ADVERTISEMENT

ഒരു വർഷം മുൻപ് വ്യവസായ മന്ത്രി പി. രാജീവ് കെഎംഎംഎലിൽ 2 പദ്ധതികളുടെ ഉദ്ഘാടനം നടത്താൻ വരുന്നതിനു തലേന്നു ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടു. തന്റെ വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിൽ നിർണായകമായ 2 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിലെ സകല സന്തോഷവും ആ പോസ്റ്റിലുണ്ടായിരുന്നു. പോസ്റ്റ്  ഇങ്ങനെയായിരുന്നു– ‘ സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി കെഎംഎംഎലിൽ പൂർത്തിയായ 2 പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കും.

ടൈറ്റാനിയം ഡയോക്സൈഡ് നിറയ്ക്കാനായി കെഎംഎംഎൽ വാങ്ങിയ പേപ്പർ ബാഗ് ഉപയോഗശൂന്യമായ നിലയിൽ.
ടൈറ്റാനിയം ഡയോക്സൈഡ് നിറയ്ക്കാനായി കെഎംഎംഎൽ വാങ്ങിയ പേപ്പർ ബാഗ് ഉപയോഗശൂന്യമായ നിലയിൽ.

ആരോഗ്യമേഖലയ്ക്കു വിതരണം ചെയ്യുന്ന ദ്രവീകൃത ഓക്സിജൻ ഉൽപാദന ശേഷി ദിനംപ്രതി 7 ടണ്ണിൽ നിന്ന് 10 ടണ്ണായി വർധിപ്പിച്ച പദ്ധതിയും കമ്പനിയുടെ യൂണിറ്റ് 400 ൽ കമ്മിഷൻ ചെയ്ത ഹോട്ട് ബാഗ് ഫിൽറ്റർ സംവിധാനവുമാണ് ഉദ്ഘാടനം ചെയ്യുന്നത്...’ കോടികൾ ചെലവഴിച്ച് ആരംഭിച്ച  പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ മന്ത്രിയിൽ നിന്നു വിദഗ്ധമായി മറച്ചുവയ്ക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കഴിഞ്ഞു. 

ഹോട്ട് ബാഗ് ഫിൽറ്റർ ‘ചൂടു തട്ടി’ പൊട്ടി!

ടൈറ്റാനിയം ഡയോക്സൈഡ് പിഗ്‌മെന്റ് ഉൽപാദിപ്പിക്കുന്ന യൂണിറ്റ് 400 എന്ന പ്ലാന്റിൽ ഉൽപാദനപ്രക്രിയയ്ക്കിടെ ടൈറ്റാനിയം ഡയോക്സൈസ് പൊടിയായി നഷ്ടപ്പെട്ടുപോകുന്നത് ഒഴിവാക്കി പൊടി ബാഗുകളിൽ ശേഖരിക്കുന്ന സംവിധാനമാണു ഹോട്ട് ബാഗ് ഫിൽറ്റർ. ബാഗിൽ പറ്റിപ്പിടിക്കുന്ന ടൈറ്റാനിയം ഡയോക്സൈ‍ഡ് തരികൾ വായു കടത്തിവിട്ടു ശേഖരിക്കും. ജർമനിയിൽ നിന്ന്  2 കോടിയോളം രൂപ ചെലവിട്ടു വാങ്ങിയ ഫിൽറ്റർ ഉദ്ഘാടനത്തിന്റെ അന്നു പോലും നന്നായി പ്രവർത്തിച്ചില്ല. 

ചൂടു തട്ടി ഹോട്ട് ബാഗ് ഫിൽറ്ററിലെ ബാഗുകൾ കത്തിപ്പോയി. ഇതോടെ ഫിൽറ്റർ സംവിധാനം നിലച്ചു. ഇപ്പോൾ വീണ്ടും ജർമനിയിൽ നിന്നു പുതിയതു കൊണ്ടുവരാൻ പോകുന്നുവെന്നു ജീവനക്കാർ പറയുന്നു.  കഴിഞ്ഞ വർഷം ഓഗസ്റ്റ് 26 നു ചേർന്ന കമ്പനി പ്രതിവാര പ്രൊഡക്‌ഷൻ പെർഫോമൻസ് റിവ്യൂ മീറ്റിങ്ങിന്റെ മിനിറ്റ്സിൽ ഇതിന്റെ െതളിവുകളുണ്ട്. 12 ആഴ്ചകൾക്കുള്ളിൽ പുതിയതു വരുമെന്നു വകുപ്പുമേധാവി യോഗത്തിൽ വ്യക്തമാക്കി. പുതിയതു വന്നാലും ‘ചൂടിന്റെ’ പ്രശ്നം വീണ്ടും ഉണ്ടാകുമോയെന്നു പഠിച്ചിട്ടുണ്ടോയെന്നു മിനിറ്റ്സിൽ വ്യക്തമല്ല. ൈടറ്റാനിയം ഡയോക്സൈഡ് സ്ലറി ഉണ്ടാക്കുന്ന പ്ലാന്റ് 300 ൽ ന്യൂമാറ്റിക് കൺവേയിങ് സിസ്റ്റത്തിൽ പുതിയ സംവിധാനം ഏർപ്പെടുത്തിയതു പരാജയപ്പെട്ട കഥയും പുറംലോകം അറിഞ്ഞിട്ടില്ല.

