രീം സ്റ്റിക്, മധുര പലഹാരം, ക്ഷണക്കത്തുകൾ സിഗരറ്റ് പാക്കറ്റുകൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചവയാണ്. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ (നോൺ വൂവൻ ഉൾപ്പെടെ) പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ, മേശവിരിപ്പുകൾ, പ്ലേറ്റ്, ടംബ്ലർ, കപ്പ്, തെർമോക്കോൾ, സ്റ്റൈറോഫോം പ്ലേറ്റും ടംബ്ലറും, പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക്, സ്ട്രോ, സ്റ്റീൽ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലേറ്റ്, ബൗൾ, ഇല, ബാഗ്, പ്ലാസ്റ്റിക് കൊടി തോരണം, പിവിസി ഫ്ലെക്സുകൾ, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിയസ്റ്റർ, നൈലോൺ, കൊറിയൻ തുണി ബാനറുകൾ, ,കുടിവെള്ള പൗച്ചുകൾ, ബ്രാൻഡ് ചെയ്യാത്ത ജൂസ് പായ്ക്കറ്റ് എന്നിവ സംസ്ഥാന സർക്കാർ നിരോധിച്ചിട്ടുണ്ട്. മിഠായി പെട്ടികൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പായ്ക്കറ്റ് എന്നിവയ്ക്കു മുകളിലെ പ്ലാസ്റ്റിക് ആവരണം, പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റുകളും ബലൂ‍ൺ, മിഠായി, ഐസ്ക്രീം എന്നിവയ്ക്കുള്ള പ്ലാസ്റ്റിക്കും നിരോധിച്ചു.

തിരിച്ചയയ്ക്കുന്നു

നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ മൊത്ത വ്യാപാരികൾ ഉൽപാദന സ്ഥാപനങ്ങളിലേക്ക് തിരിച്ചയച്ചു തുടങ്ങി. ഇവ അധികൃതർ പിടിച്ചെടുത്തു പിഴ ഈടാക്കുന്നത് ഒഴിവാക്കാനാണ് തിരിച്ചയയ്ക്കുന്നത്. മിക്ക സ്ഥാപനങ്ങളും സ്റ്റോക്ക് തിരിച്ചെടുക്കാമെന്നു ഉറപ്പു നൽകിയതായി വ്യാപാരികൾ പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ 2 കോടി രൂപ

പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്യുന്നതിനു പഞ്ചായത്തുകൾ പദ്ധതികൾക്കു ജില്ലാ പഞ്ചായത്ത് ധനസഹായം നൽകും. ഈ സാമ്പത്തിക വർഷം 2 കോടി രൂപ ഇതിനു വേണ്ടി നീക്കി വച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി രൂപയായിരുന്നു നീക്കി വച്ചത്. ഇതിൽ 68 ലക്ഷം രൂപ പഞ്ചായത്തുകൾക്കു നൽകി. പഞ്ചായത്തുകൾ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ധനസഹായം നൽകുന്നത്.

ഹരിതകർമ സേനകൾ

വീടുകളിൽ നിന്നു അജൈവ മാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ സ്വീകരിച്ചു സംഭരണ കേന്ദ്രത്തിൽ എത്തിക്കുകയാണ് ഹരിത കർമസേന. മാലിന്യം തരംതിരിച്ചു റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ എത്തിക്കണം. തുടർന്നു പുനരുപയോഗ പ്രദമാക്കും. റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ചു ടാറിങ്ങിനും മറ്റുമാണ് ഉപയോഗിക്കുന്നത് എന്നാൽ ജില്ലയിൽ മിക്ക പഞ്ചായത്തുകളിലും റിസോഴ്സ് റിക്കവറി ഫെസിലിറ്റി സംവിധാനമില്ല.

വീടുകളിൽ നിന്നു തന്നെ അജൈവ മാലിന്യങ്ങൾ തരം തിരിച്ചാണു ശേഖരിക്കുന്നത്. ഇതു വില നൽകി വാങ്ങുന്നതിനു 2 സ്ഥാപനങ്ങളുമായി പഞ്ചായത്തുകൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ക്ലീൻ കേരളയാണ് ഇവയിലൊന്ന്. ജില്ലയിൽ 45 പഞ്ചായത്തുകൾ ഈ സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഗ്രീൻ ടെക് ആണ് അജൈവ മാലിന്യം ശേഖരിക്കുന്ന രണ്ടാമത്തെ സ്ഥാപനം.

പഞ്ചായത്തിലെ ഓരോ വാർഡിലും 2 ഹരിത കർമസേന അംഗങ്ങൾ ഉണ്ടാകും. ചിലയിടത്തു അംഗങ്ങൾ കൂടുതൽ ഉണ്ടാകും. മാലിന്യം ശേഖരിക്കുന്നതിനു വീട്ടുകാരിൽ നിന്നു യൂസർ ഫീ ഈടാക്കും.

മനുഷ്യനും പ്രകൃതിക്കും ദോഷകരമായതു നിരോധിക്കേണ്ടതാണെങ്കിലും അനുവദനീയമായതു പോലും നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഗ്ലാസ് ഉൾപ്പെടെ ഒരേ പാത്രം വീണ്ടും ഉപയോഗിച്ചതു കോവിഡ് വ്യാപനത്തിനു കാരണമായിരുന്നു. പാളകൊണ്ടുള്ള പ്ലേറ്റുകളും സ്പൂണും ഒക്കെ തുറന്നിരുന്നാൽ ഏതാനും ദിവസത്തിനകം ഫംഗസ് വരും. ഇത്തരം പാത്രങ്ങൾ പോലും പ്ലാസ്റ്റിക് ഉപയോഗിച്ചാണു പൊതിഞ്ഞുസൂക്ഷിച്ചിരുന്നത്. ഈ സാധനങ്ങൾക്ക് ഇരട്ടിയോ മൂന്നിരട്ടിയോ വില ഉപഭോക്താവ് നൽകേണ്ടി വരും’
അൽത്താഫ് സേട്ട്, എഎസ്‌ സ്റ്റോർ, ചാമക്കട.

കറികൾ പാക്ക് ചെയ്യുന്നത് അലുമിനിയം പൗച്ചിൽ ആണ്. ഇവ നിരോധിച്ചിട്ടുണ്ടോ എന്നറിയാൻ കോർപറേഷൻ ഓഫിസിൽ പോകണം. നിരോധനത്തിൽപെടുമെങ്കിൽ ഭക്ഷണം പൊതിഞ്ഞു നൽകുന്നതിനു കഴിയാതെ വരും. അതു വലിയ പ്രതിസന്ധിയുണ്ടാക്കും’.
ടി. അമ്പിളി, ഹോട്ടൽ ഉടമ, തങ്കശേരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com