ADVERTISEMENT

കൊല്ലം ∙ കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലായി 93 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു നടത്തിയ ഹർത്താലിൽ അങ്ങിങ്ങ് അക്രമം. സ്വകാര്യ വാഹനങ്ങൾ പലയിടത്തും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെഎസ്ആർടിസി ബസുകൾ കോൺവോയ് അടിസ്ഥാനത്തിൽ സർവീസ് നടത്തിയെങ്കിലും പലയിടത്തും കല്ലേറുണ്ടായി. ചരക്കുലോറികൾക്കു നേരെയും കല്ലേറുണ്ടായി. പലയിടത്തും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രകടനം നടത്തി.

കൊല്ലം അയത്തിൽ കല്ലേറിൽ തകർന്ന കെഎസ്ആർടിസി ബസ്.

ബസുകൾക്ക് നേരെ അക്രമം; കണ്ടക്ടർക്കു പരുക്ക്

പുനലൂർ കരവാളൂരിൽ കെഎസ്ആർടിസി ബസിനു നേരെ നടന്ന കല്ലേറിൽ കണ്ടക്ടറുടെ കണ്ണിനും മറ്റൊരു യാത്രക്കാരനും പരുക്കു പറ്റി. പത്തനംതിട്ട ഡിപ്പോയിൽ നിന്നു പുനലൂർ വഴി‍  തിരുവനന്തപുരത്തേക്കു പോകവേ കരവാളൂർ കെഐപി പാലത്തിനു സമീപം സ്കൂട്ടറിലെത്തിയ രണ്ടു പേർ ബസിന്റെ ഗ്ലാസ് എറിഞ്ഞുതകർക്കുകയായിരുന്നു. ചില്ല് കൊണ്ടാണ് വിതുര ഡിപ്പോയിലെ കണ്ടക്ടർ രാകേഷിന്റെ(45) കണ്ണിനു പരുക്കേറ്റത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മറ്റൊരു യാത്രക്കാരനും നേരിയ പരുക്കുണ്ടെന്നു പൊലീസ് പറഞ്ഞു.

കൊല്ലം തട്ടാമലയിൽ ഹർത്താൽ അനുകൂലികളുടെ കല്ലേറിൽ തകർന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്.

കൊല്ലം നഗരത്തിൽ രാവിലെ 2 കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. കൊട്ടാരക്കരയിൽ നിന്നു മൂകാംബികയ്ക്കു പോയ ബസിനു നേരെ സംസ്ഥാന അതിർത്തിയിൽ കല്ലേറുണ്ടായി. കൊട്ടിയത്തു നിന്ന് ആയൂരിലേക്കു വന്ന കെഎസ്ആർടിസി ബസിനു നേരെ ഓയൂർ കരിങ്ങന്നൂരിൽ രണ്ടംഗ സംഘം കല്ലെറിഞ്ഞു. ചില്ലുകൾ തകർന്നു. സംഘം ബൈക്കിൽ കടന്നുകളഞ്ഞു.

തട്ടാമല, അയത്തിൽ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. രാവിലെ 7 നു ദേശീയപാതയിൽ തട്ടാമല സ്കൂളിനടുത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിനു നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. തിരുവനന്തപുരത്തു നിന്നു മലപ്പുറത്തേക്കു പോയ ബസിനു നേരെയാണ് കല്ലേറുണ്ടായത്.  കൊല്ലം-ആയൂർ സംസ്ഥാന പാതയിൽ അയത്തിൽ രണ്ടാം നമ്പർ ജംക്‌ഷനിൽ കുളത്തുപ്പുഴയിൽ നിന്നു കൊല്ലത്തേക്കു വന്ന കെഎസ്ആർടിസി വേണാട് ബസിന്റെ ചില്ലുകൾ  എറിഞ്ഞുതകർത്തു.

പൊലീസ് സംരക്ഷണയിൽ കൊട്ടാരക്കര ഡിപ്പോയിൽ നിന്നു കൊല്ലത്തേക്കു പുറപ്പെടുന്ന കെഎസ്ആർടിസി ബസുകൾ.

