കുടുംബശ്രീ യൂണിറ്റിൽ ബെനാമി ഇടപാടുകൾ ഡയറക്ടർ റിപ്പോർട്ട് തേടി

money-cash-rupees
SHARE

കൊല്ലം∙ കോ‍ർപറേഷന്റെ ആലാട്ടുകാവ് ഡിവിഷനിലെ പൊൻപുലരി കുടുംബശ്രീ യൂണിറ്റിൽ നടന്ന അനധികൃത പണമിടപാടുകളെക്കുറിച്ചു കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ജില്ലാ കുടുംബശ്രീ മിഷനോടു റിപ്പോർട്ട് തേടി. സിഡിഎസ് ഭാരവാഹികളിൽ നിന്നും കോർപറേഷനിൽ കുടുംബശ്രീയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ തേടിയ ശേഷം റിപ്പോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർക്കു സമർപ്പിക്കും. 

കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ മരുത്തടിയിലെ സെൻട്രൽ ബാങ്ക് ശാഖ വഴി നടന്ന പണമിടപാടുകളിൽ പലതും ബെനാമി ഇടപാടുകളുടേതാണെന്ന സൂചനയും കുടുംബശ്രീ മിഷനു ലഭിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ പരിപാടിയിൽ 2000 പേർക്കു വീതം 2 ദിവസം ഭക്ഷണം നൽകിയതിന്റെ തുകയാണ് അക്കൗണ്ടിൽ വന്നതെന്നു കുടുംബശ്രീ യൂണിറ്റ് ഭാരവാഹികൾ വിശദീകരിക്കുമ്പോഴും മറ്റംഗങ്ങൾ ഈ കരാറിനെക്കുറിച്ച് അറിഞ്ഞിട്ടില്ല. സർവകലാശാലയുടെ പരിപാടിക്കു ഭക്ഷണം നൽകാൻ കരാറെടുത്തതാകട്ടെ പൊൻപുലരി യൂണിറ്റുമായി ഒരു ബന്ധവുമില്ലാത്ത തേവലക്കര സ്വദേശിയായ ജില്ലാ പഞ്ചായത്ത് ഓഫിസിലെ കന്റീൻ നടത്തിപ്പുകാരിയാണ്. ഇവരുടെ പേരിൽ കരാറെടുത്ത ശേഷം ഒരു തുക കുടുംബശ്രീ യൂണിറ്റുമായി ബന്ധപ്പെട്ട ചിലർ കൈക്കലാക്കിയെന്നാണു കുടുംബശ്രീ മിഷന്റെ അന്വേഷണത്തിൽ തെളിയുന്നത്. 

കുടുംബശ്രീ യൂണിറ്റിന്റെ പേരിലാകുമ്പോൾ സർക്കാർ ടെൻഡറുകൾ ലഭിക്കാൻ എളുപ്പമാണ്. പാർട്ടിയിലെ സ്വാധീനവും കൂടിയുണ്ടെങ്കിൽ സർക്കാർ പരിപാടികളിലെ ടെൻഡറുകൾ അനായാസം സ്വന്തമാക്കാനാകും. ഇത്തരത്തിൽ ലഭിക്കുന്ന കരാറുകൾ കുറഞ്ഞ വിലയ്ക്കു മറ്റു സംഘങ്ങളെ ഏൽപിച്ചു കൂടുതൽ തുക സർക്കാർ ഖജനാവിൽ നിന്നു കൈപ്പറ്റുകയാണെന്നാണ് ആരോപണം. കുടുംബശ്രീ യൂണിറ്റുകളുടെ അക്കൗണ്ടിൽ 20000 രൂപയ്ക്കു മുകളിലുള്ള തുകകളുടെ ഇടപാടിനു പ്രത്യേക അനുവാദവും യൂണിറ്റിലെ അംഗങ്ങളുടെ സമ്മതവും വേണമെന്നിരിക്കെയാണു ലക്ഷക്കണക്കിനു രൂപ അക്കൗണ്ടിലൂടെ വന്നു പോയത്. 

വരുന്ന പണം തൊട്ടടുത്ത ദിവസം തന്നെ പിൻവലിക്കുന്നതായാണു ബാങ്ക് രേഖകളിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്നത്. അക്കൗണ്ടിൽ എത്തിയ ഏറ്റവും വലിയ തുകയായ 5,19,000 രൂപ 2021 ജനുവരി 7നു ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽ നിന്നാണ് കുടുംബശ്രീ യൂണിറ്റിന്റെ അക്കൗണ്ടിലെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ഈ തുക പൂർണമായി പിൻവലിക്കുകയും ചെയ്തു. കുടുംബശ്രീ യൂണിറ്റിനു പിൻവലിക്കാൻ നിജപ്പെടുത്തിയതിലും കൂടിയ തുക ബാങ്ക് അധികൃതർ എങ്ങനെ പാസാക്കി നൽകിയെന്നും കുടുംബശ്രീ മിഷൻ അന്വേഷിക്കുന്നു. 

പരാതി നൽകി

കുടുംബശ്രീ മിഷനിലെ തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗൺസിലർ ടി.ജെ.ഗിരീഷ് കോർപറേഷൻ, വിജിലൻസ്, കുടുംബശ്രീ മിഷൻ ഡയറക്ടർ എന്നിവർക്കു പരാതി നൽകി. ഇന്നു ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA