ADVERTISEMENT

ചവറ ∙ ഓടിക്കൊണ്ടിരുന്ന ബസിനു മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ നീണ്ടകര ജോയിന്റ് ജംക്‌ഷനിൽ ഇന്നലെ വൈകിട്ട് 4.25 നായിരുന്നു സംഭവം. ചവറ–ഇളമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഞ്ജൂസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. 25ലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന്  പൊലീസ് പറഞ്ഞു. മരത്തിന്റെ ഒരു ഭാഗത്തെ ശിഖരം തറയിൽ നിലം തൊട്ടത് ബസിനു മുകളിലേക്ക് ശിഖരങ്ങൾ പതിച്ചതിന്റെ ആഘാതം കുറച്ചു. 

ബസിന്റെ പിൻവശത്താണ് മരം വീണത്. ഒട്ടേറെ വാഹനങ്ങൾ കടന്നുപോയതിനു പിന്നാലെയാണ് അപകടം. ഇരുചക്രവാഹനയാത്രക്കാർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ചവറ പൊലീസ് ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ, ചവറ അഗ്നിരക്ഷാ നിലയം ഓഫിസർ ഷാജിമോൻ, അസി.ഓഫിസർ വാലന്റൈൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. നാട്ടുകാരും സഹായത്തിനെത്തി.  ബസിനു മീതെ വീണ മരം അഗ്നിരക്ഷാ സേന മുറിച്ച് മാറ്റി. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിൽ നിന്നും മണ്ണ് നീക്കം ചെയ്തതോടെ വെള്ളക്കെട്ട് രൂപപ്പെട്ടും മണ്ണൊലിപ്പ് മൂലവും മരങ്ങൾ കടപുഴകി വീഴുന്നത് അപകട സാധ്യത വർധിപ്പിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com