ADVERTISEMENT

പുത്തൂർ ∙ കുളക്കട സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ (സിഎച്ച്സി) നിന്ന് നൽകിയ ചുമയുടെ മരുന്നു കഴിച്ച ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് വായിലും ഉള്ളിലും നീറ്റലും പൊള്ളലിനു സമാനമായ അസ്വസ്ഥതയും അനുഭവപ്പെട്ടതായി പരാതി. കുളക്കട പഞ്ചായത്തിലെ കുറ്ററ നെടുവേലിക്കുഴിയിൽ ആഷിക് അനിലി (14)നാണ് അസ്വസ്ഥത ഉണ്ടായത്. കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി ബാധിതനായ ആഷിക്ക്, അച്ഛൻ അനിൽകുമാറിന് ഒപ്പം ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സിഎച്ച്സിയിൽ എത്തി ഡോക്ടറെ കണ്ടത്.

കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണെന്നു ബോധ്യപ്പെട്ടതോടെ ഡോക്ടർ പനിക്കും ചുമയ്ക്കുമുള്ള മരുന്ന് എഴുതുകയായിരുന്നു. രോഗികൾ കൊണ്ടു വരുന്ന കുപ്പിയിലാണ് ഇവിടെ ചുമയുടെ മരുന്ന് നൽകുന്നത്. കുപ്പി കരുതാത്തതിനാൽ അനിൽകുമാർ പുറത്തെ കടയിൽ നിന്നു വാങ്ങി നൽകിയ 2 കുപ്പികളിലാണ് മരുന്നു ഒഴിച്ചു നൽകിയത്. വീട്ടിലെത്തി ഈ മരുന്നു കഴിച്ചയുടൻ ആഷിക്കിന്റെ വായിലും മരുന്നു കടന്നുപോയ ഭാഗങ്ങളിലും വയറിനുള്ളിലും നീറ്റലും പൊള്ളലും അനുഭവപ്പെടുകയായിരുന്നത്രെ.

സംശയം തോന്നി മരുന്ന് കഴിച്ചു പരിശോധിച്ചപ്പോൾ തനിക്കും സമാനമായ അനുഭവം ഉണ്ടായെന്നും ലോഷൻ പോലെയുള്ള ഏതോ ദ്രാവകത്തിന്റെ ഗന്ധം അനുഭവപ്പെട്ടെന്നും അനിൽകുമാർ പറഞ്ഞു. ഉടൻ തന്നെ ആഷിക്കിനെ വീണ്ടും സിഎച്ച്സിയിൽ എത്തിച്ചു ഡോക്ടറെ കാണിക്കുകയും താലൂക്ക് ആശുപത്രിയിലേക്കു റഫർ ചെയ്യുകയുമായിരുന്നു. താലൂക്ക് ആശുപത്രിയിൽ എത്തി വയർ കഴുകി ശുശ്രൂഷകൾ നൽകിയ ശേഷമാണ് ആഷിക്കിന്റെ അസ്വസ്ഥതകൾക്കു ശമനം ഉണ്ടായത്.

മരുന്നു മാറി നൽകിയതാണെന്നു സംശയിക്കുന്നതായും സംഭവത്തിൽ പൊലീസിലും ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകിയതായും മാതാപിതാക്കൾ പറഞ്ഞു.എന്നാൽ സിഎച്ച്സിയിൽ നിന്ന് ചുമയുടെ മരുന്നു തന്നെയാണ് നൽകിയതെന്നു മെഡിക്കൽ ഓഫിസർ കെ.ശോഭ അറിയിച്ചു. ഇന്നലെ പനി ബാധിതരായി എത്തിയ എൺപതോളം പേർക്ക് ഇതേ മരുന്നു നൽകിയിരുന്നു. മറ്റാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടായതായി അറിവില്ല.

കുട്ടിയുടെ രക്ഷിതാവ് തന്നെ പുറത്തു നിന്നു വാങ്ങിക്കൊണ്ടു വന്ന കുപ്പികളിലാണു മരുന്നു നൽകിയത്. കുപ്പി കഴുകി വൃത്തിയാക്കിയതാണോ എന്നു ചോദിച്ച ശേഷം ഫാർമസിസ്റ്റ് തന്നെയാണ് മരുന്ന് ഒഴിച്ചു നൽകിയത്. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ട സാഹചര്യത്തിൽ തിരികെ കൊണ്ടുവന്ന മരുന്നിന്റെ സാംപിൾ എടുത്തിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം എത്തിയെങ്കിൽ മാത്രമേ എന്താണു സംഭവിച്ചതെന്നു വ്യക്തമാകു.

ഫാർമസിക്കുള്ളിൽ മരുന്നല്ലാതെ ലോഷൻ പോലെയുള്ള ഒരു സാധനങ്ങളും സൂക്ഷിക്കാറില്ലെന്നും മെഡിക്കൽ ഓഫിസർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടു വരണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സിഎച്ച്സിയിലേക്ക് മാർച്ച് നടത്തി. ബിജെപി സിഎച്ച്സിക്കു മുന്നിൽ ധർണ നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com