ADVERTISEMENT

കരുനാഗപ്പള്ളി/പരവൂർ ∙ ജില്ലയിലെ തീരപ്രദേശത്തെ ദുരിതത്തിലാക്കി കടലാക്രമണം ശക്തം. പലയിടത്തും ജനജീവിതത്തെ ബാധിച്ചു തുടങ്ങി. വെള്ളനാത്തുരുത്ത്, പണ്ടാരത്തുരുത്ത്, ചെറിയഴീക്കൽ, ആലപ്പാട്, ശ്രായിക്കാട് തുടങ്ങി തീരത്തിന്റെ എല്ലാ മേഖലകളിലും ശക്തമായ തിരകളാണു തീരത്തേക്ക് അടിച്ചു കയറിയത്. പല ഭാഗത്തും റോഡിലേക്ക് വെള്ളം കയറി ഒഴുകുകയായിരുന്നു. കടൽഭിത്തി ദുർബലമായി കിടക്കുന്ന ചെറിയഴീക്കൽ മയിലാടും കുന്നിനും വടക്കേനട ഭഗവതി ക്ഷേത്രത്തിനും ഇടയ്ക്കുള്ള ഭാഗങ്ങളിൽ കടൽ കരയെ കാർ‍ന്നെടുക്കുന്ന അവസ്ഥയിലായിരുന്നു. മയിലാടും കുന്നു ഭാഗത്തെ ഒട്ടേറെ വീടുകൾ അപകട ഭീഷണിയിലാണ്.

കടൽക്ഷോഭത്തെത്തുടർന്ന് അഴീക്കൽ ബീച്ചിന്റെ ഭാഗങ്ങളിലെ മണൽതിട്ടകൾ കടലെടുക്കുന്നു.
കടൽക്ഷോഭത്തെത്തുടർന്ന് അഴീക്കൽ ബീച്ചിന്റെ ഭാഗങ്ങളിലെ മണൽതിട്ടകൾ കടലെടുക്കുന്നു.

വെള്ളനാത്തുരുത്തു ഭാഗത്തും ശക്തമായ തിരയിൽ റോഡിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ തകർന്നു, കടൽ ഭിത്തിയിലെ   പാറക്കല്ലുകൾ തിരയിൽ റോഡിലേക്കു ചിതറി കയറിയ നിലയിലാണ്. നേരത്തെ തന്നെ റോഡിന്റെ ടാർ ഭാഗങ്ങൾ കടൽ കയറി പലഭാഗത്തും വമ്പൻ കുഴിയായി മാറിയിരുന്നു. ഇന്നലെ വെള്ളനാത്തുരുത്ത് ഭാഗത്ത് പാറക്കഷണങ്ങൾ റോഡിലേക്കു വീണതോടെ ഈ ഭാഗത്തെ ഗതാഗതം പൂർ‍ണമായും തടസ്സപ്പെട്ടു.പരവൂർ പൊഴിക്കര, ചില്ലക്കൽ തീരങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. ഇന്നലെ ഉച്ചയോടെ വലിയ തിരമാലകൾ തീരത്തേക്ക് ആഞ്ഞടിച്ചു തുടങ്ങിയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

വൈകിട്ടോടെ കടൽ ഇറങ്ങിയെങ്കിലും വീണ്ടും ശക്തമായ തിരമാലകളാണ് തീരങ്ങളിലേക്ക് കയറിയത്. ചില്ലക്കൽ തുറയിൽ നിന്നും പൊഴിക്കരയിൽ നിന്നും മത്സ്യത്തൊഴിലാളികൾ കട്ടമരങ്ങളും വള്ളങ്ങളും വലകളും ഉച്ചയോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പൊഴിക്കര തീരത്തെ മണൽപരപ്പ് കടലെടുത്തു. വൈകിട്ട് പൊലീസ് നിരീക്ഷണവും പൊഴിക്കരയിൽ ഉണ്ടായിരുന്നു. പൊഴിക്കരയിൽ നിന്നും ചില്ലക്കലിൽ നിന്നു ഇന്നലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. ചില്ലക്കലിൽ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ കൂടങ്ങളിലും കടൽ കയറിട്ടുണ്ട്.

അഴീക്കൽ ബീച്ചിൽ ഭിത്തികളും കടകളും തകർന്നു

ഓച്ചിറ ∙ രൂക്ഷമായ കടൽക്ഷോഭത്തിൽ അഴീക്കൽ ബീച്ചിൽ സംരക്ഷണ ഭിത്തികളും താൽക്കാലിക കടകളും തകർന്നു. ബീച്ചിലെത്തിയ ചില സന്ദർശകർ തിരയിൽപെട്ടു. ലൈഫ് ഗാർഡുകൾ ഇവരെ രക്ഷിച്ചു.‍ ഇന്നലെ 4ന് ആയിരുന്നു സംഭവം. ബീച്ചിലേക്ക് സന്ദർശകരെ താൽക്കാലികമായി നിരോധിച്ചു. ലൈഫ് ഗാർഡുകൾ ബീച്ചിൽ‍ വടവും റിബണും  കെട്ടി പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. 

ഇന്നലെ ഉച്ച മുതലാണു കടൽക്ഷോഭം രൂക്ഷമായത്. ശക്തമായ തിരയിൽ ബീച്ചിലെ ഓപ്പൺ ഓഡിറ്റോറിയത്തിലെ ഭിത്തി വരെ തകർന്നു. പുലിമുട്ടിലെ കൂറ്റൻ പാറകൾക്കു മുകളിലൂടെയും തിരയടിച്ചു. തുടർന്നു ലൈഫ് ഗാർഡ് അപായ സൂചന നൽകി‌‌ വിസിൽ മുഴക്കിയെങ്കിലും സന്ദർശകർ ബീച്ചിലേക്ക് എത്തിക്കൊണ്ടിരുന്നു. തുടർന്നു വടവും റിബണും ഉപയോഗിച്ച് ബീച്ചിലെ ഭാഗങ്ങൾ കെട്ടുകയും ബീച്ചിലേക്ക് സന്ദർശകരെ നിരോധിക്കുകയും ചെയ്തു.

കൊല്ലം ബീച്ചിന്റെ ഭൂരിഭാഗവും വെള്ളത്തിൽ

കൊല്ലം ∙ ബീച്ചിന്റെ 80 ശതമാനത്തോളം വെള്ളം കയറിയ നിലയിൽ. ബീച്ചിലും പരിസരത്തും ഇന്നലെ ശക്തമായ കടൽക്കയറ്റമാണ് ഉണ്ടായത്. മൺസൂണിന്റെ പശ്ചാത്തലത്തിൽ ഒരാഴ്ചയായി തീരദേശ മേഖലയിൽ കടൽക്ഷോഭം ഉണ്ടെങ്കിലും ഇന്നലെ ഇതു രൂക്ഷമായി.പോർട്ട് മുതൽ വാടി വരെയുള്ള സ്ഥലങ്ങളുടെ മുക്കാൽ ഭാഗം കടൽ കയറി. പള്ളിത്തോട്ടം മുതൽ വെടിക്കുന്ന് വരെ ലൈഫ് ഗാർഡുകളുടെ നേതൃത്വത്തിൽ വടം കെട്ടി, ചുവന്ന കൊടി നാട്ടി അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഞ്ചര മീറ്റർ വരെ ഉയരത്തിൽ കൊല്ലം തീരത്തു തിര യടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. കൊല്ലം തീരത്തു കടൽക്ഷോഭമുണ്ടായ വിവിധ സ്ഥലങ്ങളിൽ മേയർ പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സംഘം സന്ദർശനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com