ഓയൂർ ∙ വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് (25 ) അറസ്റ്റ് ചെയ്തത്. ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം സ്വദേശിനിയായ യുവതി ഏപ്രിൽ 27 ന് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്.
യുവതിയുമായി പ്രണയത്തിലായിരുന്ന അനീഷ് ബന്ധുക്കൾക്കൊപ്പം എത്തിയാണ് വിവാഹാലോചന നടത്തിയത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ ഉടൻ വിവാഹം നടത്താൻ കഴിയില്ലെന്ന് യുവതിയുടെ പിതാവ് അറിയിച്ചപ്പോൾ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു ലളിതമായി വിവാഹം നടത്തിയാൽ മതിയെന്നായി അനീഷിന്റെ ബന്ധുക്കൾ. ആറു മാസം കഴിഞ്ഞ് വിവാഹം നടത്താൻ നിശ്ചയിച്ചു.
എന്നാൽ പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് അനീഷ് യുവതിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. യുവതി മരിച്ച ദിവസവും ഇയാൾ ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു. കൂടുതൽ സ്ത്രീധനവും പുതിയ ബൈക്കും വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വഴക്കുണ്ടായെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു.
പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്നും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ആത്മഹത്യാപ്രേരണയ്ക്കാണ് പൂയപ്പള്ളി പൊലീസ് കേസെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഒളിവിൽപോയ അനീഷിനെ പൂയപ്പള്ളി ഇൻസ്പെക്ടർ ടി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അഭിലാഷ്, ജയപ്രദീപ്, എഎസ്ഐ മാരായ അനിൽകുമാർ, രാജേഷ് കുമാർ, ചന്ദ്രകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.