ADVERTISEMENT

അഞ്ചാലുംമൂട് ∙ അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഉരുൾ നേർച്ചയ്ക്കും ഇരുപത്തിയെട്ടാം ഓണാഘോഷത്തിനും തുടക്കമായി. അറബിക്കടലും അഷ്ടമുടി കായലും കല്ലടയാറും സംഗമിക്കുന്ന ത്രിവേണി സംഗമത്തിൽ കുളിച്ച് ഈറനോടെ ക്ഷേത്രത്തിനും ചുറ്റും ശയന പ്രദക്ഷിണം നടത്തുന്നതാണ് അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഉരുൾ നേർച്ച ഉത്സവം. ഇന്നും നാളെയുമായാണ് ഉരുൾ നേർച്ച പ്രധാനമായും നടക്കുന്നത്. ഇന്നലെ വൈകിട്ടു മുതൽ തന്നെ ഉരുൾ നേർച്ചയ്ക്ക് തുടക്കം കുറിച്ചു. ശയന പ്രദക്ഷിണം ചെയ്യാൻ കഴിയാത്തവർക്കായി നേർച്ച ഉരുളുന്നതിന് കുട്ടികളും രംഗത്തുണ്ട്. 

അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഉരുൾ നേർച്ചയിൽ പങ്കെടുക്കുന്നവർ ക്ഷേത്രത്തിന് ചുറ്റും ശയന പ്രദക്ഷിണം നടത്തുന്നു.
അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഉരുൾ നേർച്ചയിൽ പങ്കെടുക്കുന്നവർ ക്ഷേത്രത്തിന് ചുറ്റും ശയന പ്രദക്ഷിണം നടത്തുന്നു.

ഇന്ന് 4.30ന് നടക്കുന്ന അവാർഡ് അനുമോദന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. ദേവസ്വം വർക്കിങ് പ്രസിഡന്റ് മങ്ങാട് സുബിൻ നാരായൺ അധ്യക്ഷത വഹിക്കും. 7ന് നൃത്ത നൃത്യങ്ങൾ, 11ന് നൃത്ത നാടകം. നാളെ 9ന് ചേരുന്ന സാംസ്കാരിക സമ്മേളനം എം.മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജി.ഗിരീഷ് കുമാർ അധ്യക്ഷത വഹിക്കും. 11ന് സർഗ സങ്കീർത്തനം, 2ന് കാവ്യാർച്ചന. ഉത്സവത്തിന്റെ ഭാഗമായി കൊല്ലം, കരുനാഗപ്പള്ളി ഡിപ്പോകളിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകളും ജല ഗതാഗത വകുപ്പിന്റെ ബോട്ടുകളും സ്പെഷൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഉത്സവത്തിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ചാലുംമൂട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസിനെയും സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ്, അഗ്നി രക്ഷാ സേനകളുടെയും സേവനവും ലഭ്യമാണ്. 

പാർക്കിങ്ങിന് ക്രമീകരണം

അഷ്ടമുടിയിൽ ഉരുൾ നേർച്ചയ്ക്ക് എത്തുന്നവരുടെ വാഹനങ്ങൾ പാർക്കിങ്ങിനായി കണ്ടെത്തിയിട്ടുള്ള സ്ഥലത്ത് മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളു. ക്ഷേത്ര പരിസരത്ത് റോഡു വശം അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്താൽ നിയമ നടപടി സ്വീകരിക്കുമെന്ന്  പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ നിരീക്ഷണ ക്യാമറകളും പൊലീസ് സ്ഥാപിച്ചിട്ടുണ്ട്.

കമ്പിളി നാരങ്ങയുടെ ഉത്സവകാലം 

കമ്പിളി നാരങ്ങയില്ലാതെ ഉരുൾ നേർച്ച ഉത്സവം ഇല്ല. അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഉരുൾ നേർച്ച ഉത്സവത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് കമ്പിളി നാരങ്ങ വിൽപന. ലോഡ് കണക്കിന് കമ്പിളി നാരങ്ങയാണ് ക്ഷേത്ര പരിസരത്ത് എത്തിച്ചിട്ടുള്ളത്. ഉത്സവത്തിന്റെ ഭാഗമായി കാർഷിക വ്യാപാര മേളയ്ക്കും ഇന്നലെ തുടക്കമായി. എല്ലാ കാർഷിക ഉപകരണങ്ങളും വീടുകളിലെ ഉപയോഗത്തിന് ആവശ്യമായ സാധനങ്ങളും കാർഷിക വിപണന മേളയിൽ എത്തിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com