കനത്ത മഴയിൽ വീടുകൾ തകർന്നു
Mail This Article
കരുനാഗപ്പള്ളി ∙ കനത്ത മഴയിൽ കുലശേഖരപുരം സംഘപ്പുര മുക്കിനു പടിഞ്ഞാറ് കപ്പലണ്ടി മുക്കിനു സമീപമുള്ള മക്കാട്ട് കിഴക്കതിൽ സുരേഷിന്റെ വീടിന്റെ അടുക്കള ഭാഗം തകർന്നു വീണു. ജോലി കഴിഞ്ഞെത്തിയ സുരേഷിന്റെ ഭാര്യ രജനി അടുക്കളയിൽ ആഹാരം പാകം ചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. ഈ സമയം മക്കളായ അഭിഷേകും, അഭേദും സമീപത്തുണ്ടായിരുന്നെങ്കിലും
അദ്ഭുതകരമായി രക്ഷപ്പെട്ടു. സുരേഷും ഭാര്യയും മക്കളും കൂടാതെ കാഴ്ച പരിമിതിയുള്ള അച്ഛൻ സുകുമാരനും, അമ്മ ലക്ഷ്മികുട്ടിയും ഇവർക്കൊപ്പമാണ് താമസം. അവശേഷിക്കുന്ന 2 മുറികളുടെ ചുമരുകളും വീഴാറായ നിലയിലാണ്. ഭിന്നശേഷിക്കാരനായ സുരേഷും ഭാര്യ രജനിയും പട്ടിക വിഭാഗത്തിൽ പെട്ടവരാണ്. ഇവർക്ക് വീട് അനുവദിച്ചെങ്കിലും വസ്തു ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ വീട് വയ്ക്കാൻ കഴിയുന്നില്ലെന്ന് ഇവർ പറയുന്നു.
ശൂരനാട് വടക്ക് ∙ ശക്തമായ മഴയിലും കാറ്റിലും രണ്ട് വീടുകൾ തകരാറിലായി. തെക്കേമുറി സുജാതാലയം സുജാത, കോഴിശേരിൽ റിയാസ് എന്നിവരുടെ വീടുകളാണ് തകർന്നത്. മേഖലയിൽ കൃഷിനാശവും വ്യാപകമാണ്.