ADVERTISEMENT

കൊല്ലം∙ കുടുംബശ്രീ യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു യൂണിറ്റിന്റെ ഭാരവാഹിയുമായി ബന്ധപ്പെട്ട ചിലർ കൂടുതൽ തുകകൾ കൈമാറ്റം നടത്തിയതായി സംശയം. പണം പിൻവലിക്കാൻ പുതിയ ചെക്ക് ബുക്കിനു കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും ബാങ്കിനെ സമീപിച്ചതാണു കൂടുതൽ പണമിടപാടു നടന്നതായി സംശയിക്കാൻ കാരണം. 

ഒരു ചെക്ക് ബുക്കിൽ 20 ചെക്ക് ലീഫുകളാണ് ഉള്ളത്. ഇങ്ങനെ കുടുംബശ്രീ യൂണിറ്റിനു ലഭ്യമായ 2 ചെക്ക്ബുക്കുകൾ തീർന്നതിനാൽ പുതിയ ചെക്ക്ബുക്കിന് അപേക്ഷ നൽകിയിരുന്നു. 40 ചെക്കുകളിലൂടെ നടത്തിയ പണമിടപാടുകൾ എന്ത് ആവശ്യത്തിനാണ് എന്നതിനെക്കുറിച്ചു കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങൾക്ക് അറിവില്ല. ഒരു ചെക്ക് ബുക്ക്  ബാങ്കിൽ നിന്നു ലഭിച്ചതായി മാത്രമേ യൂണിറ്റ് അംഗങ്ങൾക്ക് അറിവുള്ളൂ. രണ്ടാമത്തെ ചെക്ക് ബുക്ക് തീർന്നതും പുതിയ ബുക്കിന് അപേക്ഷ നൽകിയതും ഇപ്പോൾ മാത്രമാണ് മറ്റംഗങ്ങൾ അറിഞ്ഞത്. 

പൊൻപുലരി കുടുംബശ്രീ യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂണിറ്റിലെ 5 അംഗങ്ങൾ  സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മരുത്തടി ശാഖയെ ഇന്നലെ സമീപിച്ചിരുന്നു. കുടുംബശ്രീ യൂണിറ്റുകളുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് യൂണിറ്റ് അംഗങ്ങളുടെ പേരിൽ അവരുടെ അറിവില്ലാതെ വായ്പ തരപ്പെടുത്തിയ സംഭവം ഒരു വർഷം മുൻപാണ് കോർപറേഷനിൽ നടന്നത്. തെക്കേവിള ഡിവിഷനിലെ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ പേരിൽ വായ്പയെടുത്തു സിപിഎം അനുകൂല പ്രവർത്തകർ തുക സ്വന്തമാക്കിയതായാണ് ആരോപണം. 

പോളയത്തോട്ടിലെ ദേശസാൽകൃത ബാങ്ക് ശാഖയിൽ നിന്നാണു കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ വായ്പ എടുത്തത്. എന്നാൽ ഈ വിവരം അറിയാതെ കുടുംബശ്രീ യൂണിറ്റ് അംഗമായ വീട്ടമ്മ ഫാം തുടങ്ങുന്നതിനായി ദേശസാൽകൃത ബാങ്കിൽ വായ്പ അപേക്ഷ നൽകി.  വായ്പ തിരിച്ചടവിന് ഒരാൾക്ക് എത്രമാത്രം ശേഷിയുണ്ടെന്നു പരിശോധിക്കാൻ ബാങ്കുകൾ ഉപയോഗിക്കുന്ന സിബിൽ (ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്) സ്കോറിൽ വീട്ടമ്മയ്ക്ക് വായ്പ തിരിച്ചടവുണ്ടെന്നു കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു. 

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തന്റെ പേരിൽ കുടുംബശ്രീ യൂണിറ്റിൽ വായ്പയെടുത്തതായി വീട്ടമ്മ അറിയുന്നത്. സിപിഎം അനുഭാവ കുടുംബമായതിനാൽ പാർട്ടി നേതൃത്വം ഇടപ്പെട്ടു കുടുംബശ്രീ വായ്പ തിരിച്ചടച്ചു വീട്ടമ്മയുടെ പ്രശ്നം പരിഹരിക്കുകയായിരുന്നു. കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫ് രണ്ടു തവണ ഈ വിഷയം കോർപറേഷൻ കൗൺസിലിൽ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com