ADVERTISEMENT

കൊല്ലം∙ടാൻസാനിയയിൽ നിന്നു തോട്ടണ്ടി എത്തിച്ചുനൽകാമെന്നു വാഗ്ദാനം നൽകി കശുവണ്ടി ഫാക്ടറി ഉടമകളിൽ നിന്നു കോടികൾ തട്ടിയ പ്രതി അറസ്റ്റിൽ. കുളക്കട സ്വദേശി പ്രതീഷ്കുമാർ പിള്ള(43)യാണ് ഇന്നലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി കീഴടങ്ങിയത്. പ്രതി ബെംഗളൂരുവിൽ ഉണ്ടെന്ന് അറിഞ്ഞു പൊലീസ് സംഘം അങ്ങോട്ടു തിരിച്ചതിനു ശേഷമായിരുന്നു നാടകീയമായ കീഴടങ്ങൽ. എട്ടോളം വഞ്ചനാകേസുകളിൽ പ്രതിയായ ഇയാളെ 2015 മുതൽ പൊലീസ് തിരയുകയാണ്. കൊല്ലത്തു മാത്രം 12 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

ജില്ലയിലെ കുമാർ കാഷ്യൂസ്, തങ്കം കാഷ്യൂസ്, ശ്രീലക്ഷ്മി കാഷ്യൂസ്, ഗ്ലോറി കാഷ്യൂസ് എന്നീ ഫാക്ടറി ഉടമകൾ ഒരുമിച്ചാണു പരാതി നൽകിയത്. ടാൻസാനിയയിൽ നിന്നു തോട്ടണ്ടി എത്തിച്ചുനൽകാമെന്നു പറഞ്ഞ് ഇവരിൽ നിന്ന് അഡ്വാൻസ് വാങ്ങിമുങ്ങുകയായിരുന്നു. ഒരു തവണ നിലവാരം കുറഞ്ഞ തോട്ടണ്ടി നൽകിയും ഉടമകളെ കബളിപ്പിച്ചിട്ടുണ്ട്. പെരുമ്പാവൂർ പൊലീസും സമാനമായ തട്ടിപ്പിന്റെ പേരിൽ പ്രതിയെ തിരയുകയായിരുന്നു. ബെംഗളൂരുവിലും 5 കോടിയുടെ തട്ടിപ്പു നടത്തിയിട്ടുണ്ട്.

തനിക്കെതിരെ നൽകിയ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനിടെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. രാജ്യാന്തര കുറ്റവാളി എന്ന നിലയിൽ ഇയാളെ പിടിക്കാൻ പൊലീസ് അന്വേഷണം കടുപ്പിച്ചപ്പോഴാണു കീഴടങ്ങൽ. മുൻപ് 2 തവണയാണു പൊലീസിന്റെ പിടിയിൽ നിന്ന് പ്രതി ഊരിപ്പോയത്. ഡിവൈഎസ്പി നസീറിന്റെ മേൽനോട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ഉമറുൾ ഫാറൂഖ്, എസ്ഐമാരായ അനിൽകുമാർ, അമൽ, വേണു ജോസ്, എഎസ്ഐ ഫിറോസ്, എസ്‌സിപിഒ വിവേക്, ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു തെളിവും ബാക്കിവയ്ക്കില്ല

നിരന്തരം ഫാക്ടറിയിൽ കയറിയിറങ്ങി വിശ്വാസം ആർജിച്ചാണു പ്രതീഷ് തട്ടിപ്പു നടത്തിയതെന്നു കൊല്ലത്തെ ഫാക്ടറി ഉടമകൾ പറയുന്നു. ടാൻസാനിയയിൽ നിന്നു മികച്ച നിലവാരമുള്ള തോട്ടണ്ടി എത്തിക്കാം എന്നു വാഗ്ദാനം നൽകിയാണ് അഡ്വാൻസ് വാങ്ങുന്നത്. പക്ഷേ പണം സ്വീകരിക്കുന്നതിൽ ഏറെയും  സ്വന്തം അക്കൗണ്ടിലായിരിക്കില്ല. പണം നൽകുന്നവരുടെ കയ്യിൽ നിന്ന് ഒപ്പിട്ട് മുദ്രപ്പത്രം വാങ്ങി പിന്നീട് വ്യാജരേഖ ചമയ്ക്കുന്നതും ഇയാളുടെ പതിവാണെന്നു പൊലീസ് പറയുന്നു. രാജസ്ഥാൻ സ്വദേശിയായ ഭാര്യയ്ക്കൊപ്പം ജയ്പൂരിലാണ് പ്രതീഷ് കുറേ നാളായി കഴിഞ്ഞിരുന്നത്. തട്ടിപ്പു നടത്തിയ പണം പല രീതിയിൽ നിക്ഷേപിച്ചിരിക്കുന്നതും സ്വന്തം പേരിലല്ല. ജയ്പൂരിൽ നിന്ന് ഒരു തവണ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ച പ്രതി അവിടെ നിന്നു കടന്നുകളഞ്ഞു.

ഇനി ആർക്കും ചതി പറ്റരുത് 

പ്രതീഷിന്റെ ചതിയിൽപ്പെട്ടു ജീവൻ നഷ്ടപ്പെട്ട ആളാണ് എന്റെ സഹോദരൻ രാജീവ്. ടാൻസാനിയയിൽ ബിസിനസ് നടത്തിയിരുന്ന രാജീവിന്റെ അക്കൗണ്ടിലേക്കാണ് ആർബിഐ നിയന്ത്രണങ്ങളുടെ പേരു പറഞ്ഞു നാട്ടിൽ നിന്ന് അഡ്വാൻസായി കൈപ്പറ്റുന്ന പണത്തിന്റെ നല്ലൊരു ശതമാനം പ്രതീഷ് വാങ്ങിയിരുന്നത്.ടാൻസാനിയയിൽ രാജീവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഞാൻ അവിടെയെത്തി പരാതി നൽകിയെങ്കിലും കേസ് തേഞ്ഞുമാഞ്ഞുപോയി. വി.രഞ്‍ജിത്ത്, വർക്കല

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com