അണിയറയിൽ ഗൂഢനീക്കങ്ങൾ, വൻലാഭത്തിൽനിന്നു വൻനഷ്ടത്തിലേക്കോ? ആശങ്കയുടെ സൈറൺ മുഴങ്ങുന്നു

ചവറ കെഎംഎംഎലിന്റെ ഗോഡൗണിൽ ടൈറ്റാനിയം ഡയോക്സൈഡ് കെട്ടിക്കിടക്കുന്നു.
ചവറ കെഎംഎംഎലിന്റെ ഗോഡൗണിൽ ടൈറ്റാനിയം ഡയോക്സൈഡ് കെട്ടിക്കിടക്കുന്നു.
SHARE

കരിമണലിന്റെ തിളക്കം കൊണ്ടു ലോക വ്യവസായ ഭൂപടത്തിൽ ഇടം നേടിയ ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെഎംഎംഎൽ) ആശങ്കയുടെ സൈറൺ മുഴങ്ങുന്നു. വ്യവസായ വകുപ്പിനു കീഴിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കെഎംഎംഎലിനെ  ചുറ്റിവരിയുന്ന ആശങ്കകൾ ഇവിടെ ഓരോ ജീവനക്കാരന്റെയും മുഖത്തു കാണാം. ലാഭത്തിന്റെ കണക്കുകൾ മാത്രം പറയാനുണ്ടായിരുന്ന കമ്പനി നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നതിന്റെ കഥകളും കണക്കുകളും തിരമാലകൾ പോലെ എണ്ണിയാലൊടുങ്ങില്ല.

കെഎംഎംഎൽ ജീവനക്കാരുടെ സർഗാത്മക കഴിവുകൾ രേഖപ്പെടുത്തുന്ന മാസികയായ ‘വർണം’ ഒരിടവേളയ്ക്കു ശേഷം പുറത്തിറങ്ങിയിട്ട് അധിക നാളായിട്ടില്ല. മാസികയുടെ ആമുഖ ലേഖനത്തിൽ മാനേജിങ് ഡയറക്ടർ ജെ. ചന്ദ്രബോസ് അവകാശപ്പെടുന്നതു നോക്കൂ– ‘ ഉൽപാദനത്തിലും വിറ്റുവരവിലും ലാഭത്തിലും സർവകാല റെക്കോർഡ് നേട്ടം കൈവരിച്ചു സംസ്ഥാനത്തെ പൊതുമേഖലയ്ക്കു മാതൃക തീർക്കാനായി എന്നത് ഏറെ ചാരിതാർഥ്യകരമായ ഒന്നാണ്. 2021–22 സാമ്പത്തിക വർഷത്തിൽ 32,800 ടൺ വിൽപന നടത്തിയ സ്ഥാപനം 1058 കോടി രൂപയുടെ വിറ്റുവരവ് നേടി. 310 കോടി രൂപയാണു ലാഭം.

കെഎംഎംഎലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ലാഭവും വിറ്റുവരവുമാണിത്. കമ്പനിയുടെ പ്രധാനമായ ഉൽപന്നമായ ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദനത്തിനാവശ്യമായ ബെനിഫിഷ്യേറ്റഡ് ഇൽമനൈറ്റ് (സിന്തറ്റിക് റൂട്ടെയ്‌ൽ) ഉൽപാദനത്തിലും സർവകാല റെക്കോർഡാണ് കമ്പനി നേടിയത്...’ മാനേജിങ് ഡയറക്ടർ പറയുന്നതു സത്യമാണ്. 310 കോടി ലാഭം എന്ന ചരിത്രപരമായ നേട്ടം കമ്പനിയുടെ മുഖശ്രീയായി തുടരേണ്ടതു തന്നെയാണ്. പക്ഷേ, പിന്നീടുള്ള കഥകൾ കേൾക്കുമ്പോൾ ഒരു മുഖവും തെളിയുമെന്നു തോന്നുന്നില്ല. 

വൻലാഭത്തിൽ നിന്ന് വൻ നഷ്ടത്തിലേക്കോ? 

