ADVERTISEMENT

കൊല്ലം ∙ മഴ കനത്തതോടെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും മഴ തുടർന്നാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും പകർച്ചവ്യാധി സാധ്യതയും കൂടുതലാണ്. മരങ്ങൾ കടപുഴകാനും ചില സ്ഥലങ്ങളിൽ മണ്ണിടിച്ചിലിനുള്ള സാധ്യതയുമുണ്ട്. തീരദേശ മേഖലയിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം. മഴ വീണ്ടും ശക്തമായി തുടർന്നാൽ ഇപ്പോഴുള്ള കടലേറ്റവുമുണ്ടാകും. മഴ ശക്തമായതോടെ നഗരപരിധിയിൽ ഒട്ടേറെ സ്ഥലങ്ങളിൽ വെള്ളക്കെട്ടാണ്.

കടൽക്ഷോഭം രൂക്ഷമായ താന്നിയിൽ പുലിമുട്ടിലേക്കു അടിച്ചു കയറുന്ന തിരമാല.

ദേശീയപാതകളുടെ വശങ്ങളിൽ ഉൾപ്പെടെ വെള്ളക്കെട്ടായിട്ടുണ്ട്. കൂടാതെ, ഓടകൾ പൊട്ടുന്നതും നിറഞ്ഞ് ഒഴുക്കുന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കി. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓടകൾ ഭൂരിഭാഗവും മണ്ണ് നീക്കം ചെയ്തു വൃത്തിയാക്കിരുന്നെങ്കിലും ശക്തമായ മഴ മൂലം റോഡുകളിൽ നിന്നുള്ള ചെളിയും വെള്ളവും ഓടകളിലേക്കു വീണ്ടും ഇറങ്ങിയതോടെയാണ് ഇവ വീണ്ടും മണ്ണു നിറഞ്ഞു പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്. മഴ ശക്തമായതോടെ പകർച്ചവ്യാധി രോഗങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

കൊതുകുകൾ വളരാൻ സാധ്യതയുള്ള വീടിനു സമീപത്തെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും എല്ലാവരും ജാഗ്രത പുലർത്തണം. കടൽ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ വെള്ളത്തിന്റെ അളവും ഒഴുക്കും കൂടുതൽ ആയതിനാൽ, കഴിയുന്നതും ഇത്തരം സ്ഥലങ്ങളിൽ ഇറങ്ങരുതെന്ന് അധികൃതർ അറിയിച്ചു. പരിചയമുള്ളവർക്കു പോലും അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതൽ ആയതിനാൽ ചെറിയ ജലാശയങ്ങളിൽ പോലും ഇറങ്ങുന്നതും കുളിക്കുന്നതും അടക്കമുള്ളവ ഒഴിവാക്കണം.

കടലേറ്റം രൂക്ഷം; കൊല്ലം ബീച്ചിൽ പ്രവേശനമില്ല

കൊല്ലം∙ കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ കൊല്ലം ബീച്ചിൽ സന്ദർശകർക്ക് വിലക്ക് തുടരുന്നു. ഇന്നലെ അവധി ദിനമായതിനാൽ സന്ദർശകർ മഴ അവഗണിച്ചും എത്തുമെന്നതിനാൽ ബീച്ചിലേക്കുള്ള റോഡിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ശക്തമായ തിരമാലകളിൽ ഇത്തവണ വലിയ തോതിലാണ് ബീച്ചിലെ തീരം കടലെടുത്തത്.

കഴിഞ്ഞ ആഴ്ച വിലക്കു ലംഘിച്ച് ബീച്ചിലും പരിസരത്തും കടലിൽ ഇറങ്ങി തിരയിൽപെട്ട പത്തുപേരെ ലൈഫ് ഗാർഡുകളും നാട്ടുകാരും രക്ഷിച്ചിരുന്നു. അതേസമയം കടലാക്രമണത്തിൽ വൻ തോതിൽ കര ഇടിയുമായിരുന്ന ഇരവിപുരം കാക്കത്തോപ്പ് ഭാഗത്ത് ഇത്തവണത്തെ കടലാക്രമണത്തിൽ വലിയ നാശനഷ്ടം ഉണ്ടായില്ല. പുലിമുട്ടുകൾ സ്ഥാപിച്ചു തുടങ്ങിയതാണ് ഇവിടെ കടലാക്രമണം കുറയാൻ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com