ADVERTISEMENT

പുത്തൂർ ∙ വായ്പ കുടിശികയുടെ പേരിലുള്ള മാനസിക പീഡനം മൂലം ഭർത്താവ് ആത്മഹത്യ ചെയ്തെന്നും കാരണക്കാരായ ബാങ്ക് അധികൃതർക്ക് എതിരെ അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു ഭാര്യ പൊലീസിൽ പരാതി നൽകി. പവിത്രേശ്വരം പഞ്ചായത്തിലെ കിഴക്കേ മാറനാട് കളീലിൽ വീട്ടിൽ ജയമോന്റെ (54) മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ ബീന എഴുകോൺ പൊലീസിൽ പരാതി നൽകിയത്.

കൂലിത്തൊഴിലാളി ആയിരുന്ന ജയമോൻ 2020ൽ കൊട്ടാരക്കര സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പക്ഷേ കോവിഡ് കാലത്ത് ജോലിയില്ലാതെ വന്നതിനാൽ വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചില്ല. ഒരു മകളുടെ വിവാഹവും മറ്റു രണ്ടു മക്കളുടെ വിദ്യാഭ്യാസച്ചെലവും കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ജയമോൻ എന്നു കുടുംബാംഗങ്ങൾ പറയുന്നു. 2021ൽ ബാങ്ക് ജപ്തി നടപടികളുടെ നോട്ടിസ് അയച്ചു. പിന്നീട് ഉദ്യോഗസ്ഥർ ഫോണിലൂടെ പലവട്ടം വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നുണ്ട്. വീട്ടിലാരും ഇല്ലാതിരുന്ന ദിവസം ബാങ്ക് ജീവനക്കാരെത്തി വാതിൽ തള്ളിത്തുറന്നു ജപ്തി നടപടിയുടെ പരസ്യം പ്രസിദ്ധീകരിച്ച പത്രത്തിന്റെ പകർപ്പ് വീട്ടിലിട്ടു മടങ്ങുകയും ചെയ്തത്രെ. ഇതിനു ശേഷം ജയമോൻ തിരിച്ചടവിനു സാവകാശം ചോദിച്ചു ബാങ്ക് മാനേജർക്ക്  കത്തെഴുതി.

സമയം അനുവദിച്ചില്ലെങ്കിൽ ആത്മഹത്യ അല്ലാതെ മറ്റ് മാർഗമില്ലെന്നു കത്തിൽ സൂചിപ്പിച്ചിരുന്നതായും ഭാര്യയും മക്കളും പറയുന്നു. എന്നിട്ടും അനുകൂല നടപടി ഉണ്ടായില്ല. ഇതിൽ മനം നൊന്തു കഴിയുകയായിരുന്ന ജയമോനെ തിങ്കളാഴ്ച വീടിനു സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജയമോന്റെ മക്കൾ: ജീന, ജിൻസി, ജെനിൽ. മരുമകൻ: പ്രമോദ് മത്തായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com