ADVERTISEMENT

മയ്യനാട്∙ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽവഴുതി  വീണ യുവതിക്ക് രക്ഷകനായത് കോളജ് വിദ്യാർഥി. മധുര സ്വദേശി മലേഷ് കണ്ണയുടെ  ഭാര്യ മയ്യനാട് പാലവിള വീട്ടിൽ സുരഭിക്കാണ്(35) പ്ലാറ്റ്ഫോമിൽ വീണു ഗുരുതര പരുക്കേറ്റത്. ഇന്നലെ രാവിലെ 9ന് മയ്യനാട് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ മധുര–കൊല്ലം എക്സ്പ്രസ് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അപകടം.

യുവതിയെ ആശുപത്രിയിലെത്തിക്കാനും കൂടെനിന്ന രക്ഷകനായ യുവാവിനെ പിന്നീട് തിരക്കിയെങ്കിലും കണ്ടെത്താനായില്ല.  മയ്യനാട്ടെ കുടുംബ വീട്ടിലേക്ക് എത്തിയതായിരുന്നു സുരഭിയും അഞ്ചാം ക്ലാസുകാരനായ മകൻ റിഥിക്കും.  ഒരു മിനിറ്റ്  മാത്രം  സ്റ്റോപ്പുള്ള  മയ്യനാട് സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ ട്രെയിൻ വിട്ടു. ബാഗുമായി മുഖമടിച്ചു വീണ സുരഭിയുടെ കാൽ പ്ലാറ്റ്ഫോമിനും ബോഗിക്കും ഇടയിലായിരുന്നു.  

ഇതു കണ്ട് തൊട്ടടുത്തു നിന്ന കോളജ് വിദ്യാർഥിയായ യുവാവ് സുരഭിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചെടുത്തു.യുവാവിന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നുവെന്നു ദൃക്സാക്ഷികളായ മയ്യനാട് കെഎസ്ഇബി സെക്‌ഷൻ ഒ‍ാഫിസിലെ അസിസ്റ്റന്റ് എൻജിനീയർ പരവൂർ സ്വദേശി മിതയും നെയ്യാറ്റിൻകര സ്വദേശിയും  കൊട്ടിയം എസ്ബിഐയിലെ സുരക്ഷാ ജീവനക്കാരനുമായ സഞ്ജിത്തും പറഞ്ഞു. ഇവരും ഈ ട്രെയിനിലെ യാത്രക്കാരായിരുന്നു. പരുക്കേറ്റ സുരഭിയെ മിതയും സഞ്ജിത്തും വിദ്യാർഥിയും ചേർന്നാണ് ആദ്യം മയ്യനാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിലേക്കും കൊണ്ടു പോയത്. മുഖത്തും തലയ്ക്കും കാലിനും പരുക്കേറ്റ സുരഭി തീവ്ര പരിചരണ വിഭാഗത്തിലാണ്.    

അമ്മ  വീഴുന്നത് കണ്ട് ട്രെയിനിനുള്ളിൽ നിന്ന  മകൻ റിഥിക് പുറത്തേക്ക് ചാടാതിരിക്കാൻ മറ്റു യാത്രക്കാർ തടയുകയായിരുന്നു. റിഥിക് പിതാവ് മലേഷ് കണ്ണയുടെ മൊബൈൽ ഫോൺ നമ്പർ ടിടിഇക്ക് നൽകി. ഇതു പ്രകാരം കൊല്ലം റെയിൽവേ പൊലീസ് മലേഷിനെ വിളിച്ചു. തുടർന്ന് സുരഭിയുടെ കടപ്പാക്കടയിലുള്ള അമ്മാവനെ വിവരം അറിയിക്കുകയും അദ്ദേഹം റെയിൽവേ സ്റ്റേഷനിലെത്തി കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com