കടയ്ക്കൽ ∙ ടൗണിൽ ടാക്സി സ്റ്റാന്‍ഡിനോട് ചേർന്നുള്ള മങ്കാട് ക്ഷീര സംഘം മിൽക്ക് ബൂത്ത് കത്തിനശിച്ചു. മൂന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. പുലർച്ചെ മൂന്നരയ്ക്ക് പത്രവുമായി എത്തിയ വാഹനത്തിലെ ഡ്രൈവറും സ്ഥലത്തുണ്ടായിരുന്ന പത്ര ഏജന്റുമാരും ബൂത്തിൽ നിന്നു പുക ഉയരുന്നത് കണ്ട് കടയ്ക്കല്‍ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാസേന ഷട്ടറിന്റെ പൂട്ട് അറുത്ത് മാറ്റി വാതിൽ തുറന്നപ്പോൾ സാധനങ്ങൾ കത്തിയ നിലയിലായിരുന്നു. രണ്ട് ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്ക് എടുത്തിട്ടതിനാൽ വൻ അപകടം ഒഴിവായി. സമീപത്ത് ആംബുലൻസുകളും പാർക്ക് ചെയ്തിരുന്നു. രണ്ടു ഫ്രീസറും ഫ്രിജും കംപ്യൂട്ടർ, സിസിടിവി സിസ്റ്റം, കൂളർ, ഫർണിച്ചർ എന്നിവയും നശിച്ചു. ക്ഷീര സംഘത്തിന്റെ പാൽ, തൈര് വിൽപനയ്ക്ക് വേണ്ടിയാണ് മിൽക്ക് ബൂത്ത് പ്രവർത്തനം തുടങ്ങിയത്.
മറ്റ് ബേക്കറി സാധനങ്ങളും വിറ്റിരുന്നു. വിവരം അറിഞ്ഞ് ക്ഷീര സംഘം ഭാരവാഹികളും കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ.മധു, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ എന്നിവർ എത്തി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. കടയ്ക്കൽ അഗ്നിരക്ഷാസേനയിലെ അസി.സ്റ്റേഷൻ ഓഫിസർമാരായ ടി.വിനോദ് കുമാർ,വിജയകുമാർ, ഓഫിസർമാരായ രഞ്ജിത്ത്, ആർ.ഷൈൻ, എം.എന്‍.ഷിജു, ഷിബു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.