ഓക്സിഡൈസിങ് പ്ലാന്റിന് ആവശ്യമായ പ്രത്യേകതരം മണ്ണ് ഇലക്ട്രിക് സംവിധാനം വഴി ലിഫ്റ്റിലെന്ന പോലെ പ്ലാന്റിനു മുകളിലെത്തിക്കുന്ന സംവിധാനമാണിത്. മണ്ണിനു പകരം ഉപയോഗിച്ചു വന്നത് ഓസ്ട്രേലിയയിൽ നിന്നുള്ള കാർബോ ബീഡ് എന്ന ഉൽപന്നം. നേരത്തേ തൊഴിലാളികൾ വെള്ളം കോരുന്ന തൊട്ടിയിലെന്ന പോലെ മുകളിലെത്തിക്കുകയായിരുന്നു പതിവ്. ഇതിനു പകരം പൈപ്‌ലൈനിലൂടെ മുകളിലെത്തിക്കാനാണു പുതിയ സംവിധാനത്തിലൂടെ ഉദ്ദേശിച്ചത്. ഇതിനായി കാർബൺ സ്റ്റീൽ പൈപ്പുകൾ സ്ഥാപിച്ചതു പിഴച്ചു. കാർബോ ബീഡിന്റെ കൂർത്ത തരികൾ ഇടിച്ചുകയറി പൈപ്പ് ഉരഞ്ഞു പൊട്ടി! ഇനിയിപ്പോൾ സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പ് ഇടാനാണത്രെ തീരുമാനം. മന്ത്രി ഉദ്ഘാടനം ചെയ്ത് ആഴ്ചകൾക്കകം സംവിധാനം പരാജയമായി. 

കംപ്രസർ പൊട്ടിത്തെറിച്ചത് ആരൊക്കെ കേട്ടു ?

കോവിഡ് കാലത്ത് ആശുപത്രികളിൽ ഓക്സിജന്റെ ആവശ്യം കൂടിയപ്പോഴാണ് ആരോഗ്യമേഖലയ്ക്കു വേണ്ടി ഓക്സിജൻ ഉൽപാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. പ്ലാന്റിൽ വരുത്തിയ സാങ്കേതിക മാറ്റത്തിലൂടെ ദ്രവീകൃത ഓക്സിജന്റെ ഉൽപാദന ശേഷി 10 ടണ്ണായി ഉയർത്താനായി. 3.3 കോടി രൂപ ഇതിനു ചെലവിട്ടു. ഇനിയാണ് യഥാർഥ കഥ. മെഡിക്കൽ ഓക്സിജൻ ആശുപത്രികളിലേക്കു നൽകേണ്ടതു സിലിണ്ടറുകളിൽ നിറച്ചാണ്. സിലിണ്ടറുകളിൽ ഓക്സിജൻ നിറയ്ക്കാൻ കംപ്രസർ വേണം. നല്ല ഗുണനിലവാരമുള്ളതു ജർമനിയിൽ കിട്ടും.   അതൊന്നും ചെയ്യാതെ വേറെ എവിടെ നിന്നോ തട്ടിക്കൂട്ടു സാധനം വാങ്ങിക്കൊണ്ടു വന്നു പരീക്ഷണം നടത്തി. മന്ത്രി ഉദ്ഘാടനത്തിന് എത്തുന്നതിനു തലേന്നു കംപ്രസർ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഒരു ഉദ്യോഗസ്ഥനു കേൾവിക്കുറവ് സംഭവിച്ചു. ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണും നശിച്ചു. പിന്നെ ഐ ഫോൺ വാങ്ങിക്കൊടുത്തെന്നാണു സംസാരം.‌

തോട്ടപ്പള്ളിയിലെ മണ്ണിൽ ആരുടെ ‘കൃഷി’ ?

ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയിൽ നിന്നുള്ള മണ്ണ് കെഎംഎംഎലും ഐആർഇയും ആണ് എടുക്കുന്നത്. നടത്തിപ്പു ചുമതല കെഎംഎംഎലിന്. ഇതിനു പിന്നിലും ബെനാമി ഏർപ്പാടുകൾ ഉണ്ടെന്നാണ് ആരോപണം.   ടെൻഡർ നോട്ടിസ് വ്യാപകമായി പരസ്യപ്പെടുത്താറുണ്ടെന്നു പറയുമ്പോഴും സ്ഥിരമായി ചില കരാറുകാർ മാത്രം പങ്കെടുക്കുന്നതാണു സംശയത്തിനിട നൽകുന്നത്.   എല്ലാ ടെൻഡറുകളും ഇ–ടെൻഡറുകളിലായി വിളിക്കുന്നില്ലെന്നതാണ് ഇതിനു പിന്നിലെ രഹസ്യം.   

തോട്ടപ്പള്ളിയിൽ നിന്നു  മിനറൽ സെപ്പറേഷൻ പ്ലാന്റിലേക്കു നേരിട്ട് മണ്ണ് എത്തിക്കുകയായിരുന്നു മുൻരീതി. അതു മാറ്റി ശങ്കരമംഗലത്തെ ടിഎസ്പി പ്ലാന്റിൽ എത്തിച്ച് അവിടെ നിന്നു മിനറൽ സെപ്പറേഷൻ പ്ലാന്റിലേക്കു കൊണ്ടുപോകാൻ വേറെ ടെൻഡറും നൽകി. അതിനു പിന്നിലെ ഗുട്ടൻസും ആർക്കും പിടികിട്ടിയിട്ടില്ല. തോട്ടപ്പള്ളിയിൽ മണ്ണുമാന്തിയന്ത്രത്തിന് ഉൾപ്പെടെ കരാർ നൽകുന്നതിലെ കഥകളും ഏറെ. യന്ത്രങ്ങൾക്കായി ചെലവഴിച്ചത് എത്രയോ ലക്ഷങ്ങളാണ്. യന്ത്രങ്ങൾ പ്രവർത്തിച്ചതിന്റെ സമയം രേഖപ്പെടുത്തുന്നതിൽ തുടങ്ങുന്നു അഴിമതി. 

അതേക്കുറിച്ചു നാളെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com