ഗർഭിണിയായ മകളെ സ്കൂട്ടറിൽ നിന്നു വലിച്ചു താഴെയിട്ടു വയറിൽ ചവിട്ടി; അച്ഛൻ അറസ്റ്റിൽ

Mail This Article
കടയ്ക്കൽ∙ ഗർഭിണിയായ മകളെ ആക്രമിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ അടയമൺ കൊപ്പം ചരുവിള പുത്തൻ വീട്ടിൽ സതീശനെ (64) ആണ് മകളെ ആക്രമിച്ച കേസിൽ പിടിയിലായത്. ഇയാൾ കടയ്ക്കൽ, കിളിമാന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു കൊലപാതക കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏഴിന് കശുവണ്ടി ഫാക്ടറിയിൽ പോയ മകളെ സ്കൂട്ടർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.
സ്കൂട്ടറിൽ നിന്നു വലിച്ചു താഴെയിട്ടു വയറിൽ ചവിട്ടി എന്നാണ് കേസ്. സമീപത്തുള്ള വീട്ടിൽ ഓടി കയറിയപ്പോൾ പിന്തുടർന്ന് വീണ്ടും മർദിച്ചു. കൊലപാതക കേസിൽ പ്രതിയായ സതീശൻ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനു ശേഷം ഭാര്യയെയും സ്ഥിരമായി മർദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഭാര്യയും മകളുമായി പിണങ്ങി കഴിയുകയാണ് സതീശൻ. കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു.