കൊട്ടാരക്കര∙ ഓൺലൈൻ ഷോപ്പിങ് കമ്പനിയുടെ വാർഷിക നറുക്കെടുപ്പിൽ ആഡംബര കാർ സമ്മാനമായി ലഭിച്ചെന്നു സമൂഹമാധ്യമത്തിലൂടെയും മൊബൈൽ ഫോണിലൂടെയും വ്യാജമായി പ്രചരിപ്പിച്ച് അധ്യാപികയുടെ പക്കൽ നിന്നു 14,72,400 രൂപ തട്ടിയെടുത്ത നാലു പ്രതികളെ കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസിനു കൈമാറി. സമാനമായ കേസിൽ വയനാട് സൈബർ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഡൽഹി സംഘം പാർക്ക് ആർപി ബാഗ് സ്വദേശി പ്രവീൺ, ബിഹാർ ഗയ വസിർഗഞ്ച് പത്രോറ കോളനി സ്വദേശി സിന്റു ശർമ, ഡൽഹി സരസ്വതി വിഹാർ ഷക്കുർപുർ കോളനിയിൽ അഭിഷേക്. എസ്.പിള്ള, ഡൽഹി ജഹാംഗീർപുരി സ്വദേശി അമൻ എന്നിവരാണ് അറസ്റ്റിലായത്.
ഓൺലൈൻ ഷോപ്പിങ് കമ്പനിയിൽ നിന്ന് ആഡംബര കാർ സമ്മാനമായി ലഭിച്ചെന്നായിരുന്നു അധ്യാപികയ്ക്കെത്തിയ സന്ദേശം. ഇതു വിശ്വസിച്ച അധ്യാപിക കാറിനു പകരം പണം മതിയെന്ന് അറിയിച്ചു. തുടർന്ന് ടിഡിഎസ്, ഇൻകംടാക്സ്, മണി സെക്യൂരിറ്റി ഫണ്ട് ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെട്ടു. മലയാളത്തിലായിരുന്നു പ്രതികൾ ആശയ വിനിമയം നടത്തിയത്. കഴിഞ്ഞ ജൂലൈ 26 ന് കൊല്ലം റൂറൽ എസ്പി കെ.ബി രവിക്കു പരാതി നൽകി.
കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ്. പി.ജോർജ്, സബ് ഇൻസ്‌പെക്ടർ എ.എസ്.സരിൻ, ടി.പ്രസന്ന കുമാർ, സിവിൽ പൊലീസ് ഓഫിസർ ജി.കെ.സജിത്ത് , രജിത് ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. കൂടുതൽ പേർ തട്ടിപ്പിനിരയായതായി സംശയിക്കുന്നു.