കോവിഡ് മഹാമാരിക്കാലത്തും ലാഭം കൊയ്ത  സ്ഥാപനമാണു കെഎംഎംഎൽ. ടൈറ്റാനിയം ഡയോക്സൈഡിന്റെ  പ്രമുഖ ഉൽപാദകരായ ചൈനയിൽ നിന്നു കോവിഡ് കാലത്ത് ഇറക്കുമതി നിലച്ചതു കെഎംഎംഎലിന് അവസരമാണ്. ചൈനയിൽ ഉൽപാദനം നിർത്തിവച്ചപ്പോഴും കെഎംഎംഎൽ ഏതാണ്ടു പൂർണതോതിൽ പ്രവർത്തിച്ചു. ഇങ്ങനെ ഉൽപാദിപ്പിച്ച ടൈറ്റാനിയം ഡയോക്സൈഡ് ടണ്ണിന് 3.20 ലക്ഷം രൂപയ്ക്കു വരെ കെഎംഎംഎൽ വിറ്റഴിച്ചു. എതിരാളിയില്ലാതായതോടെ കമ്പനിയുടെ ലാഭം കുതിച്ചുയർന്നു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി ചൈന ഉഷാറായപ്പോൾ അവിടെ ടൈറ്റാനിയം ഡയോക്സൈഡിന്റെ ഉൽപാദനവും പുനരാരംഭിച്ചു.

ഉൽപന്നം വൻതോതിൽ ഇന്ത്യയിലേക്കു വീണ്ടും എത്തിത്തുടങ്ങി. കോവിഡ് കാലത്ത് 3.20 ലക്ഷം രൂപയ്ക്കു വരെ കെഎംഎംഎൽ വിറ്റ ടൈറ്റാനിയം ഡയോക്സൈഡ് ഇപ്പോൾ 2.55–2.60 ലക്ഷം രൂപയ്ക്കു ചൈനയിൽ നിന്നു കിട്ടും; കെഎംഎംഎല്ലിന്റെ ഉൽപന്നത്തിന്റെ അതേ ഗുണനിലവാരത്തിൽ. ചൈനീസ് ഉൽപന്നം വൻതോതിൽ ലഭ്യമായതോടെ രാജ്യത്തെ പ്രമുഖ പെയിന്റ് കമ്പനികളൊക്കെ അതിനു പിറകേ പോയി. പെയിന്റ് കമ്പനികൾ കെഎംഎംഎലുമായി വലിയ വിലപേശൽ നടത്തി.

ഒരു ടൺ ടൈറ്റാനിയം ഡയോക്സൈഡ് 2.55 ലക്ഷം രൂപയ്ക്കു തന്നാൽ എടുത്തോളാമെന്നായി രാജ്യത്തെ പ്രമുഖ പെയിന്റ് നിർമാണ കമ്പനി! ടണ്ണിനു 2.70 ലക്ഷം രൂപ ഉൽപാദനച്ചെലവുള്ള സാധനം എങ്ങനെയാണ് അതിനെക്കാൾ വില കുറച്ചു വിൽക്കുന്നതെന്നു കമ്പനി മറുചോദ്യം ചോദിച്ചു. പലവിധ താൽപര്യങ്ങളുടെ കുത്തൊഴുക്കാണു  കെഎംഎംഎലിനെ പ്രതിസന്ധിയുടെ ആഴത്തിലേക്കു തള്ളിയിടുന്നത്. അതേക്കുറിച്ചു നാളെ...

അണിയറയിൽ ഗൂഢനീക്കങ്ങൾ

എങ്ങനെയെങ്കിലും ടൈറ്റാനിയം ഡയോക്സൈഡ് വിറ്റഴിച്ചു ശ്വാസം വിടാനാണു കമ്പനിയുടെ നെട്ടോട്ടം. ഉൽപാദനച്ചെലവ് ടണ്ണിന് 2.70 ലക്ഷം രൂപയാണു കട്ടായം പറഞ്ഞിരുന്ന മാനേജ്മെന്റ് ഇപ്പോൾ പറയുന്നതു ചെലവ് 2.05 ലക്ഷം ആയി കുറഞ്ഞെന്ന്. അതുകൊണ്ട് 2.20 ലക്ഷം രൂപയ്ക്കു വിൽക്കാമത്രേ. ഈ വിലയ്ക്ക് ഉൽപന്നം വിറ്റൊഴിച്ചാൽ കമ്പനിക്കു വൻനഷ്ടമാണ് ഉണ്ടാകുകയെന്ന് ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

ടൈറ്റാനിയം ഡയോക്സൈഡ് ഇങ്ങനെ വില കുറച്ചു വിൽക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത് എന്താണ്? കെട്ടിക്കിടക്കുന്ന ഉൽപന്നം എങ്ങനെയെങ്കിലും വിറ്റഴിച്ചു വൻ നഷ്ടത്തിൽ നിന്നു കരകയറാനുള്ള ആത്മാർഥതയാണു മാനേജ്മെന്റിന്റേതെന്നു വാദത്തിനെങ്കിലും സമ്മതിക്കാം.പക്ഷേ വില കുറച്ചു വിൽക്കാൻ കമ്പനിയെ നിർബന്ധിതമാക്കുന്ന ചില ശക്തികൾ അണിയറയിൽ കളിക്കുന്നുണ്ടെന്നു ജീവനക്കാർ പറയുന്നു. കെഎംഎംഎലുമായി ചേർന്നു രാജ്യത്തെ പ്രമുഖ പെയിന്റ് കമ്പനി ടൈറ്റാനിയം ഡയോക്സൈഡ് കോംപ്ലക്സ് സ്ഥാപിക്കാൻ പോകുന്നുവെന്നാണ് ഒരു വാർത്ത.

ധാതുമണൽ ഖനനത്തിനു സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ചുവടുപിടിച്ച്, വൻകിട സ്വകാര്യ കമ്പനികൾ ടൈറ്റാനിയം പിഗ്െമന്റ് പ്ലാന്റുകൾ സ്ഥാപിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. ഊർജോൽപാദനവും തുറമുഖവും വിമാനത്താവളവുമൊക്കെയായി വളർന്ന രാജ്യത്തെ വൻകിട കമ്പനി പെയിന്റ് നിർമാണ കമ്പനി ആരംഭിക്കാൻ പോകുന്നതായും വാർത്തയുണ്ട്. ഈ കമ്പനികൾക്കു വില കുറച്ചു ടൈറ്റാനിയം ഡയോക്സൈഡ് വിൽക്കാൻ കെഎംഎംഎൽ നിർബന്ധിതമാകുമ്പോൾ ഇടപാടിനു പിന്നിൽ കോടികൾ കമ്മിഷനായി മറിയും. 

ചരിത്രപരമായ കെട്ടിക്കിടക്കൽ!

പെയിന്റ് കമ്പനികൾ വില വളരെ കുറച്ചു ടൈറ്റാനിയം ഡയോക്സൈഡ് തട്ടിയെടുക്കാൻ തക്കം പാർത്തിരിക്കുമ്പോൾ കമ്പനി എംഡി ഉൾപ്പെടെയുള്ള സംഘം  രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചുറ്റിക്കറങ്ങി. എങ്ങനെയെങ്കിലും കെട്ടിക്കിടക്കുന്ന സാധനം വിറ്റഴിക്കണം. അത് ഇതുവരെ ഫലം കണ്ടതായി വിവരമില്ല. ഇന്നലത്തെ കണക്കു പ്രകാരം കെട്ടിക്കിടക്കുന്നതു  9900 ടണ്ണിനടുത്താണ്. 10000 ടണ്ണിലെത്തിയാൽ കമ്പനി അതീവഗുരുതരമായ പ്രതിസന്ധിയിലേക്കു നീളുമെന്നതിൽ സംശയമില്ല. 

അതുണ്ടാകാതിരിക്കാൻ ഉൽപാദനം  വെട്ടിക്കുറച്ചു. യൂണിറ്റ് 200, 300, 400 എന്നിവയിലായി രണ്ടു സ്ട്രീം ഉൽപാദനം നടന്നിരുന്നത് ഒന്നായി ചുരുക്കി. യൂണിറ്റ് 200 ൽ ഉൽപാദിപ്പിക്കുന്ന ടൈറ്റാനിയം ടെട്രാ ക്ലോറൈഡി (ടിക്കിൾ 4) നാണ് ഇപ്പോൾ ഡിമാൻഡ് എന്ന കഥ പറഞ്ഞാണ് ഉൽപാദനം വെട്ടിക്കുറച്ചിരിക്കുന്നത്. ഒരു ദിവസം 170 ടൺ വരെ ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദിപ്പിച്ചിടത്ത് ഇപ്പോൾ അത് 65-70 ടൺ വരെയായി കുറച്ചു.

കെഎംഎംഎല്ലിൽ ടൈറ്റാനിയം ഡയോക്സൈഡ് സൂക്ഷിക്കുന്ന ഗോഡൗണുകളുടെ ശേഷി 3000–3500 ടൺ മാത്രമാണ്. 6000 ടൺ കൂടി സൂക്ഷിക്കാനാവശ്യമായ താൽക്കാലിക ഷെഡുകൾ നിർമിച്ചിരിക്കുകയാണ് ഇപ്പോൾ. അതിനാകട്ടെ ടെൻഡർ വിളിച്ചതുപോലുമില്ല.കമ്പനി വൻ നഷ്ടത്തിലേക്കു നീങ്ങിയെന്ന വിവരം ഇതുവരെ പുറത്തറിഞ്ഞിട്ടില്ല. ഇന്നലത്തെ കണക്കു പ്രകാരം കമ്പനിയുടെ നഷ്ടം 75 കോടി രൂപയാണ്. അതായത് 310 കോടി ലാഭത്തിൽ നിന്നു ചുരുങ്ങിയ കാലം കൊണ്ട് 75 കോടി നഷ്ടത്തിലേക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}