ADVERTISEMENT

കൊല്ലം∙ കറകളഞ്ഞ ഇടതുപക്ഷക്കാരനായ ടി.ജെ.ചന്ദ്രചൂഡന്റെ പേരിനു മുന്നിൽ സഖാവ് എന്നായിരുന്നില്ല; പ്രഫസർ എന്നാണ് അലങ്കാരം. ശാസ്താംകോട്ട ദേവസ്വം ബോർ‍ഡ് കോളജിലെ പ്രഫസർ ആയിരുന്ന അദ്ദേഹം പിന്നെ ഇടതുപക്ഷത്തിന്റെ ആകെ പ്രഫസർ ആയി മാറി. സഖാക്കൾ സർ എന്നു വിളിക്കുന്ന ചന്ദ്രചൂഡനെ പ്രഫസർ ആക്കിയതു കൊല്ലമാണ്. അതാണു കൊല്ലവും ചന്ദ്രചൂഡനും തമ്മിലുള്ള വലിയ ബന്ധം. 

പഠിത്തത്തിൽ കേമനായ ചന്ദ്രചൂഡൻ  റാങ്കിന്റെ പകിട്ടുമായാണ്  ശാസ്താംകോട്ടയിൽ പഠിപ്പിക്കാനെത്തിയത്. പൊളിറ്റിക്കൽ സയൻസ് ആയിരുന്നു വിഷയം. മനസ്സിൽ ചുവപ്പുരാശി വേരൂന്നിയ ചന്ദ്രചൂഡൻ, ക്ലാസ് മുറികളിൽ തിയറികൾ പഠിപ്പിക്കുമ്പോൾ അതിനു ജീവിതത്തിന്റെ തുടിപ്പ് അനുഭവപ്പെടുമായിരുന്നു. കെ.ബാലകൃഷ്ണന്റെ ‘കൗമുദി’യി‍ൽ സഹപത്രാധിപരായിരുന്ന  അനുഭവവും ആയാണ് 1969ൽ കോളജ് അധ്യാപകനായി  എത്തിയത്. പഠിപ്പിച്ചു പഠിപ്പിച്ചു ചന്ദ്രചൂഡൻ പ്രഫസർ ആയി ഉയർന്നു. 

കോളജിൽ ജോലിക്കു കയറുന്നതിനു മുൻപു യുവജന വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.  അക്കാലത്ത്  പ്രോഗ്രസീവ് യൂത്ത് ഫെഡറേഷൻ (പിവൈഎഫ്) ആയിരുന്നു ആർഎസ്പിയുടെ കേരളത്തിലെ യുവജനവിഭാഗം. പിന്നീടാണ് ആർവൈഎഫ് ആയി ദേശീയതലത്തിൽ മാറിയത്. ടി.കെ.ദിവാകരൻ, എൻ.ശ്രീകണ്ഠൻ നായർ, ബേബിജോൺ, ആർ.എസ്.ഉണ്ണി, കെ.പങ്കജാക്ഷൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായി ഊഷ്മള ബന്ധം ആയിരുന്നു. ടി.കെ.ദിവാകരനോട് ആയിരുന്നു ഏറെ അടുപ്പം.  തിരുവനന്തപുരം പേട്ടയിൽ കെ.പങ്കജാക്ഷനും കെ.എ ചുമ്മാറും ഒക്കെ ഉൾപ്പെടുന്ന കൂട്ടായ്മയിൽ ശനിയും ഞായറും ചന്ദ്രചൂഡനും സജീവമായിരുന്നു.

മറ്റു ദിനങ്ങളിൽ ചന്ദ്രചൂഡൻ ശാസ്താംകോട്ടയിൽ ആയിരിക്കും. .കോളജ് അധ്യാപകനായി ജോലി നോക്കുമ്പോൾ ആർഎസ്പിയുടെ സജീവ പ്രവർത്തകനുമായി മാറി. ടി.കെ.ദിവാകരന്റെ മരണത്തെത്തുടർന്നു കെ.പങ്കജാക്ഷൻ മന്ത്രിയായപ്പോൾ കോളജിൽ നിന്ന് അവധിയെടുത്തു പ്രൈവറ്റ് സെക്രട്ടറിയായി. പിന്നീട് ജോലി രാജി വച്ചു മുഴുവൻ സമയ രാഷ്ട്രീയത്തിൽ ഇറങ്ങിയ അദ്ദേഹം ദേശീയ ജനറൽ സെക്രട്ടറി നിലയിലേക്ക് ഉയർന്നു. യുപിഎ സർക്കാരിന്റെ കാലത്തു പാർട്ടിയെ പ്രതിനിധീകരിച്ചിരുന്ന അദ്ദേഹം ഇടതുപക്ഷത്തിന്റെ ശക്തമായ വാദമുഖമായിരുന്നു. 

കൊല്ലത്തേക്കു വരാൻ ചന്ദ്രചൂഡന് വലിയ ഇഷ്ടമായിരുന്നു. ചെറിയ പരിപാടികൾക്കു പോലും ഒരു മടിയും ഇല്ലാതെ എത്തും. അധ്യാപകന്റെ മികവോടെ കാര്യങ്ങൾ അവതരിപ്പിക്കും. ടി.കെ.ദിവാകരൻ അനുസ്മരണ സമ്മേളനവും ബേബിജോണിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി നടന്ന സമ്മേളനത്തിലും ഏതാനും വർഷം മുൻപ് ഉദ്ഘാടകനായി ചന്ദ്രചൂഡൻ എത്തിയിരുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന ജില്ലാ സമ്മേളനത്തിലും ചന്ദ്രചൂഡൻ  എത്തിയിരുന്നു.  കോവിഡ് വ്യാപനത്തോടെയാണു കൊല്ലത്തേക്കുള്ള വരവു കുറ‍ഞ്ഞത്. ജനിച്ചു വളർന്ന തിരുവനന്തപുരം പോലെ തന്നെ പ്രഫസർ ആക്കിയ കൊല്ലത്തെയും ഏറെ സ്നേഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com