ഫസ്റ്റ് ബെല്ലും ലാസ്റ്റ് ബെല്ലും എപ്പോൾ? സ്കൂൾ സമയം മാറ്റണോ? കൊല്ലം ജില്ല പ്രതികരിക്കുന്നു

HIGHLIGHTS
  • സ്കൂൾ സമയം മാറ്റണോ? ജില്ല പ്രതികരിക്കുന്നു
studants-skech
SHARE

വിദ്യാർഥികളെ പഠിപ്പിക്കുന്ന സമയത്തിൻമേൽ വലിയ പഠനം നടക്കുകയാണ്. പഠനം അംഗീകരിച്ചാൽ സ്കൂളുകളിൽ ഫസ്റ്റ് ബെൽ ഇനി രാവിലെ 8ന് അടിക്കും. ലാസ്റ്റ് ബെൽ ഉച്ചയ്ക്ക് ഒന്നിനും. ഖാദർ കമ്മിറ്റി ശുപാർശയിലാണ് പഠനസമയം ഉച്ചവരെ മാത്രമാക്കി ചുരുക്കിയാലോ എന്ന ആലോചന എത്തിയത്. നിലവിൽ സംസ്ഥാനത്തുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ ഉച്ചവരെയാണ് ക്ലാസ്. സംസ്ഥാനത്തിനു പുറത്തു പലയിടങ്ങളിലും ഈ സമയക്രമം പണ്ടേ എത്തിയതാണ്.

സമയക്രമം മാറ്റുന്നതിൽ രണ്ടഭിപ്രായമാണ് ജില്ലയിലുള്ളത്. ഒരു ദിവസത്തെ ഏറ്റവും മികച്ച സമയം എന്നറിയപ്പെടുന്ന രാവിലെ വിദ്യാർഥികൾ പഠനം ആരംഭിക്കുന്നതിനോടു വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും സമ്മതമാണ്. ഉച്ചയ്ക്കു ശേഷമുള്ള സമയം പഠനം ഒഴിവാക്കുന്നതിനോടും. എന്നാൽ രാവിലെ 8നു ക്ലാസിലെത്താൻ വെളുപ്പിനെ തന്നെ ചിലർ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരും. വാഹനങ്ങളുടെ ലഭ്യതക്കുറവും പ്രശ്നമാകും. ചെറിയ ക്ലാസിലെ കുട്ടികൾ ഉച്ചയ്ക്കു വീട്ടിലെത്തിയാൽ ആരു നോക്കുമെന്നു ജോലിയുള്ള മാതാപിതാക്കൾ ചോദിക്കുന്നു.

ജില്ലയിൽ പലയിടങ്ങളിലായി ലഭിച്ച ചില അഭിപ്രായങ്ങൾ

ഉച്ചയ്ക്കു ശേഷം വിദ്യാർഥികൾ ഫ്രീ ആകുന്നത് നല്ലതാണ്. അവർക്കു സ്കൂളിൽ തന്നെയിരുന്നു സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ലൈബ്രറി ഉപയോഗിക്കാം. രാവിലെ ക്ലാസുകൾ തുടങ്ങിയാൽ പഠനം കൂടുതൽ എളുപ്പമാകും. ചില കുട്ടികൾക്കു രാവിലെ എത്തിച്ചേരാൻ പ്രയാസം ഉണ്ടായിരിക്കും. ചർച്ച ചെയ്ത് അതിനുള്ള പരിഹാരം കൂടി കണ്ടെത്തണം  ∙ ജി.ഉണ്ണിക്കൃഷ്ണൻ, അധ്യാപകൻ ഗവ എച്ച്എസ്എസ് കൊട്ടാരക്കര 

സമയമാറ്റം നല്ലതാണെന്ന് അഭിപ്രായം. നിലവിൽ വൈകിട്ട് വീട്ടിലെത്തിയാൽ സമയം ലഭിക്കുന്നില്ല. രാവിലത്തെ ഫലപ്രദമായ സമയം മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയും. മാത്രമല്ല, ഉച്ചയ്ക്കു ശേഷമുള്ള സമയം കലാ,കായികപരമായി കുട്ടികൾക്ക് വിനിയോഗിക്കാൻ കഴിഞ്ഞാൽ നല്ലതല്ലേ. ∙ ദിയ ആൻ കുര്യൻ, 12–ാം ക്ലാസ് വിദ്യാർഥി,എസ്എൻഎസ്എം എച്ച്എസ്എസ് ഇളമ്പള്ളൂർ 

