ADVERTISEMENT

അഞ്ചാലുംമൂട് ∙ വിനോദയാത്രയ്ക്ക് മുന്നോടിയായി ബസിന് മുകളിൽ പൂത്തിരി കത്തിച്ച് തീ പടർന്ന സംഭവത്തിൽ ‘കൊമ്പൻ’ എന്ന സ്വകാര്യ ബസുകൾ മോട്ടർ വാഹന വകുപ്പ് പിടികൂടി കേസെടുത്തു. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തുകയായിരുന്ന ബസ് ആലപ്പുഴയിലെ പുന്നപ്രയിലും തകഴിയിലും വച്ച് മോട്ടർ വാഹന വകുപ്പ് പിടികൂടുകയായിരുന്നു. ബസുകളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയതിന് 38,000 രൂപ പിഴയിട്ടു. ഡ്രൈവർ‌മാർക്കും ഉടമസ്ഥനും കാരണം കാണിക്കൽ നോട്ടിസും നൽകി. കൊല്ലത്തെ മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥർ പെരുമൺ കോളജിലെത്തിയും പരിശോധന നടത്തിയ ശേഷം വാഹനം വിട്ടു നൽകി.

കഴിഞ്ഞ 30ന് പെരുമൺ എൻജിനീയറിങ് കോളജിൽ നിന്നു വിനോദയാത്ര പുറപ്പെട്ട സംഘം ഇന്നലെ വൈകിട്ടോടെയാണ് കോളജിൽ തിരിച്ചെത്തിയത്. 

യാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ബസുകളിൽ ഒന്ന് വഴി തിരിച്ച് വിട്ടെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.  തുടർന്ന് ആർടിഒ കെ.സി. ആന്റണിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബസുകളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയതായി കണ്ടെത്തുകയായിരുന്നു. ബസിൽ വിദ്യാർഥികൾ ഉണ്ടായിരുന്നതിനാൽ ബസ് വിട്ട് നൽകുകയും തുടർ നടപടികൾക്കായി കൊല്ലം ആർടിഒ ഉദ്യോഗസ്ഥർക്ക് വിവരം കൈമാറുകയും ചെയ്തു.വൈകിട്ടോടെ പെരുമൺ കോളജിൽ തിരികെയെത്തിയ ബസുകളിൽ കൊല്ലം മോട്ടർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ആർടിഒ എച്ച്.അൻസാരിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 

സംഭവത്തെക്കുറിച്ച് വിശദമായി മൊഴിയെടുത്ത ശേഷം ബസുകൾ വിട്ടു നൽകി. റജിസ്ട്രേഷൻ പത്തനംതിട്ടയിലായതിനാൽ തുടർ നടപടികൾക്കായി വിവരങ്ങൾ പത്തനംതിട്ട ആർടിഒയ്ക്ക് കൈമാറി. കഴിഞ്ഞ 30ന് വൈകിട്ടാണ് കോളജിൽ നിന്നു വിദ്യാർഥികളുമായി വിനോദയാത്ര പുറപ്പെടും മുൻപ് ഒരു ബസിന് മുകളിൽ പൂത്തിരി കത്തിച്ചതും അതിൽ നിന്നും ബസിന് മുകളിൽ തീ പടർന്നതുമായ സംഭവം ഉണ്ടായത്. വിദ്യാർഥികൾ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.വിനോദ യാത്രകൾ വൈറലാക്കാൻ ഇറങ്ങി തിരിച്ച് വലയിലായ സംഭവങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് പെരുമൺ എൻജിനീയറിങ് കോളജിലേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com