ADVERTISEMENT

കൊല്ലം ∙  തെരുവുനായയുടെ പേരിലും തട്ടിപ്പ്. മൂന്നു മാസം മുൻപു വന്ധ്യംകരണം നടത്തിയെന്നു പറയുന്ന തെരുവുനായ പ്രസവിച്ചു. കോർപറേഷൻ നടത്തിയ എബിസി പദ്ധതിയുടെ ഭാഗമായി പോളയത്തോട് കോർപറേഷൻ വ്യാപാര സമുച്ചയത്തിനു മുന്നിൽ നിന്നു പിടിച്ചുകൊണ്ടു പോയ നായ കഴിഞ്ഞ ദിവസം പ്രസവിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.3 ദിവസം കഴിഞ്ഞാണ് നായയെ തിരികെക്കൊണ്ടുവന്നു വിട്ടത്. പോളയത്തോട്ടിൽ തമ്പടിച്ചിട്ടുള്ള ഈ തെരുവുനായ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും സമീപത്തെ കച്ചവടക്കാർക്കും സുപരിചിതയാണ്.  മുണ്ടയ്ക്കൽ, ഉളിയക്കോവിൽ എന്നിവിടങ്ങളിലും, വന്ധ്യംകരണം നടത്തിയ തെരുവുനായ്ക്കൾ പ്രസവിച്ചതായി ആരോപണമുണ്ട്. 

വന്ധ്യംകരണം നടത്തുന്ന നായകളുടെ ചെവി ഇംഗ്ലിഷ് അക്ഷരമാലയിലെ വി ആകൃതിയിൽ മുറിക്കാറുണ്ട്. വന്ധ്യംകരണം നടത്തിയതായി പറയുന്ന  നായയുടെ ചെവിയും ഇത്തരത്തിൽ മുറിച്ചിട്ടുണ്ട്. നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും 11 മാസം അനങ്ങാതിരുന്ന കോർപറേഷൻ കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുന്ന മാസമാണ് പദ്ധതി നടപ്പാക്കിയത്. മാർച്ച് ഒന്നു മുതൽ 31 വരെ  ആയിരുന്നു എബിസി  പദ്ധതി നടപ്പാക്കിയത്. 800 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചെന്നാണ് പറയുന്നത്. ഈ കണക്ക് അവിശ്വസനീയമാണെന്ന് വിദഗ്ധർ. 

ഒരു വെറ്ററിനറി സർജന് ഒരു മാസത്തിനുള്ളിൽ 800 നായ്ക്കളുടെ ശസ്ത്രക്രിയ നടത്താൻ കഴിയില്ലത്രേ. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 1200 രൂപ ചെലവ് വരും. നായകളെ പിടിച്ചു കൊണ്ടുപോയി ശസ്ത്രക്രിയ നടത്താതെ ചെവി മുറിച്ച് അടയാളപ്പെടുത്തിയ ശേഷം തിരികെക്കൊണ്ടു വിട്ടതാകാമെന്നാണ് കരുതുന്നത്. ഇങ്ങനെയാണെങ്കിൽ തെരുവുനായ്ക്കളുടെ പേരിൽ പോലും വൻ തട്ടിപ്പാണ് നടന്നത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ടു സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com