ആഞ്ഞടിച്ച് താലൂക്ക് വികസന സമിതി; റവന്യു അധിക‍ൃതരും ഭൂമാഫിയയും ഒത്തുകളിക്കുന്നെന്ന് ആരോപണം

SHARE

കൊട്ടാരക്കര∙താലൂക്കിൽ റവന്യു- ഭൂമാഫിയ ബന്ധം ശക്തമെന്ന് താലൂക്ക് വികസന സമിതിയിൽ ആരോപണം. സർവേ വിഭാഗം പൂർണ പരാജയമെന്നും ആരോപണം. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതിയിൽ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയാണ് റവന്യു- സർവേ വകുപ്പുകൾക്കെതിരെ ആഞ്ഞടിച്ചത്. സർക്കാർ വകുപ്പുകളുടെ സർവേ നടപടികൾ പോലും സർവേ വിഭാഗം  വൈകിപ്പിക്കുന്നു. കാര്യപ്രാപ്തിയുള്ള സംഘത്തെ സർവേയ്ക്ക് നിയോഗിക്കണമെന്നും ആവശ്യം ഉയർന്നു. മാലയിൽ മലപ്പത്തൂരിലെ‍ അനധികൃത ഭൂമി തിരിച്ചു പിടിക്കാതെ‍ റവന്യു അധിക‍ൃതരും ഭൂമാഫിയയും ഒത്തുകളിക്കുന്നു. ചിതറയിൽ എട്ടു സ്ഥലങ്ങളിൽ അനിയന്ത്രിതമായി പാറഖനനം നടക്കുന്നു.  

സർക്കാർ പദ്ധതികളിലെ നടത്തിപ്പുകളുടെ താളപ്പിഴകൾക്കെതിരെ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും രംഗത്തുവന്നു. സർവേ അപേക്ഷയുമായി എത്തുന്നവരെ ഉദ്യോഗസ്ഥർ തിരിച്ചയയ്ക്കുന്നതായാണ് പരാതി. 1700  സർവേ പരാതികൾ കെട്ടിക്കിടക്കുന്നു. പഞ്ചായത്തിന്റെ വികസന പദ്ധതികൾ പോലും സർവേ നടക്കാത്തതിനാൽ തടസ്സപ്പെടുകയാണെന്ന് കുളക്കട, ചിതറ പഞ്ചായത്ത് പ്രസിഡന്റുമാർ പരാതിപ്പെട്ടു. ഈ നിലയിൽ മുന്നോട്ടു പോകാനാകില്ല. മാലയിൽ മലപ്പത്തൂരിൽ കോടതി ഉത്തരവ് നടപ്പാക്കാതെ ഒത്തുകളിക്കുന്നു. ആയിരവില്ലി പാറയിൽ ഖനനം നടത്താൻ റവന്യു ഒത്താശ ചെയ്യുന്നു. നാട്ടുകാരുടെ ദുരിതാവസ്ഥ പരിഗണിക്കാതെയാണ് റവന്യു വകുപ്പ് അധിക‍ൃതർ സമ്മതപത്രം നൽകിയത്.

നാടാകെ ലഹരിവിൽപന വ്യാപകമായിട്ടും നടപടിയെടുക്കാൻ എക്സൈസ് തയാറാകുന്നില്ല. കാരുവേലിൽ എൻജിനീയറിങ് കോളജ് പരിസരങ്ങളിൽ ലഹരി മാഫിയ പിടിമുറുക്കി. സന്ധ്യയായാൽ  യാത്രക്കാർക്ക് പോകാനാകാത്ത സ്ഥിതിയാണ്. പല തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് ആരോപിച്ചു. കഞ്ചാവും ലഹരി വിൽപനയും ഇല്ലാത്ത മേഖലകളില്ല. എക്സൈസ് വകുപ്പ് എന്ത് ചെയ്യുകയാണെന്ന് അദ്ദേഹം ചോദിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കലക്ടർ ജി.നിർമൽകുമാർ, തഹസിൽദാർ പി.ശുഭൻ, ഡപ്യൂട്ടി തഹസിൽദാർ കെ.ജി.സുരേഷ്കുമാർ എന്നിവർ സംബന്ധിച്ചു.

