ADVERTISEMENT

ശാസ്താംകോട്ട  ∙ വീടിനു മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് പതിപ്പിച്ചതിൽ മനംനൊന്ത് ബിരുദ വിദ്യാർഥി അഭിരാമി(20) ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശാസ്താംകോട്ട ഡിവൈഎസ്പി എസ്. ഷരീഫിന്റെ നേതൃത്വത്തിലാണ് അന്വേഷണമെന്നു റൂറൽ എസ്പി കെ.ബി രവി അറിയിച്ചു. ആത്മഹത്യാ സംഭവത്തിൽ ഇന്നലെ വ്യാപക പ്രതിഷേധം അരങ്ങേറി. അഭിരാമിയുടെ പിതാവ് അജികുമാർ വായ്പയെടുത്ത കേരള ബാങ്ക് പതാരം ശാഖയുടെ മുന്നിൽ ഇന്നലെ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രകടനം അക്രമാസക്തമായി. രാവിലെ തുടങ്ങിയ പ്രതിഷേധം രാത്രിയിലും തുടർന്നു. 

പ്രതിഷേധത്തെ തുടർന്ന് ബാങ്ക് ഇന്നലെ തുറന്നില്ല. 

കേരള ബാങ്കിനും സർക്കാരിനും സിപിഎമ്മിനും എതിരായി മുദ്രാവാക്യം വിളിച്ച് കോൺഗ്രസ്–യൂത്ത് കോൺഗ്രസ്, ആർഎസ്പി–ആർവൈഎഫ്, എബിവിപി പ്രവർത്തകർ, നാഷനൽ ജനതാദൾ ജില്ലാ കമ്മിറ്റി എന്നിവരാണ് ബാങ്കിലേക്ക് പ്രകടനമായി എത്തിയത്. പതാരം – കരുനാഗപ്പള്ളി റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. അടച്ചിട്ടിരുന്ന ബാങ്കിലേക്ക് ചാടിക്കയറാൻ ശ്രമിച്ച 5 എബിവിപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കുഴിയത്ത് ജംക്‌ഷനിൽ പ്രകടനമായി എത്തിയ ആർഎസ്പി പ്രവർത്തകർ, കേരള ബാങ്ക് പ്രസിഡന്റ്‍ ഗോപി കോട്ടമുറിക്കലിന്റെ കോലം കത്തിച്ചു. 

മാർക്കറ്റ് ജംക്‌ഷനിൽ നിന്നു പ്രകടനമായി എത്തിയ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബാങ്കിനു 50 മീറ്റർ അകലെ പൊലീസ് ബാരിക്കേ‍ഡ് വച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ‍പ്രവർത്തകരെ പൊലീസ് മർദിച്ചത് സംഘർഷത്തിനു കാരണമായി. രാത്രിയിൽ പതാരം ജംക്‌ഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശവമഞ്ചം ചുമന്നു കൊണ്ട് പ്രതിഷേധ പ്രകടനം നടത്തി. വിവിധ പാർട്ടികളിലെ പ്രവർത്തകർക്കെതിരെ കേസെടുത്തതായി ശൂരനാട് പൊലീസ് പറഞ്ഞു.

ബാങ്ക് അടച്ചു

ശൂരനാട് ∙ തുടർച്ചയായ പ്രതിഷേധത്തെത്തുടർന്ന് കേരള ബാങ്ക് പതാരം ശാഖ അനിശ്ചിതകാലത്തേക്ക് അടച്ചു. പെൺകുട്ടിയുടെ മരണത്തിനു ശേഷം ബാങ്ക് പ്രവർത്തിച്ചിരുന്നില്ല. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബാങ്കിനുള്ള പൊലീസ് സുരക്ഷ വർധിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com