ADVERTISEMENT

കുന്നത്തൂർ ∙ മഴയെത്തിയാൽ വെള്ളത്തിലാകുന്ന മാനാമ്പുഴ പെരുങ്കുളഞ്ഞി ഏലായെ സംരക്ഷിക്കാൻ സമഗ്രമായ പദ്ധതികൾ വേണമെന്ന ആവശ്യവുമായി കർഷകർ രംഗത്ത്. കല്ലുപാലം മുതൽ കരിമ്പിൻപുഴ വരെ നീളുന്ന ഏലാ തോടിന്റെ വശങ്ങൾ ഇടിഞ്ഞു വെള്ളം പരന്നൊഴുകുന്നതിനാൽ വിളകളെല്ലാം ദിവസങ്ങളോളം വെള്ളത്തിലാകും. വാഴയും മരച്ചീനിയും വെറ്റക്കൊടിയും പാവലും കാച്ചിലും ചേമ്പും ചേനയും ഇഞ്ചിയും പടവലവുമെല്ലാം അഴുകിനശിക്കുന്നതിനാൽ ഇവിടെ കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയാണ്.

വേനലാകുമ്പോൾ കൈതറേത്ത് അണക്കെട്ടിൽ വെള്ളം തടഞ്ഞുനിർത്തിയാണ് ഓരോ പാടങ്ങളിലേക്കും ജലവിതാനം ഉറപ്പാക്കുന്നത്. ഇതിനായി കനാൽ ജലത്തെയാണ് ആശ്രയിക്കുന്നത്. തോടിനു പാർശ്വഭിത്തി നിർമിച്ച് ഏലായെ സംരക്ഷിക്കണം.നഷ്ടത്തിന്റെ കണക്ക് മാത്രമാണു ശേഷിക്കുന്നതെന്നും കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണെന്നും കർഷകർ പറഞ്ഞു.

മാനാമ്പുഴ പെരുങ്കുളഞ്ഞി ഏലായിലെ വിവിധ കൃഷികൾ.
മാനാമ്പുഴ പെരുങ്കുളഞ്ഞി ഏലായിലെ വിവിധ കൃഷികൾ.

സംരക്ഷണത്തിനായി തീറ്റപ്പുല്ല് കൃഷി  

സർക്കാർ വകുപ്പുകൾ കൈവിട്ടതോടെ ഏലാ തോടിന്റെ സംരക്ഷണത്തിനായി കർഷകർ കണ്ടെത്തിയ വഴിയാണു തീറ്റപ്പുല്ല് കൃഷി. തോടിന്റെ വശങ്ങളിൽ തീറ്റപ്പുല്ല് വളർത്തി തിട്ട ഇടിയാതെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണു കർഷകർ. കന്നുകാലി വളർത്തലിനും ഇതു സഹായകരമാണ്. എന്നാൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി എത്തുന്ന തൊഴിലാളികൾ സംരക്ഷണത്തിനെന്ന പേരിൽ തീറ്റപ്പുല്ല് വ്യാപകമായി നശിപ്പിക്കുന്നതായി പരാതിയുണ്ട്.പള്ളം വരെ തോടിന്റെ ഒരു വശത്ത് കയർഭൂവസ്ത്രം വിരിച്ചെങ്കിലും പ്രയോജനപ്പെട്ടില്ലെന്നും പദ്ധതികൾ ദീർഘവീക്ഷണത്തോടെ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും കർഷകർ പറഞ്ഞു.