താലൂക്ക് വികസന സമിതിയോഗത്തിലെ പ്രധാന ആവശ്യങ്ങൾ

∙ പ്രവർത്തനം നിലച്ച പാറക്വാറികൾക്ക് ചുറ്റും വേലി കെട്ടി സംരക്ഷിച്ച് അപകടങ്ങൾ ഒഴിവാക്കണം.

∙തെരുവുനായ് ശല്യം എല്ലാ മേഖലകളിലും വ്യാപകമാണ്. വാഹനയാത്രക്കാരെ അപകടത്തിൽപെടുത്തുന്നു. നടപടി വേണം.

∙മീൻപിടിപ്പാറ റോഡ് അടിയന്തരമായി നന്നാക്കണം. അനുമതിയില്ലാതെ റോഡ് വശങ്ങൾ കുഴിച്ച വാട്ടർ അതോറിറ്റിക്ക് എതിരെ നടപടി വേണം.

∙താലൂക്ക് വികസന സമിതിയിൽ ഹാജരാകാത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.

∙അഞ്ചൽ റൂട്ടിൽ കെഎസ്ആർടിസി ബസിൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകാൻ നടപടി വേണം.

∙വയയ്ക്കലിൽ‍ റോഡ് മുറിച്ചു കടക്കാൻ സ്കൂൾ വിദ്യാർഥികൾക്കു പൊലീസ് സഹായം വേണം.  

∙മഴക്കാലത്തു ജലജീവൻ മിഷൻ പൈപ്പിടൽ നിർത്തണം. റോഡുകളിലൂടെ വെള്ളം കുത്തിയൊഴുകുന്നു. റോഡ് തകരുന്നു.

∙മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമല്ല. പഴകിയ മത്സ്യം വ്യാപകമായി വിൽക്കുന്നു.

∙പരുത്തിയറ റോഡ് തകർന്നു. നവീകരിക്കണം.

∙ അനധികൃത പാറ ഖനനത്തിന് റവന്യു വകുപ്പ് അനുമതി നൽകുന്നു. പൂയപ്പള്ളിയിൽ വ്യാപകമായി പാറ കടത്തുന്നു.

∙കൊട്ടാരക്കര ഇടിസിയിലെ കെട്ടിടങ്ങൾ ഉപയോഗശൂന്യമായി നശിക്കുന്നു. പരിശോധിച്ച് നടപടി വേണം.

∙തകർന്ന കിള്ളൂർ- ആനയം റോഡ് നവീകരിക്കണം.

∙സ്കൂൾ ബസുകളുടെ അമിതവേഗം നിയന്ത്രിക്കണം.

∙താലൂക്ക് ആശുപത്രിയിൽ രാത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ച് ചികിത്സ ലഭ്യമാക്കണം.

∙ റോ‍ഡരികിലെ അനധികൃത വാഹന പാർക്കിങ്ങുകൾ തടയാൻ പൊലീസ് തയാറാകണം.

∙തൃക്കണ്ണമംഗൽ- പ്ലാപ്പള്ളി റോഡ് അടിയന്തരമായി നവീകരിക്കണം.

∙അമ്പലത്തുംകാല- കിള്ളൂർ ഭാഗത്ത് ദേശീയപാതയരികിൽ മാലിന്യം തള്ളുന്നു. തടയണം.

∙എംസി റോഡരികിലെ കാത്തിരിപ്പു കേന്ദ്രങ്ങൾ നവീകരിക്കണം.

∙പെരുംകുളത്ത് വാട്ടർ അതോറിറ്റി കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കാടു കയറി നശിക്കുന്നു. നടപടി വേണം.

∙കരീപ്രയിൽ ഗ്യാസ് ക്രിമോറ്റോറിയം നിർമിക്കാൻ സ്ഥലം കൈമാറണം.

∙നിലാവ് പദ്ധതിയിലെ താളപ്പിഴകൾ പരിഹരിച്ച് ബൾബുകൾ വിതരണം ചെയ്യണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS