കൊല്ലം ∙ സൂപ്രണ്ടിങ് എൻജിനീയറുടെ വ്യാജ ഒപ്പും സീലും ഇട്ട് കൊല്ലം കോർപറേഷനിൽ വൻ സാമ്പത്തിക തട്ടിപ്പ്. കോടിക്കണക്കിനു രൂപയുടെ കരാർ എടുത്തയാൾ കെട്ടിവച്ച സെക്യൂരിറ്റി ഡിപ്പോസിറ്റാണ് കാലാവധി തീരും മുൻപ് മുൻപ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത്. ഒരു കരാറുകാരന്റെ തന്നെ 5 ഫയലുകളിൽ അഴിമതി നടന്നിട്ടുള്ളതായി തെളിഞ്ഞു. കൂടുതൽ അഴിമതി നടന്നിട്ടുള്ളതായി സംശയമുണ്ടായതിനാൽ മുൻ വർഷങ്ങളിലെ ഫയലുകൾ പരിശോധിക്കാൻ ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നാണ് വീഴ്ച സംഭവിച്ചിരിക്കുന്നതെന്ന് തെളിഞ്ഞു.
അമൃത്, എൻജിനീയർ, അക്കൗണ്ട് സെക്‌ഷനുകളിലായി പതിനേഴോളം ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്ന് ആരോപിക്കുന്നു. വ്യാജ ഒപ്പിട്ട് തട്ടിപ്പു നടത്തിയതായി കാട്ടി കോർപറേഷൻ സെക്രട്ടറി ഈസ്റ്റ് പൊലീസിൽ പരാതി നൽകി.അമൃത് പദ്ധതിയിലുള്ള മരാമത്ത് പണികൾ ഏറ്റെടുത്ത കരാറുകാരൻ കെട്ടിവച്ച പണമാണ് നഷ്ടമായത്. കെട്ടിവച്ച പണം കരാർ പ്രകാരം പണി പൂർത്തിയാക്കി പരിശോധനകൾ നടത്തി നിശ്ചിത സമയത്തിനു ശേഷമാണ് തിരികെ നൽകുന്നത്. അതിനു മുൻപ് തന്നെ അക്കൗണ്ട് വിഭാഗം ചെക്ക് നൽകി. അതിനു ശേഷം അക്കൗണ്ട് വിഭാഗത്തിൽ നിന്ന് ട്രഷറിയിലേക്ക് നൽകിയ വ്യാജ ഒപ്പും സീലും പതിച്ച റിലീസിങ് ഓർഡർ കണ്ട് സംശയം തോന്നി സൂപ്രണ്ടിങ് ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്നു നടത്തിയ പരിശോധനയിലാണ് വ്യാജ ഒപ്പിട്ട വിവരം അറിയുന്നത്. സൂപ്രണ്ടിങ് ഓഫിസറും കോർപറേഷൻ സെക്രട്ടറിയും നടത്തിയ പരിശോധനയിൽ അക്കൗണ്ട് വിഭാഗത്തിൽ നിന്ന് ചെക്ക് കരാറുകാരൻ കൈപ്പറ്റിയതായി രേഖ കണ്ടെടുത്തു. എന്നാൽ അക്കൗണ്ട് വിഭാഗത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനാലാണ് വന്ന് ചെക്ക് കൈപ്പറ്റിയതെന്ന് കരാറുകാരൻ അറിയിച്ചു. രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി നിയോഗിച്ചു. ഇവർ കോർപറേഷനിൽ നേരിട്ടെത്തി അന്വേഷിച്ചു. അക്കൗണ്ട് വിഭാഗത്തിൽ മുൻപ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്യും.
വ്യാജ ഒപ്പിട്ടവരെ കണ്ടെത്തി നടപടി എടുക്കും : മേയർ
കൊല്ലം ∙ വ്യാജ ഒപ്പിട്ട് പണം തട്ടിയവരെ കണ്ടെത്തി അവർക്കെതിരെ നടപടി എടുക്കുമെന്ന് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്. വ്യാജ ഒപ്പാണെന്ന് സംശയം തോന്നിയെന്ന് കാട്ടി ട്രഷറിയിൽ നിന്ന് കത്ത് ലഭിച്ചിരുന്നു. അപ്പോൾ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടു. ചെക്ക് കൈമാറിയെങ്കിലും പണം പിൻവലിക്കാൻ സാധിച്ചിട്ടില്ല. പക്ഷേ മുൻ വർഷങ്ങളിലെ പണം കരാറുകാരൻ കൈപ്പറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വന്ന വീഴ്ചയാണെന്നു തെളിഞ്ഞാൽ നടപടി എടുക്കുമെന്നും മേയർ പറഞ്ഞു.
വ്യാജ ഒപ്പിട്ടത് ആരെന്ന് കണ്ടെത്തണം. അതിനാണ് പൊലീസിൽ പരാതി നൽകിയത്. കണ്ടെത്തിയാൽ ഉടൻ നടപടി എടുക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടാവാം. പി.കെ.സജീവ് സെക്രട്ടറി, കൊല്ലം കോർപറേഷൻ
കോർപറേഷൻ അഴിമതി വാഴുന്ന ഇടമായി മാറുകയാണ്. ഉദ്യോഗസ്ഥയുടെ ഒപ്പിട്ട് രേഖകൾ കൈമാറിയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. ഉത്തരവാദിത്തം ഭരണപക്ഷം ഏറ്റെടുത്ത് അന്വേഷിക്കണം. പ്രതിഷേധങ്ങൾ ശക്തമാക്കും.പി.ജി.ഗിരീഷ് കൗൺസിലർ, ബിജെപി