വിനായക ചതുർഥി: ഗണേശ വിഗ്രഹങ്ങൾ തമിഴ്നാട്ടിൽ ഒരുങ്ങുന്നു

Mail This Article
തെന്മല∙ വിനായക ചതുർഥിക്കുള്ള ഗണേശ വിഗ്രഹങ്ങൾക്ക് തമിഴ്നാട്ടിൽ അവസാനഘട്ട മിനുക്കുപണികൾ; കേരളത്തിലേക്കുള്ള വിഗ്രഹങ്ങളാണ് കൂടുതലായി ചെങ്കോട്ട, ഇലഞ്ചി എന്നിവടങ്ങളിൽ നിർമിക്കുന്നത്. മാസങ്ങൾക്ക് മുൻപേ കേരളത്തിൽ നിന്നുളളവർ അഡ്വാൻസ് തുകയുമായി എത്തിയിരുന്നു. കളിമണ്ണിൽ നിർമിക്കുന്ന വിഗ്രഹങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ ക്ഷേത്രങ്ങളിലേക്കുള്ള ഗണേശ വിഗ്രഹങ്ങളിൽ നല്ലൊരു ശതമാനവും ഇവിടെ നിന്നാണ് എത്തുന്നത്.
വിനായക ചതുർഥിക്ക് ഒരു മാസം മുൻപു തന്നെ വിഗ്രഹങ്ങൾ നിർമിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങും. പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച ഗണേശ വിഗ്രഹങ്ങൾ ആന്ധ്ര, കർണാടക എന്നിവടങ്ങളിൽ നിന്ന് എത്തുന്നുണ്ട്. ഇവയ്ക്ക് വിലയും കുറവാണ്. മൺപാത്ര നിർമാണ കേന്ദ്രങ്ങളാണ് ഗണേശ വിഗ്രഹ നിർമാണ കേന്ദ്രങ്ങളായി മാറുന്നത്. കോവിഡ് ഭീതി ഒഴിഞ്ഞുള്ള ആദ്യത്തെ സീസൺ ആയതിനാൽ ഇക്കുറി തിരക്ക് കൂടുതലാണ്.