ADVERTISEMENT

പത്തനാപുരം‌ ∙ താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ സേവനം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം പൂർത്തിയാകുന്നു. രോഗികളുടെ എണ്ണം മൂന്നിരട്ടി വർധിച്ചിട്ടും ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണം പഴയ പടി തന്നെ. ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപിച്ച 12 ലക്ഷം രൂപയുടെ നവീകരണവും എങ്ങുമെത്തിയില്ല. 

ഡോക്ടറുടെ മുറിയുടെ മുന്നിൽ കാത്തുനിൽക്കുന്നവരുടെ വരി.
ഡോക്ടറുടെ മുറിയുടെ മുന്നിൽ കാത്തുനിൽക്കുന്നവരുടെ വരി.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് 24 മണിക്കൂർ സേവനം നടപ്പായത്. അതു വരെ വൈകിട്ട് ആറു വരെയായിരുന്നു ആശുപത്രിയുടെ പ്രവർത്തനം. ദിവസവും ശരാശരി 350 രോഗികൾ എത്തിയിരുന്ന ആശുപത്രിയിൽ ഇപ്പോൾ ആയിരത്തോളം പേരാണ് എത്തുന്നത്. രാത്രിയിലും രോഗികൾ എത്തുന്നുണ്ട്. കിടപ്പു രോഗികളുടെ എണ്ണത്തിലും വർധനയുണ്ടായി. 

 പത്തനാപുരം താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടതു മൂലം ആശുപത്രിക്കു മുന്നിലെ വാഹനത്തിരക്ക്.
പത്തനാപുരം താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടതു മൂലം ആശുപത്രിക്കു മുന്നിലെ വാഹനത്തിരക്ക്.

നേരത്തെ ഉപയോഗിച്ചു കൊണ്ടിരുന്ന വാർഡിനു പുറമേ സമീപത്തെ വാർഡും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ആശുപത്രിയിലെ ദന്തരോഗ – നേത്രചികിത്സാ വിഭാഗങ്ങളിലും രോഗികളുടെ എണ്ണം കൂടി. ലബോറട്ടറി, എക്സ്റേ, ഇസിജി സേവനങ്ങളും ലഭ്യമാണ്. എക്സ്റേ മെഷീൻ തകാറിലാണെന്നും ഉടൻ പ്രവർത്തന ക്ഷമമാക്കുമെന്നും അധികൃതർ പറഞ്ഞു. 

അതേ സമയം രോഗികൾ കൂടുന്നതനുസരിച്ച് ഡോക്ടർമാരെ കൂടുതലായി നിയമിക്കുമെന്ന ഡിഎംഒയുടെ ഉറപ്പുകൾ ഇനിയും പാലിച്ചിട്ടില്ല. 24 മണിക്കൂർ സേവനം തുടങ്ങിയപ്പോൾ എൻഎച്ച്എം വഴി അനുവദിച്ച ഡോക്ടറെ മടക്കി വിളിക്കുകയും ചെയ്തു. ഫലത്തിൽ 8 ഡോക്ടർമാരുടെ സേവനം മാത്രമാണ് ആശുപത്രിയിലുള്ളത്. ബ്ലോക്ക് പഞ്ചായത്ത് താൽക്കാലികമായി ഒരു ഡോക്ടറെ നിയമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടപ്പായില്ല. 

12 ലക്ഷം അനുവദിച്ചു, നടപടി നീളുന്നു. 

അത്യാഹിത വിഭാഗം, ഓഫിസ് മുറി, മറ്റ് അത്യാവശ്യ കാര്യങ്ങൾ എന്നിവ ഒരുക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി 12 ലക്ഷം രൂപ അനുവദിച്ച് ആശുപത്രിക്കു കൈമാറിയെങ്കിലും തുടർനടപടികൾ വൈകുകയാണ്. ഇതിൽ 2 ലക്ഷം രൂപയുടെ പ്രവർത്തനം ടെൻഡർ വിളിക്കാതെ നടത്താൻ ആശുപത്രി സൂപ്രണ്ടിന് അധികാരമുണ്ട്. സാധാരണ ബ്ലോക്ക് പഞ്ചായത്ത് തന്നെയാണ് ടെൻഡർ വിളിച്ചു പദ്ധതി നടപ്പാക്കിയിരുന്നത്.

ഗതാഗതക്കുരുക്ക് വലയ്ക്കുന്നു

ആശുപത്രിയിലെത്തുന്ന രോഗികളുടെ വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലമില്ലാത്തതു റോഡിൽ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു. പല ദിവസങ്ങളിലും ഏറെ നേരെ പരിശ്രമിച്ചാണ് രോഗികൾ ആശുപത്രിയിൽ പ്രവേശിക്കുന്നതും മടങ്ങിപ്പോകുന്നതും. ആശുപത്രിക്കുള്ളിൽ പാർക്കിങ്ങിനു സ്ഥലം ഇല്ലാത്തതിനാൽ റോഡരികിലാണ് പാർക്കിങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com