ADVERTISEMENT

കൊല്ലം∙ ഇതരസംസ്ഥാനത്തു നിന്നെത്തുന്ന ലോറികൾ  സ്ഥിരം പാർക്കിങ് മേഖലയാക്കി ലിങ്ക് റോഡിനെ മാറ്റിയതോടെ ഗതാഗത തടസ്സവും അപകടവും പതിവ്. ലോറികൾ പാർക്ക് ചെയ്യുന്നതിന് എസ്ബിഐ ജംക്‌ഷനു സമീപം ലോറി സ്റ്റാൻഡ് നിലനിൽക്കെയാണ് അതൊഴിവാക്കി ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന ലോറികൾ രാപകൽ ഭേദമില്ലാതെ ലിങ്ക് റോഡിൽ പാർക്ക് ചെയ്യുന്നത്. ലോറികൾ നിരത്തിയിട്ടിരിക്കുന്നത് അപകടങ്ങൾക്കു കാരണമാകുന്നു. ഗതാഗത തടസ്സവും ഉണ്ടാകുന്നു.ചിന്നക്കടയിലെ ഗതാഗതക്കുരുക്കിൽ അകപ്പെടാതെ കപ്പലണ്ടിമുക്കിൽ തിരിഞ്ഞു നാലുവരിപ്പാത വഴി ലിങ്ക് റോഡിലൂടെ താലൂക്ക് ഓഫിസ് ജംക്‌ഷനിൽ തടസ്സമില്ലാതെ എത്തുന്നതിനായിരുന്നു റോഡിന്റെ നിർമാണം.

എന്നാൽ നഗരത്തിൽ ഏറ്റവും കൂടുതൽ കയ്യേറ്റം നടക്കുന്ന റോഡ് ആയി ഇതു മാറി. ബങ്ക് ഉടമകൾ, തട്ടുകടക്കാർ, ഭക്ഷണപ്പൊതികളുമായി എത്തി കച്ചവടം നടത്തുന്നവർ, കരിക്കു വിൽപനക്കാർ തുടങ്ങിയവരെല്ലാം റോഡ് കയ്യേറി. ഇതിനു പുറമേയാണ് ഇതര സംസ്ഥാനത്തു നിന്നുള്ള ലോറികളുടെ താവളമായി മാറിയത്. ചിന്നക്കട മണിമേടയ്ക്കു സമീപത്തു നിന്നൊഴിപ്പിച്ച കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനു സ്ഥാപിച്ച ബങ്കുകൾ ഏറ്റെടുത്തവർ സാധനങ്ങൾ റോഡിൽ ഇറക്കിവച്ചാണ് കച്ചവടം നടത്തുന്നത്.

"ലിങ്ക് റോഡിലെ കയ്യേറ്റത്തിനെതിരെ അടിയന്തര നടപടി എടുക്കും. കൊല്ലം –ചെങ്കോട്ട റോഡ്, സെന്റ് ജോസഫ്സ് സ്കൂളിന്റെ മുൻവശം എന്നിവിടങ്ങളിലും വ്യാപകമായ കയ്യേറ്റമാണ്. ഇവയെല്ലാം വലിയ ഗതാഗത തടസ്സത്തിനു കാരണമാകുന്നുണ്ട്. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കും" –ജി.ഉദയകുമാർ  കോർപറേഷൻ പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com