ഏലായ്ക്ക് കുറുകെ റോഡ് വേണം 

നാട്ടിശേരി, ഐവർകാല, മാനാമ്പുഴ, കരിമ്പിൻപുഴ മേഖലകളെ ബന്ധിപ്പിച്ചുള്ള പെരുങ്കുളഞ്ഞി ഏലായിൽ റോഡ് വേണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാറയ്ക്കൽ വരെയും ഇളമ്പള്ള്പാട്ട് വരെയും എത്തിനിൽക്കുന്ന റോഡിനെ ബന്ധിപ്പിക്കുന്ന തരത്തിൽ പദ്ധതി വേണമെന്നാണ് ആവശ്യം. പണ്ട് റോഡ് നിർമാണത്തിനായി നാട്ടുകാർ ചേർന്നു ധനസമാഹരണം നടത്തിയെങ്കിലും യാഥാർഥ്യമാക്കാനായില്ല.കൃഷിയിടങ്ങളിലേക്കു സാധനങ്ങൾ തലച്ചുമടായി എത്തിക്കുകയാണ് ഇപ്പോൾ. ഇതു വലിയ നഷ്ടമാണെന്നാണ് കർഷകർ പറയുന്നത്. ‌‌‌

‘സർക്കാർ വകുപ്പുകൾ മുൻകയ്യെടുക്കണം’

"പ്രകൃതിക്ഷോഭങ്ങളിൽനിന്ന് ഉൾപ്പെടെ മാനാമ്പുഴ പെരുങ്കുളഞ്ഞി ഏലായിൽ കൃഷിക്കും കർഷകർക്കും സംരക്ഷണം കൊടുക്കാൻ സർക്കാർ വകുപ്പുകൾ മുൻകയ്യെടുക്കണം. മണ്ണൊലിപ്പ് തടയുന്നതിനും തോടിന്റെ വീതികൂട്ടി പാർശ്വഭിത്തി നിർമിക്കുന്നതിനും ശാസ്ത്രീയമായ തരത്തിൽ പദ്ധതികൾ ആവിഷ്കരിക്കണം. ഇതിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കണം. കൃഷി മന്ത്രിക്ക് ഉൾപ്പെടെ ഇതു സംബന്ധിച്ച് അപേക്ഷകൾ സമർപ്പിച്ചു നടപടികൾ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്."- ബി.ഹരികുമാർ,മലയാള മനോരമ ഏജന്റ്, നെടിയവിള 

"300 മീറ്റർ നീളത്തിലെങ്കിലും തോടിനു പാർശ്വഭിത്തി ഉറപ്പാക്കിയില്ലെങ്കിൽ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. 1000 രൂപയോളം കൂലി കൊടുത്തു ചെയ്യുന്ന കൃഷി മഴയിൽ അഴുകി നശിക്കുന്നത് കർഷകർക്കു വലിയ നഷ്ടമാണ്. തോട് നവീകരണവും ഏലായ്ക്കു കുറുകെ റോഡും ഉറപ്പാക്കണം." - ചന്ദ്രശേഖരൻ പിള്ള,കർഷകൻ

"കഴിഞ്ഞ മഴയിൽ ഇരുനൂറോളം വാഴകൾ നശിച്ചു. തോട് നിരന്നൊഴുകുന്നതു കാരണം മരച്ചീനി ഉൾപ്പെടെയുള്ള വിളകൾ അഴുകി നശിക്കുകയാണ്. പുതിയ കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ്. തോട് അതിരു തിരിച്ചു പാറ കെട്ടണം. ദീർഘവീക്ഷണത്തോടെ പദ്ധതി നടപ്പാക്കണം." - ഡി.മോഹനൻ,കർഷകൻ

"ഏലായെ കൃഷിക്കു പ്രയോജനപ്പെടുത്തുന്ന തരത്തിൽ പദ്ധതികൾ വേണം. തോടിന്റെ പുറമ്പോക്ക് കണ്ടെത്തി റോഡ് നിർമിക്കണം. ട്രാക്ടര്‍ പാസേജും വോക് വേയും ഉള്‍പ്പെടെ ഉറപ്പാക്കണം. തലച്ചുമടായി സാധനങ്ങൾ എത്തിക്കേണ്ടി വരുന്നതു കനത്ത നഷ്ടമാണ്." - ടി.അനിരുദ്ധൻ,കർഷകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com