ADVERTISEMENT

കൊല്ലം ∙ നഗരത്തിലെ പാർക്കിങ് പ്രശ്നങ്ങൾക്കു പരിഹാരമാകേണ്ടിയിരുന്ന മൾട്ടി ലെവൽ കാർ പാർക്കിങ് പദ്ധതി ഉപേക്ഷിക്കുന്നു. കൊല്ലം കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം റെയിൽവേ സ്റ്റേഷന് എതിർവശത്തെ അലക്കുകുഴി കോളനിയിലാണു സൗകര്യമൊരുക്കാൻ ഉദ്ദേശിച്ചിരുന്നത്. പദ്ധതിക്ക് 10.91 കോടി രൂപ ഭരണാനുമതിയും ലഭിച്ചിരുന്നു. അലക്കുകുഴി കോളനിയിലെ 109 സെന്റ് റവന്യു പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന 20 കുടുംബങ്ങളെ മുണ്ടയ്ക്കലിൽ കോർപറേഷൻ വക ഭൂമിയിലേക്കു പുനരധിവസിപ്പിക്കുന്ന ജോലികളും ആരംഭിച്ചിരുന്നു.

എന്നാൽ പദ്ധതി പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോകാൻ തയാറാകാത്ത 4 കുടുംബങ്ങൾ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് നീണ്ടു പോകുന്നതിനാലാണു മൾട്ടി ലെവൽ പാർക്കിങ് പദ്ധതി റദ്ദ് ചെയ്യാൻ കോർപറേഷൻ തീരുമാനിച്ചത്.അമൃത് പദ്ധതിയിൽ‌ ഉൾപ്പെട്ടതിനാൽ 2023 മാർച്ച് 31 മുൻപു പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ  10.91 കോടി രൂപ പാഴായി  പോകുമെന്ന കാരണമാണു കോർപറേഷൻ പറയുന്നത്. ഈ തുക സുവിജ് പദ്ധതിയിലേക്കു വകമാറ്റും. ഹൈക്കോടതിയിൽ കോളനി നിവാസികളുമായുള്ള കേസ് ഒത്തുതീർപ്പാകുന്ന മുറയ്ക്ക് 4 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു കോർപറേഷന്റെ മറ്റു ഫണ്ടുകൾ ഉപയോഗിച്ചു മൾട്ടി ലെവൽ കാർ പാർക്കിങ് പദ്ധതി നടപ്പിലാക്കാനാണു  തീരുമാനം. 

ഭൂമി സംബന്ധിച്ച തർക്കങ്ങൾക്കു പരിഹാരം കാണാൻ റവന്യു മന്ത്രിയെ നേരിൽ കാണുമെന്നും മേയർ അറിയിച്ചു. അലക്കുകുഴി കോളനിയിലെ ബാക്കി വരുന്ന 16 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ മുണ്ടയ്ക്കലിൽ കോർപറേഷൻ വക ഭൂമി നൽകിയതും കോ‍ർപറേഷനു നഷ്ടമായി. ഓരോ കുടുംബത്തിനും 3 സെന്റ് ഭൂമി വീതമാണു നൽകിയത്. കഴിഞ്ഞ വർഷം തർക്കത്തിലായിരുന്ന 4 കുടുംബങ്ങൾക്ക് അലക്കുകുഴി കോളനിയിൽ തന്നെ മൾട്ടി ലെവൽ കാർ പാർക്കിങ് പദ്ധതിക്ക് ആവശ്യമായ 63 സെന്റ് ഭൂമിക്കു പുറത്തു ഫ്ലാറ്റ് നിർമിച്ചു നൽകാമെന്നും ഉറപ്പു നൽകി  ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

ടെൻഡർ‌ അംഗീകരിച്ചിട്ട്  3 വർഷം  

റവന്യു ഭൂമി 99 വർഷത്തേക്കാണു കോർപറേഷൻ പാട്ടത്തിന് ആവശ്യപ്പെട്ടിരുന്നത്. മൾട്ടി ലെവൽ പാർക്കിങ് നിർമാണത്തിന് 10.91 കോടി രൂപയ്ക്കു സ്വകാര്യ ഏജൻസി ടെൻഡർ‌ അംഗീകരിച്ച് 3 വർഷം ആകുമ്പോഴാണു കോർപറേഷൻ പദ്ധതി ഉപേക്ഷിക്കുന്നത്. 7 നിലകളിൽ 5 ബ്ലോക്കുകളിലായി 224 കാറുകൾ പാർക്ക് ചെയ്യുന്ന വിധത്തിലാണു പദ്ധതി വിഭാവനം ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com