ADVERTISEMENT

അഞ്ചാലുംമൂട്∙ ടോൾ പ്ലാസയിൽ ജീവനക്കാരനെ ആക്രമിച്ച് കടന്നുകളഞ്ഞ കാർ യാത്രികൻ പൊലീസ് പിടിയിൽ. കാറും കസ്റ്റഡിയിലെടുത്തു. വർക്കല ചെറുന്നിയൂർ കാരാത്തല കുന്നുവിള പുത്തൻ വീട്ടിൽ ലഞ്ചിത്ത് (38) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കൊല്ലം ബൈപാസിൽ കുരീപ്പുഴ ടോൾ പ്ലാസയിലെ കരാർ ജീവനക്കാരനായ കുരീപ്പുഴ പ്ലാവറക്കാവ് തേരിൽ തെക്കതിൽ അരുൺ (23) ആണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കാവനാട് ഭാഗത്തു നിന്നു മേവറം ഭാഗത്തേക്കു പോയ കാർ ടോൾ പ്ലാസയിലെ എമർജൻസി ഗേറ്റ് വഴി ടോൾ കൊടുക്കാതെ കടന്നു പോകാനായി ശ്രമിച്ചത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അരുൺ തടഞ്ഞു. 

ലഞ്ചിത്ത്
ലഞ്ചിത്ത്

ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായപ്പോൾ ലഞ്ചിത്ത് അരുണിനെ മർദിക്കുകയും കഴുത്തിൽ ചുറ്റിപ്പിടിച്ച് കാർ മുന്നോട്ട് ഓടിക്കുകയും ചെയ്തു. ഡ്രൈവറുടെ വശത്തെ ഡോറിനോടു ചേർത്തു റോഡിൽ വലിച്ചിഴച്ച അരുണിനെ ടോൾ പ്ലാസയിൽ നിന്നു 30 മീറ്റർ മുന്നോട്ടു പോയ ശേഷം റോ‍ഡിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് അമിത വേഗത്തിൽ കാർ ഓടിച്ചു പോയി.സുഹൃത്ത് വർക്കല സ്വദേശിയായ അഭിഭാഷകനുമായി ലഞ്ചിത്തിന്റെ കേസിന്റെ ആവശ്യത്തിനായി അരൂരിലെ കുടുംബ കോടതിയിൽ പോയി വർക്കലയിലേക്കു മടങ്ങുമ്പോഴാണ് സംഭവം. അഭിഭാഷകനെ വർക്കലയിൽ ഇറക്കി കാറുമായി കടന്നുകളയാനായിരുന്നു പ്ലാൻ. 

എന്നാൽ പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് കാർ വർക്കലയിലെ ഒരു ഹോം സ്റ്റേയിൽ നിർത്തിയിട്ട ശേഷം പോകുകയായിരുന്നു. സംഭവം നടന്നതിനു പിന്നാലെ തന്നെ അഞ്ചാലുംമൂട് പൊലീസ് ടീമുകളായി തിരിഞ്ഞ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. കാറിൽ സംഭവസമയത്ത് ലഞ്ചിത്തിനൊപ്പം ഉണ്ടായിരുന്ന അഭിഭാഷകനെ ഇന്നലെ പുലർച്ചെയോടെ കസ്റ്റഡിയിലെടുത്തു. തുടർന്നു നടത്തിയ തിരച്ചിലിൽ നാവായിക്കുളത്ത് നിന്നു ലഞ്ചിത്തിനെയും വർക്കലയിൽ നിന്ന് കാറും കസ്റ്റഡിയിലെടുത്തു. 2 ടിപ്പർ ലോറികളുടെ ഉടമയായ ലഞ്ചിത്ത്, ബന്ധുവായ യുവതിയുടെ പേരിലാണ് കാർ റജിസ്റ്റർ ചെയ്തിരുന്നത്.ആക്രമണത്തിൽ പരുക്കേറ്റ അരുണിനെ ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ചു. അരുണിന്റെ പരാതിയിലും മൊഴിയിലും, ആക്രമണത്തിൽ ലഞ്ചിത്ത് ഒഴികെ മറ്റാരെയും കുറിച്ച് പരാമർശിച്ചിട്ടില്ലാത്തതിനാൽ കസ്റ്റഡിയിലെടുത്ത അഭിഭാഷകന്റെ മൊഴിയെടുത്ത ശേഷം വിട്ടയച്ചു.

അറസ്റ്റ് 24  മണിക്കൂറിനകം

ടോൾ പ്ലാസയിൽ ജീവനക്കാരനെ ആക്രമിച്ച് കടന്നയാളെ പൊലീസ് പിടികൂടിയത് സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ. സംഭവസ്ഥലത്തു നിന്നു പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിൽ തന്നെ വാഹന ഉടമയെയും പ്രതിയായ ലഞ്ചിത്തിനെയും തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് വിവിധ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. എസിപി എ. അഭിലാഷ്, അഞ്ചാലുംമൂട് എസ്എച്ച്ഒ സി.ദേവരാജൻ, എസ്ഐമാരായ ഹക്കിം, റഹിം, എഎസ്ഐ പ്രദീപ്, സിപിഒ ഷാഫി, ഡാൻസാഫ് എസ്ഐ ജയകുമാർ, സിപിഒമാരായ സീനു, മനു, സ‍ജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com