ADVERTISEMENT

ഓളത്തിൽ;  താളത്തിൽ

കൊല്ലം∙ ആവേശത്തിര തുഴഞ്ഞു കയറുന്ന കല്ലട ജലോത്സവത്തിന് 3 വർഷത്തിനു ശേഷം വള്ളങ്ങൾ ഓളപ്പരപ്പ് തൊടാനൊരുങ്ങുമ്പോൾ കണ്ണിമ ചിമ്മാതെ ആർപ്പുവിളിക്ക് വട്ടം കൂട്ടുകയാണ് കല്ലടയാറിന്റെ തീരം. ആവേശത്തിനൊടുവിൽ മൂന്ന് കരക്കാരിൽ ആര് ജയിക്കുമെന്ന് കാത്തിരുന്നു കാണണം. 

വള്ളങ്ങൾ 16

കല്ലട ജലോത്സവത്തിന് 16 വള്ളങ്ങളാണ് ഇക്കുറി നീറ്റിലിറങ്ങുക. 4 തെക്കൻ ഓടി വള്ളങ്ങൾ, 4 വെപ്പ്, 4 ഫൈബർ ചുണ്ടൻ, 2 ചുരുളൻ, 2 ഇരുട്ടുകുത്തി ബി എന്നിങ്ങനെയാണ് റജിസ്റ്റർ ചെയ്ത വള്ളങ്ങളുടെ എണ്ണം. മറ്റ് ജില്ലകളിൽ നിന്ന് എത്തിയ വള്ളങ്ങളും കൂട്ടത്തിലുണ്ട്. തെക്കൻ ഓടി വള്ളത്തിലും ഫൈബർ ചുണ്ടനിലും 25 തുഴച്ചിൽക്കാർ വീതമാണ് ഉണ്ടാവുക. വെപ്പ് വള്ളത്തിൽ 30 ആളുകൾ വരെ ആകാം. ചുരുളൻ വള്ളത്തിൽ 15 പേരും ഇരുട്ടുകുത്തി ബി വള്ളത്തിൽ 20 പേരും തുഴച്ചിൽകാരായി ഉണ്ടാവും.

നെഹ്റുട്രോഫിയേക്കാൾ 100 മീറ്റർ കൂടുതൽ

മുതിര പറമ്പ് മുതൽ കാരൂത്ര കടവ് വരെയാണ് കല്ലട ജലോത്സവത്തിന്റെ ട്രാക്ക്. മൊത്തം 1350 മീറ്റർ. നെഹ്റു ട്രോഫി വള്ളംകളിക്ക് 1250 മീറ്ററാണ് ട്രാക്കിന്റെ ദൂരം. ഉച്ചയ്ക്ക് 2 ന് കാരൂത്ര കടവിലെ മാസ് ഡ്രില്ലിന് ശേഷം ഘോഷയാത്രയായി സ്റ്റാർട്ടിങ് പോയിന്റ് ആയ മുതിരപ്പറമ്പിലേക്ക് വള്ളങ്ങൾ. 3 മണിയോടെ മത്സരങ്ങൾ ആരംഭിക്കും. ഘോഷയാത്രയിൽ നന്നായി അണിഞ്ഞൊരുങ്ങുന്ന ശിക്കാരി ബോട്ടിനും പ്രത്യേക അവാർഡുണ്ട്.പടിഞ്ഞാറേ കല്ലട, കിഴക്കേ കല്ലട, മൺറോത്തുരുത്ത് എന്ന മൂന്ന് കരകൾ തമ്മിലാണ് കല്ലട ജലോത്സവത്തിൽ മത്സരം. ജനകീയ സൗഹൃദ മത്സരം നടക്കുന്ന ഇത്തവണ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ട്രോഫി ഉണ്ടാവും.

ആദ്യ സമ്മാനം വാഴക്കുല

ഇരുപത്തെട്ടാം ഓണത്തിന് കണ്ണങ്കാട് വീരഭദ്ര ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന ചടങ്ങുകൾക്കൊപ്പമായിരുന്നു ജലോത്സവത്തിന്റെ തുടക്കം. ആദ്യകാലത്ത് വാഴക്കുലയായിരുന്നു ഒന്നാമതെത്തുന്ന ടീമിന് സമ്മാനമെന്ന് നാട്ടുകാർ ഓർക്കുന്നു. പിന്നീടാണ് അത് കല്ലട ജലോത്സവമായി വളരുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാമെത്തുന്ന നാടിന്റെ ആഘോഷമായി ജലോത്സവം മാറി.സിബിഎൽ (ചാംപ്യൻസ് ബോട്ട് ലീഗ്) മത്സരം വന്നതോടെയാണ് കല്ലട ജലോത്സവം 3 വർഷം മുൻപ് നിർത്തിവച്ചത്.

കഴിഞ്ഞ 2 വർഷങ്ങൾ കോവിഡ് കാരണം മത്സരം നടന്നതുമില്ല. ഇക്കുറി സിബിഎൽ മത്സരം ഉണ്ടെങ്കിലും അത് അടുത്ത മാസമാണ് നടക്കുക. ഇരുപത്തെട്ടാം ഓണത്തിന് തന്നെ കല്ലട ജലോത്സവം നടക്കണമെന്ന നാട്ടുകാരുടെ ആഗ്രഹമാണ് മൂന്ന് വർഷത്തിനു ശേഷം ജനകീയ വള്ളംകളിക്ക് വഴിയൊരുക്കിയത്. കോവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞ ശേഷം ഇരുപത്തെട്ടാം ഓണവും ജലോത്സവവും തിരികെപ്പിടിക്കുന്നതിന്റെ ആവേശത്തിലാണ് മൺറോത്തുരുത്ത്.

കടുത്ത പരിശീലനം

കല്ലട ജലോത്സവത്തിന് തീയതി പ്രഖ്യാപിച്ചതോടെ മൺറോത്തുരുത്ത് പുലർച്ചെ തന്നെ ഉണരും. ദിവസം തുടങ്ങുന്നതും തീരുന്നതും മത്സരത്തിൽ ഒന്നാമത് എത്താനുള്ള പരിശീലനത്തിലാണ്. 18 വയസ്സിന് മുകളിൽ പ്രായമുള്ള നല്ല ആരോഗ്യമുള്ളവരെയാണ് ടീമുകൾ തുഴച്ചിൽകാരായി ഉൾപ്പെടുത്തിയിരിക്കുന്നത്.പുലർച്ചെ 5 മുതൽ ടീമുകളുടെ പരിശീലനം ആരംഭിക്കും. രാവിലെ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വ്യായാമം നിർബന്ധം.

5 കിലോമീറ്റർ വരെ ഓടുന്ന ടീമുകളുമുണ്ട്. വ്യായാമത്തിനു ശേഷമാണ് തുഴച്ചിൽ ആരംഭിക്കുന്നത്. കൈ വഴങ്ങാൻ രാവിലെ 4 കിലോമീറ്റർ വരെ തുഴയും. ഭക്ഷണത്തിൽ മുട്ടയും പാലും ഏത്തപ്പഴവും നിർബന്ധം.പകൽ കൂടിയിരുന്ന് ടീം ജയിക്കാനുള്ള തന്ത്രങ്ങൾ മെനയും. വിശ്രമത്തിനു ശേഷം വൈകുന്നേരമാണ് വീണ്ടും പരിശീലനം. തുഴഞ്ഞു ജയിക്കേണ്ട ട്രാക്കിന്റെ ദൂരം 3 തവണയെങ്കിലും തുഴയും. ടീമിന്റെ ആവേശമുയർത്താൻ പാട്ടു പാടിയാണ് തുഴച്ചിൽ പുരോഗമിക്കുക. മൂന്ന് കരയിലെയും സാധാരണക്കാരായ ആളുകളാണ് ടീമിലുള്ളത്. പരിശീലനം കഴിഞ്ഞെത്തുമ്പോൾ നാട്ടുകാരോ ക്ലബ് അംഗങ്ങളോ ഒരുക്കുന്ന ഭക്ഷണം റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com