ചരക്കുലോറിക്ക് നേരെയും അക്രമം

തട്ടാമലയിൽ റെയിൽവേ മെയിൽ സർവീസിന്റെ ലോറിയുടെ ചില്ല് ബൈക്കിൽ വന്ന 2 പേർ കല്ലെറിഞ്ഞു തകർത്തു. ഇരവിപുരം പൊലീസ് സ്റ്റേഷൻ കേസെടുത്തു. ബൈക്കിലെത്തിയ രണ്ടംഗ സംഘം ദേശീയപാതയിൽ ചവറയിലെ വിവിധ പ്രദേശങ്ങളിൽ നിർത്തിയിട്ടിരുന്നതും ഓടിക്കൊണ്ടിരുന്നതുമായ ലോറികളുടെ മുൻവശത്തെ ചില്ലുകൾ എറിഞ്ഞുതകർത്തു. ഇതരസംസ്ഥാനത്തുള്ള ലോറികളാണ് കൂടുതലും ആക്രമിക്കപ്പെട്ടത്. കൊല്ലം– തിരുമംഗലം ദേശീയപാതയിൽ തമിഴ്നാട്ടിൽ നിന്നു സിമന്റ് കയറ്റി കരുനാഗപ്പള്ളിയിലേക്കു പോയ ലോറിക്കു നേരെ പുനലൂർ ടിബി ജംക്‌ഷനും  വാളക്കോടിനും മധ്യേ ബൈക്കിൽ എത്തിയ രണ്ടുപേർ കല്ലെറിഞ്ഞു. ഇവർ തെന്മല ഭാഗത്തേക്കു കടന്നു. കരുനാഗപ്പള്ളി പുത്തൻതെരുവിൽ ഹർത്താൽ അനുകൂലികൾ ലോറിക്കു കല്ലെറിഞ്ഞു ലോറിയുടെ മുൻവശത്തെ ഗ്ലാസ് പൊട്ടി.

ഹർത്താലിനോടനുബന്ധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊല്ലത്തു നടത്തിയ പ്രകടനം.

കേസെടുത്തു

കൊല്ലം ∙ ഹർത്താലിൽ അക്രമം നടത്തിയവർക്കെതിരെ കർശന നടപടികളുമായി സിറ്റി പൊലീസ്. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ–സംസ്ഥാന നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് ഒട്ടാകെ നിയമവിരുദ്ധമായി നടത്തിയ ഹർത്താലിൽ സിറ്റി പൊലീസ് പരിധിയിൽ വിവിധ അക്രമപ്രവർത്തനങ്ങൾക്കെതിരെ 14 കേസുകൾ റജിസ്റ്റർ ചെയ്യുകയും 12 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേർന്ന് അക്രമപ്രവർത്തനങ്ങൾ നടത്തിയതിനുമാണ് ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.

പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ നിഖിൽ ആശുപത്രിയിൽ., 2. പുനലൂർ കരവാളൂരിൽ തിരുവനന്തപുരത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസിനു നേരെയുണ്ടായ കല്ലേറിൽ പരുക്കേറ്റ കണ്ടക്ടർ രാകേഷ്

ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 5 കേസുകൾ റജിസ്റ്റർ ചെയ്യുകയും 7 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. കരുനാഗപ്പള്ളി, ചവറ സ്റ്റേഷൻ പരിധിയിൽ 2 വീതം കേസുകളും കൊല്ലം ഈസ്റ്റ്, ഓച്ചിറ, അഞ്ചാലുംമൂട്, കൊട്ടിയം, കണ്ണനല്ലൂർ സ്റ്റേഷൻ പരിധിയിൽ ഓരോ കേസുകളും റജിസ്റ്റർ ചെയ്തു. റൂറലിൽ 58 പേരെ അറസ്റ്റ് ചെയ്യുകയും 57 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. കൊല്ലം ഈസ്റ്റിൽ 3 പേരെയും അഞ്ചാലുംമൂട്, കിളികൊല്ലൂർ സ്റ്റേഷനുകളിൽ ഓരോരുത്തരെ വീതവും കരുതൽ തടങ്കലിലാക്കി. ഹർത്താലിന്റെ ഭാഗമായി നടന്ന നിയമവിരുദ്ധ അക്രമ പ്രവർത്തനങ്ങളിൽ 164 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഹർത്താൽ നടത്തം: ഹർത്താൽ ദിനത്തിൽ തിരക്കൊഴിഞ്ഞ മൈലക്കാട് ദേശീയപാതയിലൂടെ രാവിലെ ആനയെ നടക്കാൻ കൊണ്ടു വന്നപ്പോൾ. ചിത്രം: മനോരമ.

കൊല്ലം പള്ളിമുക്കിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ഇരവിപുരം സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് നിർദേശം നൽകിയിരുന്നു. തുടർന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com