ADVERTISEMENT

ശാസ്താംകോട്ട ∙ പോക്സോ കേസിൽ വിചാരണ തുടങ്ങാനിരിക്കെ അതിജീവിതയുടെ മാതാപിതാക്കളെ ക്രൂരമായി വെട്ടി പരുക്കേൽപിച്ച ശേഷം ഒളിവിലായിരുന്ന പ്രതി  പിടിയിലായി. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി വാഴപ്പള്ളി വടക്കേതിൽ ദിലീപിനെ (26)യാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ദിലീപ് മാതാവിനെ കാണാൻ ശൂരനാട് എത്തിയപ്പോഴാണ് പിടിയിലായത് .

ഓഗസ്റ്റ് രണ്ടിനു രാത്രി 8നാണ് ബൈക്കിൽ വാളുമായി അതിജീവതയുടെ വീട്ടിലെത്തിയ പ്രതി വൈദ്യുതി മുടക്കിയ ശേഷം മാതാപിതാക്കളെ ആക്രമിച്ചത്. 

പിറ്റേദിവസം ദിലീപ് പ്രതിയായ പോക്സോ കേസിന്റെ വിചാരണ നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിജീവിതയ്ക്കൊപ്പം പിതാവിനും മാതാവിനും കോടതിയിൽ എത്തണമായിരുന്നു. വിചാരണ വേളയിൽ തനിക്കെതിരെ മൊഴി പറഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്നു മനസ്സിലാക്കിയ പ്രതി സാക്ഷികൾ കോടതിയിൽ എത്താതിരിക്കുന്നതിനു വേണ്ടിയും അതുവഴി വിചാരണ അട്ടിമറിക്കാനും ലക്ഷ്യമിട്ടാണ് അക്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു. പ്രതിയും മാതാവും തമ്മിലുള്ള അടുപ്പം മനസ്സിലാക്കിയ പൊലീസ് മാതാവിനെ നിരീക്ഷിക്കുയായിരുന്നു. 

വീട്ടിലെ പ്ലാവ് വിറ്റത് മകനെ സഹായിക്കാനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, പ്രതി പണം വാങ്ങാൻ എത്തിയപ്പോൾ പിടികൂടുകയായിരുന്നു. വേഗത്തിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി എസ്. ഷെരീഫ് പറഞ്ഞു. ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോൺ, എസ്ഐ രാജൻ ബാബു, എഎസ്ഐമാരായ ഹർഷാദ്, നൗഷാദ്, ഹരി സിപിഒമാരായ ശ്രീകുമാർ, സന്ദീപ് , മനു എന്നിവർ ഉൾപ്പെട്ട ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നാട്ടിലെത്തിയ പ്രതി ശ്രമിച്ചത്  മറ്റൊരു കൊലപാതകത്തിന്

ശൂരനാട് ∙ മാതാവിൽ നിന്നു പണം വാങ്ങി ഒളിവിൽ പോകാൻ ശ്രമിച്ച പ്രതി മറ്റൊരു കൊലപാതകത്തിനു പദ്ധതിയിട്ടതായി പൊലീസ്. അതിജീവിതയുടെ പിതാവിന്റെ സഹോദരി ശൂരനാട് കെസിടി ജംക്‌ഷനിൽ നടത്തുന്ന ലോട്ടറി കടയുടെ തട്ടിൽ വൈദ്യുതി ബന്ധം സൃഷ്ടിച്ച് ഷോക്കേൽപ്പിക്കാനായിരുന്നു ശ്രമം. അടുത്ത വീട്ടിലെ കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടറിൽ നിന്നു കവർന്ന കേബിൾ ഉപയോഗിച്ചാണ് പ്രതി വൈദ്യുതി ലൈനിൽ നിന്നു കടയുടെ ഇരുമ്പ് തട്ടിലേക്ക് കണക്‌ഷൻ കൊടുത്തത്.

വൈദ്യുതി മോഷണമെന്നു കരുതിയ പൊലീസ്, കെഎസ്ഇബിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇലക്ട്രിസിറ്റി ആക്ടിലെയും പൊലീസ് ആക്ടിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് എടുത്തിരുന്നു. എന്നാൽ അന്വേഷണത്തിൽ കൊലപാതക ശ്രമമാണെന്നു കണ്ടെത്തി. തുടർന്ന് പ്രതി ദിലീപിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത വേളയിൽ ആണു ലോട്ടറി കട നടത്തുന്ന അതിജീവിതയുടെ സഹോദരനെയോ അച്ഛന്റെ സഹോദരിയെയോ ആണു പ്രതി ലക്ഷ്യമിട്ടതെന്നു വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് എടുത്ത കേസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് അന്വേഷിക്കുമെന്ന് ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോൺ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com