ADVERTISEMENT

അഞ്ചാലുംമൂട് ∙ പെട്രോൾ പമ്പിൽ രണ്ട് മാസം മുൻപ് മേശ തുറന്ന് പണം മോഷ്ടിച്ച സംഘം അതേ പമ്പിൽ സമാനമായ മോഷണത്തിന് വീണ്ടുമെത്തിയപ്പോൾ കയ്യോടെ പിടിയിലായി. പോക്കറ്റടി മോഷണം നടത്തിയിരുന്ന സംഘം ഇപ്പോൾ പെട്രോൾ പമ്പുകളിലും സ്ഥാപനങ്ങളിലും എത്തി മേശ തുറന്ന് മോഷണം നടത്തുന്ന രീതിയാണ് അവലംബിച്ചരിക്കുന്നത്.

ആലപ്പുഴ അമ്പലപ്പുഴ കാഞ്ഞിരം മുറിയിൽ ബംഗ്ലാവ് പറമ്പിൽ ഷെറീഫ് (61)  ചങ്ങനാശേരി വാഴപ്പള്ളി ചാമപ്പറമ്പിൽ അബ്ദുൽ ലത്തീഫ് (74), അമ്പലപ്പുഴ കുന്നത്തറയിൽ കണ്ണമ്പള്ളി വെളിയിൽ വീട്ടിൽ മുഹമ്മദ് ഇക്ബാൽ (62) എന്നിവരെയാണ് പെട്രോൾ പമ്പിലെ ജീവനക്കാരുടെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാലുംമൂട് പോസ്റ്റ് ഓഫിസിന് സമീപത്തെ മിലൻ പെട്രോൾ പമ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

2 മാസം മുൻപ് പമ്പിൽ ഡ്യൂട്ടി സമയത്തെ കലക്‌ഷൻ തുക സൂക്ഷിക്കുന്ന മേശയിൽ നിന്നു  45,000 രൂപ മോഷണം പോയിരുന്നു. പകൽ ജീവനക്കാർ ഡ്യൂട്ടിയിലുള്ള സമയത്തായിരുന്നു മോഷണം. വൈകിട്ട് പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് കലക്‌ഷൻ തുക മോഷണം പോയ വിവരം പമ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുപ്പിയിൽ പെട്രോൾ വാങ്ങാനെത്തിയ 3 അംഗ സംഘമാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി.

ജീവനക്കാർ കുപ്പിയിൽ പെട്രോൾ നൽകുന്നതിനിടെ അവരുടെ ശ്രദ്ധ തിരിച്ച് മേശ തുറന്നായിരുന്നു മോഷണം. മോഷ്ടാക്കളെ കുറിച്ച് സംശയം തോന്നിയിരുന്നതിനാൽ പൊലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ ഇന്നലെ ഉച്ചയോടെ ഇതേസംഘം സമാനമായ രീതിയിൽ കുപ്പിയിൽ പെട്രോൾ വാങ്ങാനെന്ന വ്യാജേന വീണ്ടും എത്തുകയായിരുന്നു. മുൻപ് മോഷണം നടന്ന സമയത്തെ ദൃശ്യങ്ങൾ പമ്പിലെ ജീവനക്കാരുടെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതിനാൽ ഇന്നലെ മോഷ്ടാക്കൾ എത്തിയപാടെ അവരെ ജീവനക്കാർ തിരിച്ചറിഞ്ഞു.

തുടർന്ന് മോഷ്ടാക്കളെ തടഞ്ഞു നിർത്തി അഞ്ചാലുംമൂട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മോഷ്ടാക്കളെ ചോദ്യം ചെയ്തതോടെയാണ് അഞ്ചാലുംമൂട് പമ്പിലെ അടക്കമുള്ള മോഷണ കഥകൾ പുറത്ത് വന്നത്. അഞ്ചാലുംമൂട് എസ്ഐമാരായ അബ്ദുൽ ഹക്കിം, റഹിം, രാജേന്ദ്രൻപിള്ള, ജയചന്ദ്രൻ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

പോക്കറ്റടിക്ക് അവസരം കുറഞ്ഞു

പോക്കറ്റടിക്കാരായാണ് ഇവർ മൂന്നു പേരും മോഷണം ആരംഭിച്ചതെന്നു പൊലീസ് പറയുന്നു. പല കേസുകളിൽ പിടിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച സമയത്തെ കൂട്ടാണ് മൂന്നു പേരെയും സംഘം ചേരാൻ പ്രേരിപ്പിച്ചത്. ഏറെ നാളായി ഒരുമിച്ചായിരുന്നു മോഷണം. കാലം മാറിയതോടെ പോക്കറ്റടിക്ക് വലിയ അവസരം ഇല്ലാതായതായാണ് ഇവർ പറയുന്നത്. തുടർന്നാണ് കടകളെയും പെട്രോൾ പമ്പുകളെയും മോഷണം നടത്താനായി തിരഞ്ഞെടുത്തത്.

കടകളിലും പമ്പുകളിലുമെത്തുന്ന മൂന്നംഗ സംഘത്തിൽ രണ്ട് പേർ ചേർന്ന് ജീവനക്കാരുടെ ശ്രദ്ധ മാറ്റുന്നതിനിടെ മൂന്നാമൻ മേശയിൽ നിന്നു പണം കവരുന്നതാണ് രീതി. സമാനമായ കുറ്റത്തിന് നിരവധി പൊലീസ് കേസുകളാണ് ഇവരുടെ പേരിലുള്ളത്. മോഷ്ടിക്കുന്ന പണം പങ്കിട്ടെടുക്കുകയാണ് പതിവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com