ADVERTISEMENT

അഞ്ചുവർഷം മുൻപ് നടപ്പാലം തകർന്നു 3 പേർ മരിച്ച ദുരന്തത്തിന്റെ പാപഭാരം കെഎംഎംഎലിന് മേൽ ഇന്നും മാറാല പിടിച്ചു കിടപ്പുണ്ട്. ദുരന്തത്തിൽ നിന്നു ഒരു പാഠവും പഠിക്കാതെ കമ്മിഷൻ കളിയിൽ വ്യാപൃതരായി നിൽപാണു മാനേജ്മെന്റ്. ദേശീയ ജലപാതയ്ക്ക് കുറുകെ കോവിൽത്തോട്ടത്തു നിന്ന് മിനറൽ സെപ്പറേഷൻ പ്ലാന്റിലേക്കു പോകാനുള്ള നടപ്പാലം തകർന്നപ്പോൾ കോൺക്രീറ്റ് പാലം പണിയുമെന്ന് കമ്പനി വാക്കു നൽകി. വാക്ക് പഴയ ചാക്കിനു തുല്യമായി.

എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള ചെളി ശേഖരിക്കുന്ന കുളം നിറഞ്ഞ നിലയിൽ.

കമ്പനിയിലെ ചില ഉദ്യോഗസ്ഥർക്കു അതിന്റെ പഴുതിലൂടെ ലഭിക്കുന്ന കമ്മിഷനിലായിരുന്നു നോട്ടം. പാലത്തിനു പകരം ഇവിടെ ജങ്കാർ ഏർപ്പെടുത്തി. മാസവാടക 5 ലക്ഷത്തിനു മേൽ ! പ്രതിവർഷം 60 ലക്ഷത്തിനു മേൽ. 5 വർഷമായി ഇങ്ങനെ ജങ്കാർ ഓടുന്നു. ആ പണം മതിയായിരുന്നു പാലം പണിയാനെന്നു നാട്ടുകാർ. ജീവനക്കാർക്കു മിനറൽ സെപ്പറേഷൻ പ്ലാന്റിലേക്കു പോകാൻ പ്രത്യേക ബോട്ടും ഓടുന്നു. അതിനു വാടക മാസം ഒരു ലക്ഷത്തോളം രൂപ വേറെ.

പാലം പണിയാത്തതിന്റെ ഗുട്ടൻസ് പിടി കിട്ടിയില്ലേ ? പാലമെങ്ങാനും വന്നുപോയാൽ ജങ്കാർ, ബോട്ട് ഇനത്തിലുള്ള കമ്മിഷൻ ഇല്ലാതാകില്ലേ ? തുടക്കം മുതൽ ഒരേ കക്ഷികൾക്കു തന്നെ ജങ്കാറിന്റെയും മറ്റും കരാർ കൊടുക്കുന്നതിന്റെ അർഥമറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ല; കെഎംഎംഎലിലെ ചില ഉദ്യോഗസ്ഥരുടെ ക്യാബിനുകളിൽ ഒന്നു തപ്പി നോക്കിയാൽ മതി. തെളിവുകൾ അവിടെ കിട്ടും.

കെടുകാര്യസ്ഥതയിൽ വളർന്ന ‘ആസിഡ് ഗ്രാമം’

കെഎംഎംഎലിൽ നിന്നു ഊർന്നിറങ്ങുന്ന രാസവസ്തുക്കൾ വാസയോഗ്യമല്ലാതാക്കിയ ഒരു ഗ്രാമമുണ്ട് തൊട്ടടുത്ത്– ചിറ്റൂർ. കമ്പനിയിൽ നിന്നുള്ള രാസവസ്തുക്കൾ വിഷമയമാക്കിയ ജലാശയങ്ങളും മുറ്റങ്ങളുമുളള ചിറ്റൂർ ഗ്രാമത്തിന്റെ ദുരിതം മനോരമ ‘വാർത്താവണ്ടി’ യാണു പുറംലോകത്തെത്തിച്ചത്. ഭൂമി അപ്പാടെ ഏറ്റെടുക്കുമെന്നു പ്രഖ്യാപനം പിന്നാലെ വന്നു. നടപടി പുരോഗമിക്കുന്നതേയുള്ളൂ. കരിമണൽ സംസ്കരിച്ചതിനുശേഷമുള്ള അയൺ ഓക്സൈഡും എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള മാലിന്യവും (സ്ലഡ്ജ്– ചെളി) ശേഖരിക്കാൻ 4 കുളങ്ങൾ ഉണ്ടായിരുന്നു.

