ADVERTISEMENT

കൊല്ലം∙ ഇടതു സർക്കാരിനെതിരായ ആക്രമണങ്ങളെ ചെറുക്കാനുള്ള ബാധ്യത സിപിഐയ്ക്ക് ഉണ്ടെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിനു നേട്ടങ്ങൾ ഉണ്ടാകുമ്പോൾ കൈ നീട്ടുകയും കോട്ടം ഉണ്ടാകുമ്പോൾ ഞങ്ങളുടെ ഉത്തരവാദിത്തം അല്ലെന്നു പറയുകയും െചയ്യുന്നതു മര്യാദയുള്ള രാഷ്ട്രീയമല്ല. മുന്നണിയിൽ ഉറച്ചു നിൽക്കുമ്പോൾ അതിന്റെ ഗുണവും ദോഷവും തുല്യമായി പങ്കിടാനുള്ള സാമാന്യ ധാരണ നമുക്കുണ്ടാകണമെന്നും പിണറായി സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മൗനം പാലിക്കുകയോ വിമർശിക്കുകയോ ചെയ്യുന്നില്ലെന്ന പാർട്ടിയിലെ ആരോപണങ്ങൾക്കു മറുപടിയെന്നോണം കാനം പറഞ്ഞു.

സിപിഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇന്ത്യയിൽ കേരളം എന്ന കൊച്ചു തുരുത്താണ് ഇടതുമുന്നണിയുടെ കൈവശമുള്ളത്. അതു നശിക്കാൻ പാടില്ല. മുന്നണിയെ സംരക്ഷിച്ചു കൊണ്ടും അധികാരം സംരക്ഷിച്ചുകൊണ്ടും മുന്നോട്ടുപോകും. മുന്നണി കൂടുതൽ മെച്ചപ്പെടുത്തണമെന്ന കാര്യത്തിൽ എല്ലാവർക്കും യോജിപ്പാണ്. അതു മുന്നണിക്ക് അകത്തു നിന്നാലെ പറ്റു. പുറത്തു പോയിട്ടു കഴിയില്ല.  പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടാകാം. അതു മുന്നണിയിലും പാർട്ടികൾ തമ്മിലും ചർച്ച ചെയ്തു പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ എൽഡിഎഫിനെ ദുർബലപ്പെടുത്തുന്ന, പ്രതിപക്ഷത്തെ സഹായിക്കുന്ന നിലപാടുകൾ സ്വീകരിക്കാ‍ൻ പാടില്ല.

പിളർപ്പിനു ശേഷം  സിപിഎമ്മുമായി പോരടിച്ചാണു സിപിഐ മുന്നോട്ടു പോയത്. ആ അനുഭവം മനസ്സിലുണ്ട്. അതിനു മുൻപു പല നിലപാടും സ്വീകരിച്ചിട്ടുണ്ട്. അതൊന്നും തെറ്റായിരുന്നു എന്ന അഭിപ്രായമില്ലെന്നും കാനം പറഞ്ഞു.സി. അച്യുതമേനോൻ സർക്കാരിന്റെ നേട്ടങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തമസ്കരിക്കുന്നതിനെ വിമർശിച്ചു പാർട്ടി അസി. സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ പുസ്തകം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പ്രകാശ് ബാബുവിനുള്ള പരോക്ഷ മറുപടി കൂടിയായി  കാനത്തിന്റെ വാക്കുകൾ.

വിഭാഗീയതയ്ക്കു മറുപടിയുമായി കാനം

വിഭാഗീയ നീക്കങ്ങൾക്കു മറുപടിയുമായിജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി നേതൃത്വത്തിനും മുന്നണി ഭരണ നേതൃത്വത്തിനുമെതിരെ പാർട്ടിക്കുള്ളിൽ ഉയരുന്ന ആരോപണങ്ങൾക്കു മറുപടിയായിരുന്നു കാനത്തിന്റെ വാക്കുകൾ. എന്നാൽ നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്താൻ ആയുധങ്ങൾ സ്വരുക്കൂട്ടി ഇസ്മയിൽ– പ്രകാശ്ബാബു പക്ഷങ്ങളും രംഗത്തെത്തിയതോടെ ആദ്യദിനം തന്നെ സമ്മേളനം ചൂടുപിടിച്ചു.

‘എൽഡിഎഫ് സർക്കാരിനു പലതരത്തിലുള്ള വിമർശനവും ചെറുത്തു നിൽപും നേരിടേണ്ടി വരുന്നു. 

ഒരു ഭാഗത്തു കേന്ദ്ര സർക്കാരും അവരുടെ ഏജൻസിയും. മറുഭാഗത്ത് തികച്ചും നിഷേധാത്മക നിലപാടുമായി പ്രതിപക്ഷം. ഇതിനെ ചെറുക്കാനുള്ള ചുമതലയിൽ നിന്നു സിപിഐക്ക് മാറി നിൽക്കാൻ കഴിയില്ല സർക്കാരിനെതിരെ എന്തെല്ലാം വിമർശനം  ഉന്നയിച്ചാലും മനുഷ്യരുടെ മനസ്സിൽ പതിഞ്ഞതാണ് ഇടതുമുന്നണി.  2017ൽ സംസ്ഥാനത്ത് 1,33,410 അംഗങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ 1,77,122 അംഗങ്ങൾ ആയി ഉയർന്നു. 2061 പുതിയ ബ്രാഞ്ച്  ഉണ്ടായി’ – കാനം പറഞ്ഞു. ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ പ്രവർത്തന റിപ്പോർട്ട് അവസാനിപ്പിക്കുന്നതും വിഭാഗീയതയ്ക്കുള്ള മുന്നറിയിപ്പുമായാണ്. 

ഉദ്ഘാടന സമ്മേളനത്തിൽ അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ.ചന്ദ്രമോഹൻ, കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ,  മന്ത്രി ജെ.ചിഞ്ചുറാണി, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ദേശീയ കൗൺസിൽ അംഗം എൻ രാജൻ, ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, ദേശീയ കൗൺസിൽ അംഗം എൻ.അനിരുദ്ധൻ, ജില്ലാ അസി. സെക്രട്ടറി ജി.ലാലു തുടങ്ങിയവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com