ADVERTISEMENT

ഒ‍ായൂർ∙പൂയപ്പള്ളി ഓട്ടുമലയിൽ പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ കണ്ടതിന്റെ  ഭീതിയിലാണു നാട്ടുകാർ. സിസി ടിവിയിലാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടത്. എന്നാൽ ക്യാമറയിൽ പതിഞ്ഞത്  കാട്ട് പൂച്ചയാണെന്നാണ്  സ്ഥലം സന്ദർശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. പൂയപ്പള്ളി പഞ്ചായത്തിലെ ഓട്ടുമല എംആർ ക്രഷർ യൂണിറ്റിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലാണ്  ദൃശ്യങ്ങൾ കണ്ടത്.

പൂയപ്പള്ളിയിൽ സിസിടിവി ദൃശ്യത്തിൽ കണ്ട പുലിയെന്നു തോന്നിക്കുന്ന ജീവി.

ക്രഷർ യൂണിറ്റിലേക്ക് വരുകയും പോവുകയും ചെയ്യുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ജീവിയെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ശനി വൈകിട്ട് പൂയപ്പള്ളി പൊലീസിനെ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. ദൃശ്യങ്ങൾ പൊലീസ് അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് കൈമാറി. ദൃശ്യങ്ങൾ പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ ജീവിയുടെ വാൽ കണ്ടിട്ട് കാട്ടു പൂച്ചയാകാനാണ് സാധ്യതയെന്നാണ് പറഞ്ഞത്. ഇതിനിടെ നാട്ടുകാരിൽ ചിലർ തലയില്ലാത്ത നായ്ക്കളുടെ ഉടലുകൾ പ്രദേശത്ത് കണ്ടെത്തിയെന്നും ചില നായ്ക്കളുടെ പുറം മുറിവേറ്റതായി കണ്ടെന്നുമുള്ള വെളിപ്പെടുത്തലുകളുമായി എത്തി.

ഇന്നലെ രാവിലെ ജി.എസ്.ജയലാൽ എംഎൽഎ , പൂയപ്പള്ളി, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസ്സി റോയി, എം.അൻസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വിവരം അറിഞ്ഞ് അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി.എസ്. സജുവിന്റെ നേതൃത്വത്തിലുള്ള  വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം, ആർആർ ടീം എന്നിവരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. അടുത്ത ദിവസങ്ങളിലൊന്നും ഇവിടെ വന്യജീവിയുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്താനായില്ല. വരും ദിവസങ്ങളിൽ പ്രദേശത്ത് റാപ്പിഡ് ഫോഴ്സിന്റെ നിരീക്ഷണം നടത്തും. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും, വന്യജീവിയെ പിടികൂടുന്നതിന് കൂടു സ്ഥാപിക്കുമെന്നും വനം വകുപ്പ് ജീവനക്കാർ അറിയിച്ചു.

വനമേഖലയിൽ നിന്ന് ഇത്രദൂരം താണ്ടി പൂയപ്പള്ളി ഓട്ടുമല വരെ പുലി എത്താനുള്ള സാധ്യത കുറവാണെന്നും കാട്ടു പൂച്ചയാകാനാണു സാധ്യതയെന്നുമാണ് വനം വകുപ്പിന്റെ നിഗമനം. വനം വകുപ്പ് ഓഫിസർമാരായ ആർ.രാജേഷ്, സി. അനിൽകുമാർ , ബീറ്റ് സെക്‌ഷൻ ഓഫിസർ ബിജുകുമാർ, ആർആർടിടി അസിസ്റ്റന്റുമാരായ ജസ്റ്റിൽ, ബോബൻ എന്നിവരാണ് പരിശോധന നടത്തിയത്. പൂയപ്പള്ളി എസ്ഐ.അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

കാടിറങ്ങി വന്യജീവികൾ

വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നതു നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്. ഒന്നര വർഷം മുൻപാണ് ചാത്തന്നൂരിൽ 2 കരടികളെ കണ്ടെത്തിയത്. നാട്ടുകാരെ വട്ടംകറക്കിയ കരടിയിൽ ഒന്നിനെ 2 മാസത്തിനു ശേഷമാണ് പള്ളിക്കൽ തലവക്കോട് കൂടുവച്ചു പിടിച്ചത്. ചാത്തന്നൂർ പൊലീസാണ് കരടിയെ ആദ്യം കണ്ടത്. പിന്നീട് നാട്ടുകാരും കരടിയെ കണ്ടിരുന്നു. എന്നാൽ കണ്ടത് കരടിയല്ല എന്ന നിഗമനത്തിലായിരുന്നു ആദ്യം വനം വകുപ്പ്.

തുടർന്നു നടന്ന നിരന്തര പരിശോധനയിലാണ് കരടിയാണെന്നു ബോധ്യപ്പെട്ടത്. വേളമാനൂർ ,കല്ലുവാതുക്കൽ മേഖലയിൽ പന്നി ശല്യം രൂക്ഷമാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് ചാത്തന്നൂർ സ്പിന്നിങ് മില്ലിനു സമീപം മുള്ളൻ പന്നി വാഹനം ഇടിച്ചു ചത്തു. മറ്റൊരു ദിവസം വാഹനം ഇടിച്ചു പരുക്കേറ്റ കാട്ടു പന്നി വീട്ടുമുറ്റത്ത് എത്തി പരാക്രമം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com