2008 ആയപ്പോഴേക്കും ഇവ നിറഞ്ഞു. ആ വർഷം തന്നെ 2 കുളങ്ങൾ വേറെ കുഴിച്ചെങ്കിലും 10 വർഷത്തിനകം അവയും നിറഞ്ഞു. കുളങ്ങളിൽ നിന്നു ആസിഡ് സമീപപ്രദേശങ്ങളിലേക്കു ചോർന്നു. ചില സംഘടനകൾ ദേശീയ ഹരിത ട്രൈബ്യൂണലിൽ കേസിനു പോയി. പഴയതും പുതിയതുമായ കുളങ്ങൾക്കു ചുറ്റും ഓട (ഗാർലാൻഡ് ഡ്രെയിൻ) നിർമിക്കുക, ആസിഡ് റീജനറേഷൻ പ്ലാന്റ് നവീകരിക്കുക, പഴയ കുളങ്ങളിലുള്ള അയൺ ഓക്സൈഡ് പുനർ നിക്ഷേപം നടത്തുക, അയൺ ഓക്സൈഡിനും എഫ്ലുവന്റ് ട്രീറ്റ്മെന്റ് സ്ലഡ്ജിനും വേണ്ടി പുതിയ കുളങ്ങൾ നിർമിക്കുക തുടങ്ങിയവയായിരുന്നു ട്രൈബ്യൂണലിന്റെ നിർദേശങ്ങൾ.

ഈ പദ്ധതികൾ നടപ്പാക്കാൻ കമ്പനിയിലെ പ്രോജക്ട് ഡിപ്പാർട്ടുമെന്റിനെ ചുമതലപ്പെടുത്തിയെങ്കിലും ഒരു പുരോഗതിയുമില്ല. പുതിയ കുളങ്ങൾ നിർമിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകിയിട്ടും പല കാരണങ്ങൾ പറഞ്ഞു നീട്ടിക്കൊണ്ടുപോകുന്നു. ബോർഡ് നൽകിയ അനുമതിയുടെ കാലാവധി വരുംവർഷം തീരും. പുതിയ കുളങ്ങൾ നിർമിക്കുന്നതിനുള്ള ഗ്യാരന്റിയായി ബോർഡിനു കെട്ടിവച്ച 50 ലക്ഷവും ട്രൈബ്യൂണലിൽ പിഴയായി ഒടുക്കിയ ഒരു കോടിയും പോയതു മിച്ചം.

2008 ൽ നിർമിച്ച 2 കുളങ്ങളും അയൺ ഓക്സൈഡ് കൊണ്ടു നിറഞ്ഞു കഴിഞ്ഞു. അതു ഈ കുളത്തിൽ നിന്നു കോരി പഴയ കുളങ്ങളിലേക്കു മാറ്റുന്ന വിചിത്രമായ നടപടിയാണ് ഇപ്പോൾ അരങ്ങേറുന്നത് ! കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി വി.പി ജോയ് വിളിച്ചു ചേർത്ത യോഗത്തിൽ ഇക്കാര്യത്തിൽ കെഎംഎംഎൽ മാനേജ്മെന്റിനെ നിർത്തിപ്പൊരിച്ചു. പുതിയ കുളങ്ങൾ നിർമിക്കാൻ കമ്പനി നേരത്തെ ഗുജറാത്തിലെ ഒരു കൺസൽറ്റൻസി കമ്പനിക്കു കൺസൽറ്റൻസി കരാർ കൊടുത്തിരുന്നു. 56.53 ലക്ഷം രൂപയായിരുന്നു കരാർ തുക. അതും പാതിവഴിയിൽ ഉപേക്ഷിച്ചു.

