പന്തുരുളാൻ കാത്തിരിപ്പ്; കുരുക്ക് എന്നഴിയും?

കറവൂർ വാലുതുണ്ടിലെ കളിസ്ഥലം.
കറവൂർ വാലുതുണ്ടിലെ കളിസ്ഥലം.
SHARE

പത്തനാപുരം ∙ നിയമക്കുരുക്ക് അഴിക്കാൻ ആരുമില്ല, കുരുക്കഴിഞ്ഞാൽ മലയോരത്തിനു ലഭിക്കുക രാജ്യാന്തര നിലവാരത്തിൽ ഫുട്ബാൾ മൈതാനം നിർമിക്കാനുള്ള സ്ഥലം. പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെട്ട ഭൂമി വനഭൂമിയാണെന്ന വനം വകുപ്പ് റിപ്പോർട്ടുണ്ട്. പിറവന്തൂർ പഞ്ചായത്തിലെ കറവൂർ വാലുതുണ്ടിലെ കളിസ്ഥലമാണ് നിയമക്കുരുക്കിൽപ്പെട്ടു വലയുന്നത്. 1970കളിൽ കളിസ്ഥലമായി ഉപയോഗിക്കുന്നതിനു പഞ്ചായത്തിനു കൈമാറാൻ തീരുമാനമെടുത്ത ഭൂമിയാണിത്. പത്തനാപുരം-കറവൂർ റോഡ് വശത്ത് രണ്ട് ഹെക്ടർ ഭൂമിയാണ് പഞ്ചായത്തിനു നൽകാൻ തീരുമാനിച്ചത്.  ഇതനുസരിച്ച് ആസ്തി റജിസ്റ്ററിൽ ഉൾപ്പെടുത്തിയെങ്കിലും തുടർ നടപടികൾ മുന്നോട്ടുപോയില്ല. 

നിയമപരമായി വനം വകുപ്പിന്റേതാണ് ഭൂമിയെങ്കിലും പഞ്ചായത്തും സമീപത്തെ ക്ലബ്ബുകളുമാണ് ഭൂമിയിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. എന്നാൽ പൂർണമായി പഞ്ചായത്തിനു കൈമാറാൻ കഴിയാത്തതിനാൽ ഗ്രൗണ്ട് നവീകരിക്കാനോ മറ്റോ കഴിയുന്നില്ല. പൊതുവേ കളിസ്ഥലം കുറവുള്ള മലയോര മേഖലയിലെ കായികപ്രേമികൾക്ക് ഉണർവാകേണ്ട ഫുട്ബാൾ മൈതാനമാണ് ഇത്. നിലവിൽ ക്ലബ്ബുകൾ നടത്തുന്ന ടൂർണമെന്റുകളും മറ്റും ഇവിടെയാണ് സംഘടിപ്പിക്കുന്നത്. 

കളിസ്ഥലം കഥ പറയുമ്പോൾ

വനഭൂമി കളിസ്ഥലമായി വിട്ടു ലഭിക്കുന്നതിൽ ചുക്കാൻ പിടിച്ചത് നാട്ടിലെ മൂന്നു ചെറുപ്പക്കാരായിരുന്നു. മാധവ വിലാസത്തിൽ കെ.സുധാകരൻ, ചാങ്ങാട്ട് കെ.പ്രസന്നരാജൻ, കളീയ്ക്കൽ തങ്കച്ചൻ എന്നിവരായിരുന്നു അവർ. ചുറ്റും വനമാണെങ്കിലും കളിക്കാൻ ഭൂമിയില്ലാതെ വലഞ്ഞിരുന്ന യുവാക്കൾക്കു വേണ്ടി മൂന്നു പേരും ചേർന്ന് ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. നാട് മുഴുവൻ പിരിച്ച് ലഭിച്ച 73 രൂപയായിരുന്നു ആകെയുള്ള സമ്പാദ്യം. ഭരണിക്കാവിൽ താമസിച്ചിരുന്ന അന്നത്തെ പത്തനാപുരം എംഎൽഎ പി.കെ.രാഘവനെ തേടിയായിരുന്നു ആദ്യ യാത്ര. 

എംഎൽഎയ്ക്കൊപ്പം തിരുവനന്തപുരത്തു മന്ത്രിയെ കാണാനെത്തിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനാൽ കഴിഞ്ഞില്ല. പിന്നീടു വനം സിസിഎഫിനെ കണ്ടു. അടുത്ത ദിവസം പുനലൂരിലെത്തിയ അദ്ദേഹം കളിസ്ഥലത്തിനു വേണ്ടി ഭൂമി വിട്ടു നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡിഎഫ്ഒയോട് നിർദേശിക്കുകയും, റിപ്പോർട്ട് തേടുകയും ചെയ്തു. എന്നാൽ പിന്നീട് മറ്റു നടപടികൾ മുന്നോട്ടു പോയില്ല. 

"നിയമക്കുരുക്ക് അഴിക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഇടപെടണം. ഫുട്ബാൾ കളിക്കാരും ആരാധകരും ഏറെയുള്ള താലൂക്കിൽ രാജ്യാന്തര നിലവാരത്തിൽ ഫുട്ബാൾ മൈതാനം വേണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വനം വകുപ്പിന്റെ നിയമപരമായ തടസ്സം ഒഴിവാക്കുന്നതിന് ചർച്ച നടത്തണം." - രഞ്ജിത്ത്, കറവൂർ(മലയാള മനോരമ ഏജന്റ്)  

"ഗ്രൗണ്ടിന്റെ നവീകരണത്തിനും നിയമക്കുരുക്ക് അഴിക്കുന്നതിനും സംവിധാനമുണ്ടാക്കും. കൂടുതൽ ശക്തമായ ഇടപെടൽ ഉണ്ടാകണം" - സോണി(ബ്ലോക്ക് പഞ്ചായത്തംഗം)

"ഭൂമി പൂർണമായി പഞ്ചായത്ത് ഏറ്റെടുക്കണം. താലൂക്കിൽ കായികപ്രേമികൾക്കു മറ്റു മാർഗങ്ങളില്ല. മലയോര മേഖലയിലെ കായിക പ്രതിഭകളെ വളർത്താൻ ഇതുപകരിക്കും." - കണ്ണൻ(പ്രദേശവാസി) 

"കളിസ്ഥലം വിട്ടു നൽകുന്നതിന് വനം വകുപ്പ് തയാറാകണം. യുവാക്കളുടെ ഏക പ്രതീക്ഷയാണ് ഇത്." - പ്രജിൻ,  (പ്രസിഡന്റ് യുവദീപ്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്)

                     

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA