ADVERTISEMENT

തെന്മല ∙ കലക്ടറുടെ നിർദേശവും ഫലം കണ്ടില്ല; ദേശീയപാതയിൽ അപകടത്തിന് ഇപ്പോഴും കുറവില്ല. കഴിഞ്ഞ ജൂൺ 21ന് അപകടമേഖല സംബന്ധിച്ചു ചേർന്ന യോഗത്തിലാണ് ആര്യങ്കാവ് - പുനലൂർ പാതയിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണമെന്ന് നിർദേശിച്ചത്. എന്നാൽ ഇപ്പോഴും പാതയിലെ പട്രോളിങ് പഴയപടിതന്നെ. പുനലൂർ മുതൽ ആര്യങ്കാവ് വരെ പുനലൂർ, തെന്മല പൊലീസ് സ്റ്റേഷൻ പരിധിയിൽക്കൂടിയാണ് ദേശീയപാത കടന്നു പോകുന്നത്. 

ഈ സ്റ്റേഷനുകളിലെ പതിവ് പരിശോധനകൾ പോലും നടക്കാറില്ലെന്നാണ് ആക്ഷേപം. ഹൈവേ പൊലീസ് സ്ഥിരം സ്ഥലങ്ങളിലെ പരിശോധനകളാണ് തുടരുന്നത്. പൊലീസ് പരിശോധനകൾ കുറഞ്ഞതോടെ ദേശീയപാതയിലെ അപകടവും വർധിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ചെറുതും വലുതുമായി അൻപതോളം അപകടങ്ങളാണ് ആര്യങ്കാവ് പാതയിലുണ്ടായത്. ഇതിൽ ആര്യങ്കാവ് മുരുകൻപാഞ്ചാലിലും കലയനാടുമുണ്ടായ അപകടങ്ങളിൽ ദമ്പതികളടക്കം മൂന്നു പേർ മരിച്ചിരുന്നു.

ഇന്ധനം ലാഭിക്കാൻ‍ ന്യൂട്രലിൽ ഓട്ടം

തമിഴ്നാട്ടിൽ നിന്നും ചരക്കുമായെത്തുന്ന ഒട്ടുമിക്കവാഹനങ്ങളും ഇന്ധനം ലാഭിക്കാൻ ന്യൂട്രലിലാണ് ഇറക്കം ഇറങ്ങി വരുന്നത്. ഇങ്ങനെ വരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടം സംഭവിക്കാനും സാധ്യതയേറെയാണ്. കോട്ടവാസലിൽ നിന്ന് ന്യൂട്രലിൽ ഇറങ്ങുന്ന വാഹനം ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റുവരെ ഓടിയെത്തും. അടുത്തത് തെന്മല ഡാം ഇറക്കത്ത് ന്യൂട്രലിൽ ഓടിയാൽ ഡാം പാലംവരെ എത്താം. ലുക്കൗട്ട് ഇറക്കം, ഉറുകുന്ന് കനാൽപാലം ഇറക്കം, ഇടമൺ 34 ഇറക്കം, പ്ലാച്ചേരി ഇറക്കം എന്നിവിടങ്ങളാണ് ന്യൂട്രലിൽ വാഹനങ്ങൾ ഓടുന്നത്.

കലയനാട് ന്യൂട്രലിൽ ചരക്ക് ലോറി എത്തിയതാണ് സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികളുടെ മരണത്തിന് ഇടയാക്കിയത്.ഒട്ടുമിക്ക അപകടങ്ങൾക്കും കാരണം ഡ്രൈവർ മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഓണത്തിന് മദ്യപിച്ച് വാഹനം ഓടിച്ച് ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ച സംഭവം ഉണ്ടായിരുന്നു. മോട്ടർ വാഹന വകുപ്പ് കിഴക്കൻമേഖലയിലേക്കു പരിശോധനയ്ക്കായി എത്തിയ കാലം മറന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

ടിപ്പറുകളുടെ മരണവേഗം

തമിഴ്നാട്ടിൽ നിന്നു ക്വാറി ഉൽപന്നങ്ങളുമായെത്തുന്ന  ടിപ്പറുകൾ രാത്രി  അതിർത്തിയിൽ തടഞ്ഞിടുന്നതിനാൽ രാവിലെ 6 മുതൽ ആര്യങ്കാവ് പാതയിൽ മരണവേഗത്തിലാണ് ഇവ ഓടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com