പത്തനാപുരം ∙ പള്ളിമുക്കിൽ മരപ്പട്ടിയുടെ ആക്രമണം വീണ്ടും, 36 കോഴികളെ കൊന്നു. കരിമ്പാലൂർ ഹസീനയുടെ വീട്ടിലെ കോഴികളെയാണ് മരപ്പട്ടി കൊന്നത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. കോഴികളെ വളർത്തി വരുമാനം കണ്ടെത്തുന്ന ഹസീന ഇതോടെ ദുരിതത്തിലായി. നാളുകൾക്ക് ശേഷമാണ് മരപ്പട്ടിയുടെ ആക്രമണം നടക്കുന്നതെന്നു നാട്ടുകാർ പറയുന്നു. നേരത്തെയും ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകുമായിരുന്നെങ്കിലും അജ്ഞാത ജീവിയാണെന്ന രീതിയിലായിരുന്നു പ്രചാരണം. ആക്രമണത്തിന്റെ രീതി മനസിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മരപ്പട്ടിയാണെന്ന് ഉറപ്പിച്ചത്.
മരപ്പട്ടി ഒരു ജീവിയെ കൊന്നാൽ അതിന്റെ ഇറച്ചി ഭക്ഷിക്കാറില്ല. കരൾ, ചോര എന്നിവയാണ് ഇഷ്ട ഭക്ഷണം. ഹസീനയുടെ കോഴികളുടെ ഏതെങ്കിലും ഒരു ഭാഗത്ത് മുറിവേൽപിക്കുകയോ, കരൾ വരുന്ന ഭാഗം കടിച്ചു പറിച്ചെടുക്കുകയോ ചെയ്ത നിലയിലാണ്. മലയോര മേഖലയിൽ കുറുക്കൻ, കാട്ടുപന്നി, കീരി, തെരുവുനായ്, കഴുകൻ തുടങ്ങി വളർത്തു പക്ഷികളെ കൊന്നു ഭക്ഷിക്കുന്ന ജീവികൾക്കൊപ്പം മരപ്പട്ടി ആക്രമണം കൂടിയായതോടെ ആശങ്കയിലാണ് കർഷകർ.