വിദ്യാർഥികൾക്ക് ഒരു മണിക്കൂർ നേരത്തേ ഇറങ്ങേണ്ടതായി വരും. എങ്കിലും സമയമാറ്റത്തോടു യോജിക്കുന്നു. നിലവിൽ രാവിലെ ബസ് സർവീസുകളുണ്ട്. ഇല്ലാത്തപക്ഷം യാത്രാ സൗകര്യമൊരുക്കണം. ഹോസ്റ്റൽ പോലുള്ള സൗകര്യങ്ങളും നിലവിൽ വരണം. ∙ ഷിനോയ് അമീർ, രക്ഷിതാവ്,ശൂരനാട് തെക്ക്

നിലവിലെ സമയത്തോടു യോജിക്കുന്നു. ഉച്ചയ്ക്കു കുട്ടികൾ വീട്ടിലെത്തിയാൽ നോക്കാൻ ആളില്ല എന്നതു പ്രധാന കാരണം. 8നു ക്ലാസ് തുടങ്ങുമെങ്കിൽ രാവിലെ ആറരയോടെ കുട്ടികൾ ഇറങ്ങേണ്ടി വരും. അതിനു മുൻപു ഭക്ഷണം തയാറാക്കണം. സമയമാറ്റം കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന നിലപാടാണ്. ∙ എ.സോണി, രക്ഷിതാവ്, മങ്ങാട് 

സ്കൂളിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുന്നതിനാൽ നിലവിലെ സമയക്രമം തന്നെയാണ് താൽപര്യം. അച്ഛനും അമ്മയും ജോലിക്കു പോകും. ഉച്ചയ്ക്കു വീട്ടിലെത്തിയാൽ ഞാൻ ഒറ്റയ്ക്കാകും. രാവിലെ ട്യൂഷനു പോകുന്ന ഒട്ടേറെ വിദ്യാർഥികളുണ്ട്. അവരെയും ഇതു ബാധിക്കും. ∙ എം.ജെ.പാർവതി, 9–ാം ക്ലാസ് വിദ്യാർഥിജിഎച്ച്എസ്എസ് പുത്തൂർ

സമയമാറ്റത്തോടു യോജിക്കുന്നു. നിലവിൽ ട്യൂഷൻ ഉൾപ്പെടെയുള്ളവയ്ക്കായി കുട്ടികൾ രാവിലെ വീട്ടിൽ നിന്നിറങ്ങാറുണ്ട്. ആ സമയം സ്കൂളിലെത്താം. ഉച്ചയ്ക്കു ശേഷമുള്ള സമയം അവയ്ക്കായി മാറ്റിവയ്ക്കാം. ഉച്ചകഴിഞ്ഞു പഠിച്ചെടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കും ഇത്തരത്തിൽ. ∙ എ.ജെ.പാർവതി, 10–ാം ക്ലാസ് വിദ്യാർഥി എച്ച്എസ് ഫോർ ഗേൾസ്, കരുനാഗപ്പള്ളി 

സമയമാറ്റം കുട്ടികളുടെ ദുരിതം വർധിപ്പിക്കും. ഹയർ സെക്കൻഡറി വിദ്യാർഥികളിലേറെയും ബസിൽ യാത്ര ചെയ്തു സ്കൂളിലെത്തുന്നവരായതിനാൽ രാവിലെ 8നു മുൻപെത്തുക വെല്ലുവിളി ആയിരിക്കും. ഉച്ചയ്ക്കു ശേഷം സ്പെഷൽ ക്ലാസുകൾ വച്ചാൽ അമിതഭാരത്തിനു കാരണമാകും.  ട്യൂഷൻ, എൻട്രൻസ് ക്ലാസുകളെയും ഇതു ബാധിക്കും. ∙ ജെ.എസ്.നന്ദന, പ്ലസ് വൺ വിദ്യാർഥി,ശിവറാം എൻഎസ്എസ് എച്ച്എസ്എസ് കേരളപുരം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA