ADVERTISEMENT

കൊല്ലം∙ ഫെയ്സ്ബുക് ഗ്രൂപ്പിലെ തർക്കത്തെത്തുടർന്ന് ആലപ്പുഴ വള്ളികുന്നം സ്വദേശിയായ യുവാവിനെ കരുനാഗപ്പള്ളിയിൽ വിളിച്ചുവരുത്തി മർദിച്ച സംഭവത്തിലെ പ്രതി സമാന കുറ്റകൃത്യം നേരത്തെയും ചെയ്തിട്ടുണ്ടെന്നു പൊലീസ്. ദൃശ്യങ്ങൾ പകർത്തിയ കൂട്ടാളിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പിടിയിലായ പ്രതി രാഹുലിനെ പൂയപ്പള്ളി പൊലീസ് 2017 ൽ കാപ്പ ചുമത്തി നാടുകടത്തിയതാണ്. ഗുണ്ടാസംഘങ്ങൾ ഉൾപ്പെട്ട സമൂഹമാധ്യമ ഗ്രൂപ്പുകളിൽ നായക പരിവേഷം ലഭിക്കാനും ഗുണ്ടാസംഘങ്ങളുടെ ശ്രദ്ധയാകർഷിക്കാനുമാണ് രാഹുൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നാണ് കരുനാഗപ്പള്ളി പൊലീസ് പറയുന്നത്.

കരുനാഗപ്പള്ളിയിൽ യുവാവിനെ വിളിച്ചു വരുത്തി കാലു പിടിപ്പിച്ച ശേഷം മർദിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ.
കരുനാഗപ്പള്ളിയിൽ യുവാവിനെ വിളിച്ചു വരുത്തി കാലു പിടിപ്പിച്ച ശേഷം മർദിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ.

രാഹുലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് മുൻപും സമാനമായ സംഭവങ്ങൾ നടത്തിയിട്ടുള്ളതായി പൊലീസിനു മനസ്സിലായത്. ദൃശ്യങ്ങൾ പകർത്താൻ സഹായിച്ച കൂട്ടാളി മുൻപും സമാനമായ മർദനങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ ഒപ്പം ഉണ്ടായിരുന്നതായി സംശയിക്കുന്നു.ഈ മാസം ഒന്നിനു കരുനാഗപ്പള്ളി ബാറിനു സമീപത്ത് ആളൊഴിഞ്ഞ പ്രദേശത്ത് ആലപ്പുഴ സ്വദേശിയായ യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേരള പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് സെൽ വിവരം ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിനെ അറിയിച്ചു.

തുടർന്നു കരുനാഗപ്പള്ളി പൊലീസ് മർദനമേറ്റ യുവാവിനെ കണ്ടെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു പ്രതികൾക്കെതിരെ കേസെടുക്കുകയായിരുന്നു. തമിഴ്നാട്ടിലേക്കു കടക്കാൻ ശ്രമിക്കവേ രാഹുലിനെ തെന്മലയിൽ നിന്നു കസ്റ്റഡിയിലെടുത്തു.പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചിലേറെ ക്രിമിനൽ, പീഡനക്കേസുകളിലെ പ്രതിയാണ് രാഹുൽ. ജില്ലയിലെ മറ്റു സ്റ്റേഷനുകളിൽ അടിപിടിക്കേസുകളും നിലവിലുണ്ട്.  സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന രാഹുൽ വെളിയം, പൂയപ്പള്ളി, വെളിനെല്ലൂർ, ഓടനാവട്ടം മേഖലകളിൽ വധശ്രമം അടക്കമുള്ള ഒട്ടേറെ കേസുകളിൽ ജാമ്യത്തിൽ നിൽക്കുകയായിരുന്നു.

2018 ൽ പൂയപ്പള്ളി വാർക്കാലയിൽ ഡിവൈഎഫ്ഐ നേതാവിനെ സ്റ്റേജിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, വ്യാപാരിയെ ആക്രമിച്ചു പണം കവർന്ന കേസ്, തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്, വീടിനു മുന്നിലിരുന്നു മദ്യപിച്ചതു ചോദ്യം ചെയ്ത പട്ടാളക്കാരനെ വീടുകയറി ആക്രമിച്ച കേസ് എന്നിവയിലൊക്കെ പ്രതിയാണ് രാഹുൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com