എആർപി പ്ലാന്റ് നവീകരിക്കാൻ 10 കോടി മതിയാകുമെന്നാണു കണക്ക്. അയൺ ഓക്സൈഡ് വിൽപന മൂല്യമുള്ളതാക്കുന്ന തരത്തിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാൻ 33–35 കോടി മതിയാകുമത്രെ. സാങ്കേതിക വിദ്യ ലഭ്യമാണെങ്കിലും കമ്പനി താൽപര്യം കാണിക്കുന്നില്ലെന്നു ജീവനക്കാർ പറയുന്നു. 2018 ൽ കുളം നിർമിക്കാൻ 40 കോടി മതിയായിരുന്നു. ഇപ്പോൾ 55 കോടിയെങ്കിലും വേണം. നഷ്ടം വിളിച്ചുവരുത്തുന്നതിനു വേറെ തെളിവു വേണ്ട. കെട്ടിക്കിടക്കുന്ന അയൺ ഓക്സൈഡ് പണം അങ്ങോട്ടു നൽകി കേരള എൺവയോ ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡ് (കെയ്‌ൽ) എന്ന പൊതുമേഖലാ സ്ഥാപനത്തിനു കൊടുക്കാനാണു പുതിയ തീരുമാനമത്രെ. 

വർഷങ്ങൾക്കു മുൻപ് ടണ്ണിന് 4200 രൂപ നിരക്കിൽ ഇങ്ങനെ കൊടുത്തിട്ടുണ്ട്. കെഎംഎംഎൽ പ്രതിനിധികൾ കഴിഞ്ഞ ദിവസം കെയ്‌ൽ സന്ദർശിച്ചു. കെട്ടിക്കിടക്കുന്ന 6.5 ലക്ഷം ടൺ അയൺ ഓക്സൈഡും ചെളിയും കെയ്‌ലിനു കൊടുത്താൽ ഏറ്റവും കുറഞ്ഞത് 260–270 കോടി രൂപ കൂടി കമ്പനി കൊടുക്കേണ്ടി വരും. നഷ്ടം അത്രയും കൂടും. അയൺ ഓക്സൈഡും മറ്റും കെയ്‌ലിനു കൊടുക്കേണ്ടതില്ലെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശം അട്ടിമറിച്ചാണ് ഈ നീക്കം. ഇതിനു പിന്നിലെ കള്ളക്കളികൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

ചെളിയിൽ കയ്യിട്ട കരാറുകാരനു ലോട്ടറി

ചെളി ടണ്ണിന് 305 രൂപ നിരക്കിൽ തൂത്തുക്കുടി ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനു വിൽക്കാൻ 2020 ൽ കരാർ നൽകി. 10000 ടൺ ചെളി 3 മാസത്തിനകം കൊണ്ടു പോകണമെന്നായിരുന്നു വ്യവസ്ഥ. 2 വർഷം കഴിഞ്ഞിട്ടും കൊണ്ടുപോയത് 8000 ടൺ മാത്രം. കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തേണ്ടതിനു പകരം കെഎംഎൽഎൽ മാനേജ്മെന്റ് കരാറുകാരനു നല്ലൊരു ‘ഷേക് ഹാൻഡ്’ കൊടുത്തു. ഒപ്പം 40000 ടൺ ചെളി കൂടി കൊടുക്കാനും തീരുമാനിച്ചു.

ചെളിയുടെ വില കൂടിയിട്ടും 2020 ൽ നിശ്ചയിച്ച അതേ നിരക്കിൽ പുതിയ കരാർ ! കരാറുകാരനു ‘ഓണം ബംപർ’ അടിച്ചപ്പോൾ ലക്ഷങ്ങളാണു കമ്മിഷനായി ഉദ്യോഗസ്ഥരുടെ പോക്കറ്റുകളിലെത്തിയത്. കമ്പനിക്കു വൻ നഷ്ടവും. ഇഷ്ടക്കാർക്കും രാഷ്ട്രീയ സ്വാധീനമുള്ളവർക്കും കോടികളുടെ കരാർ മാത്രമല്ല, കമ്പനിയിൽ ഇഷ്ടാനുസരണം കയറി മേയാനുള്ള ലൈസൻസും ഇവിടെ ലഭ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com