ADVERTISEMENT

കൊല്ലം ∙ സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർക്കു മാത്രമല്ല, ജില്ലയ്ക്കാകെ ഞെട്ടലായി ജി.പ്രതാപവർമ തമ്പാന്റെ അപ്രതീക്ഷിത വിയോഗം. തൊട്ടു മുൻപത്തെ ദിവസം വരെ പാർട്ടി വേദികളിൽ സജീവമായി നിന്ന നേതാവിന്റെ വിയോഗ വാർത്ത രാത്രി കാട്ടുതീ പോലെ പടർന്നു. മുൻ എംഎൽഎ എന്ന നിലയിലോ കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിലോ മാത്രമല്ല തമ്പാന്റെ പേരും പ്രശസ്തിയും.  2012 മുതൽ 2014 വരെ ഡിസിസി പ്രസിഡന്റായിരുന്ന തമ്പാൻ ജില്ലയിൽ 17 –ാമത്തെ ഡിസിസി പ്രസിഡന്റായിരുന്നു.

എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനായ തമ്പാൻ അതുകൊണ്ടു തന്നെ പാർട്ടിക്കകത്തും പുറത്തും വിശാല സൃഹൃദത്തിനൊപ്പം പരിഭവക്കാരെയും സമ്പാദിച്ചിട്ടുണ്ട്. ഇന്നലെ തമ്പാന്റെ വിയോഗ വാർത്ത അറിഞ്ഞയുടൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അടക്കം നൂറുകണക്കിനു പേർ തേവള്ളിയിലെ വസതിയിലേക്ക് ഒഴുകി. ജില്ലാ ആശുപത്രിയിലും മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയ ബെൻസിഗർ ആശുപത്രി വളപ്പിലും നേതാക്കളും പ്രവർത്തകരും തടിച്ചുകൂടി.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു തുടങ്ങിയ നേതാക്കൾ ചേർന്ന് ജില്ലാ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ടിക്കറ്റെടുത്ത് സമരം

സിനിമ കാണുന്നതിനും യാത്രയ്‌ക്കുമൊക്കെ നമ്മൾ ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും ടിക്കറ്റെടുത്ത് ഉപവാസ സമരം നടത്തി ചരിത്രം സൃഷ്‌ടിച്ചയാളാണു ഡോ. ജി. പ്രതാപവർമ തമ്പാൻ. എംഎൽഎ ആയിരിക്കെ പരവൂർ റയിൽവേ സ്‌റ്റേഷനിലാണു സംഭവം. എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് സ്‌റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് 12 മണിക്കൂർ ഉപവാസമാണു വേദി.  പ്ലാറ്റ്‌ഫോമിൽ ഉപവാസത്തിനു കസേര നിരത്തിയപ്പോൾ എതിർപ്പുമായി അധികൃതർ വന്നു.

പൊലീസ് അറസ്റ്റ് ചെയ്യുമെന്നായപ്പോൾ തമ്പാനും പ്രവർത്തകരും പോക്കറ്റിൽ നിന്നു പ്ലാറ്റ്ഫോം ടിക്കറ്റ് പുറത്തെടുത്തു. ടിക്കറ്റ് എടുത്ത് പ്ലാറ്റ് ഫോമിൽ ഇരിക്കുന്നവരെ എങ്ങനെ അറസ്‌റ്റ് ചെയ്യുമെന്നായി തമ്പാൻ. രണ്ടു മണിക്കൂർ ടിക്കറ്റിന്റെ സമയപരിധി കഴിയാൻ പൊലീസ് കാത്തു നിന്നു. പക്ഷേ സമയം കഴിഞ്ഞപ്പോൾ തമ്പാൻ വീണ്ടും ടിക്കറ്റെടുത്തു ! 

പിന്നിട്ട കാലം അനുസ്മരിച്ച് അവസാന വേദികൾ

കഴിഞ്ഞ ദിവസം കൊല്ലത്തു നടന്ന സത്യഗ്രഹസമരത്തിൽ പതിവിൽ കൂടുതലായിരുന്നു തമ്പാന്റെ പ്രസംഗം. കൊല്ലത്തു രാഷ്ട്രീയ പ്രവർത്തനത്തിന്റെ  തുടക്കം  അവിചാരിതമായി തമ്പാൻ പറഞ്ഞു.  കടന്നു പോകുന്നതിന്റെ മുന്നോടി ആയാണോ തമ്പാൻ അതു പറഞ്ഞത്?കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിൽ  പ്രതിഷേധിച്ചു  ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹത്തിലാണ് പ്രതാപവർമ തമ്പാൻ താൻ ആദ്യം ഇന്ദിരാഗാന്ധിക്കുവേണ്ടി അറസ്റ്റ് വരിച്ച സംഭവവും നേതാക്കൾക്കിടയിൽ അറിയപ്പെടാൻ ഇടയാക്കിയതും വിവരിച്ചത്.  

ജനതാ സർക്കാരിന്റെ കാലത്ത് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു എ.എ.റഹീമിന്റെ നേതൃത്വത്തിൽ കൊല്ലത്ത് പ്രകടനം നടക്കുകയുണ്ടായി. ആ പ്രതിഷേധത്തിൽ തമ്പാൻ പങ്കെടുക്കുക മാത്രമല്ല കവിത പോലുള്ള മുദ്രാവാക്യം വിളിച്ചു കൊടുക്കുകയും ചെയ്തു.  അന്നത്തെ  മുദ്രാവാക്യം അതേപടി പറഞ്ഞു തമ്പാൻ പറഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. എ.എ.റഹീമിന് അന്നു തമ്പാനെ അറിയില്ലായിരുന്നു.  പക്ഷേ അദ്ദേഹം തമ്പാനെക്കുറിച്ച് അന്വേഷിച്ചു-  മുദ്രാവാക്യം വിളിച്ച ആ പയ്യൻ ആരാണെന്ന്?. പിന്നെ തമ്പാൻ കോൺഗ്രസ് നേതാക്കൾക്കിടയിൽ താരമായി മാറി. .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com